കവിതകൾ - അമീന ബഷീർ
***********
1.
ഒരു മരം 'മരിക്കുമ്പോൾ'..!
*********
വേരുകളടർത്തി
മാറ്റപ്പെടുമ്പോൾ
അന്യമാവുന്ന
ചില ഉറവകളുണ്ട്..
വേനലും വർഷവും
ഒരേ താളത്തി
ലൊന്നായ് മാറി -
താങ്ങി നിർത്തിയ
ചില തെളിനീരുകൾ!
അടുത്ത പെയ്ത്തിനു
തടയണ പണിയാൻ
നീയില്ലെങ്കിൽ ഞാൻ
പിന്നെയെന്തിനെന്നു
നെടുവീർപ്പിടുന്ന
സഹയാത്രികർ!
അടുത്ത വേനലിൽ
നമ്മളില്ലായ്മയിൽ
ഉണങ്ങി വരളും
കിണറോ അരുവിയോ
നാമോർമ്മകളിൽ
നെടുവീർപ്പിടുന്നുണ്ടാവാം.
നാമിടങ്ങളിൽ
സഹവർത്തിത്വമല്ലാതെ
വേറെന്താണ് പ്രകൃതി നമ്മെ
പഠിപ്പിക്കുന്നത്?!
ഇതിനൊക്കെയിടയിൽ
കുഞ്ഞിനെ തായ്മരം കടപ്പുഴകിയെറിയുമെന്നോർത്ത്
അമ്മക്കിളിയും,
ഒന്നുമറിയായ്കിലും
അരുതായ്മയുടെ
ഹൃദയമിടിപ്പുകളിൽ
കുഞ്ഞിക്കിളികളും,
നിർത്താതെ ചിലമ്പി..
ചീവീടുകൾ പുതിയ
മരം തേടിയും
അണ്ണാറക്കണ്ണന്മാർ
ദൂരങ്ങളെ തേടിയും
അതിജീവനത്തിൻ
തോണികൾ തുഴഞ്ഞു!
പ്രകൃതിയപ്പൊഴും നിശബ്ദയായ്
കണ്ണുനീർ പൊഴിച്ചു..
2.
കണ്ടൽ വനങ്ങളുടെ നിഗൂഢതീരങ്ങൾ
***********
പുരുഷന്റെ വിരസതയുടെ
ചതുപ്പു നിലങ്ങളിൽ
വേരൂന്നി വളരുന്ന
കണ്ടൽ വനങ്ങളാണ്
ഓരോ സ്ത്രീയും..
സ്വന്തമായ ആവാസവ്യവസ്ഥയുടെ
നീർക്കുമിളകൾ തീർത്ത
ഉപരിപ്ലവമായ ശീർഷകത്തിൽ
സമൃദ്ധിയുടെ പുറംമേനി
നടിക്കുന്ന
കൊടുംകാടുകൾ!
പുരുഷന്റെ വിരസതയുടെ
മണ്ണിനെ വേരുകളിലേക്കാവാഹിച്ച് -
ഭാരങ്ങൾ പേറുന്ന
പെൺകിടാവിനുമുണ്ടാവും
ആകാശത്തിന്റെ നിശ്വാസ -
ബാഷ്പങ്ങൾക്കിടയിൽ
ഒരിടം!
അല്ലെങ്കിലാകാശം നിങ്ങളുടേതാണ്
നിങ്ങളുടേതും കൂടിയാണ്
എന്നോർമ്മപ്പെടുത്തുന്നുണ്ടാവാമവളെ
ഓരോ വർഷ കണികകളും,
മലവെള്ളപ്പാച്ചിലും!
ഒരേ കാട്, ഒരേ ആഴപ്പരപ്പ്,
ഒരേ മുകുര ദലങ്ങൾ, ഒരേ
ചോദ്യനിശ്വാസങ്ങൾ..
വിരസതയുടെ ചതുപ്പു നിലങ്ങളതാ
വീണ്ടും കണ്ടൽ വനങ്ങളെ
ഒരുക്കുകയായി!
******
അമീന ബഷീർ:
കോഴിക്കോട് ജില്ലയിൽ ശ്രീ വി. പി മുഹമ്മദ് ബഷീറിന്റെയും ശ്രീമതി ഹലീമ ബഷീറിന്റെയും മകളായി ജനനം. ചെറുപ്പം മുതലേ വായനയോടും എഴുത്തിനോടും താല്പര്യം. സ്കൂളിൽ പഠിക്കുന്ന കാലത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയിൽ സജീവ അംഗമായിരുന്നു. ഏഴാം ക്ലാസ് മുതൽ കവിതകളും കഥകളും ഉപന്യാസങ്ങളും എഴുതിത്തുടങ്ങി. സ്കൂൾ തലത്തിൽ തുടങ്ങി ജില്ലാ തലം വരെയുള്ള മത്സരങ്ങൾക്കു പങ്കെടുത്തു സമ്മാനങ്ങൾ കരസ്ഥമാക്കി.
വിവാഹ ശേഷം സൗദിയിൽ കുടുംബവുമൊത്തു താമസമാക്കിയതു മുതൽ ഫേസ്ബുക്കിൽ കവിതകൾ കുറിച്ചു തുടങ്ങി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി കവിതകൾ അച്ചടിച്ചു വന്നു തുടങ്ങി. ചന്ദ്രിക, ആരാമം പോലെയുള്ള മുൻനിര വാർത്താ പത്രങ്ങളിലും മാഗസിനുകളിലും കവിതകൾ അച്ചടിച്ചു വന്നിട്ടുണ്ട്. 2021 ജൂലൈയിൽ 52 കവിതകൾ ഉൾക്കൊള്ളുന്ന നീഹാരം എന്ന ആദ്യത്തെ കവിതാ സമാഹാരം പുറത്തിറങ്ങി. മഴത്തുള്ളി പബ്ലിക്കേഷൻസ് ആയിരുന്നു പ്രസാധകർ. ശ്രീ രാജേഷ് ചാലോട് കവർ ഡിസൈൻ ചെയ്ത പുസ്തകം പ്രകാശനം ചെയ്തത് വയലാർ ശരത്ചന്ദ്രവർമ്മ ആയിരുന്നു. പുസ്തകത്തിന് വളർന്ന നാടായ ഈരാറ്റുപേട്ടയിൽ നിന്ന് ബഹുമതി ലഭിച്ചിരുന്നു. പുസ്തകം ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.
******