വനിതാദിനം

വനിതാദിനം

ഹത്രാസ് :

ലീല സോളമൻ

 

ഇരുട്ടിന്റെ മറവിൽ 

മരമുറങ്ങുന്ന വേളയിൽ  

ആരാരുമറിയാതെ അവർ 

വന്നെത്തിയത് ചില്ലകളുടെ 

പിടച്ചിലിലൂടെ കാടറിഞ്ഞു. 

 

കാട്ടുവഴികൾ തപ്പി നടക്കാതെ  

എത്ര കൃത്യമായി അവരെത്തി !!!

 

മൊബൈലുകളുടെ മിന്നാമിന്നും 

വെട്ടത്തു കുഴി കുഴിച്ചും 

മണ്ണുമാന്തിയും വിറകു കൊള്ളികൾ  

ഒന്നൊന്നായി അടുക്കിവച്ചും  

കരിയിലകൾ കൂട്ടിയും ചിതയൊരുക്കി.

 

ചിത!

കത്തിപ്പടരുന്ന തീയിൽ  

ബലാത്സംഗം ചെയ്യപ്പെട്ട

ജീവനില്ലാത്ത പെണ്ണുടൽ.

പിച്ചിച്ചീന്തിയ മൃതദേഹത്തിൽ 

നിന്നുയരുന്ന ചിലമ്പലുകൾ

ക്ഷതമേറ്റു തകർന്നടിഞ്ഞ 

നട്ടെല്ലിൻതുണ്ടുകളുടേതു മാത്രമോ? 

 

ചിത!

അവളുടെ പിഴുതെറിയപ്പെട്ട

നാക്കു തിരയുന്ന അഗ്നിനാളങ്ങൾ, 

അവൾക്കായി കത്തുന്ന നാവുകൾ!

 

അവൾ വെറും ചാരമായി 

പഴുതുകളെല്ലാം മുൻകൂട്ടി 

കത്തിയെരിഞ്ഞു, 

തെളിവുകൾ ഇല്ലാതായി,

ഒന്നും മനഃപൂർവമായിരുന്നില്ല , 

പതിയിരുന്നിരയെ പിടിച്ചതും 

തട്ടിക്കൊണ്ടുപോയതും   

കൂട്ട ബലാത്സംഗം ചെയ്തതും 

നാക്ക് പിഴുതതും 

എല്ലിന്കൂട് തകർത്തതും 

ഒന്നും 

മനഃപൂർവമായിരുന്നില്ല,

കൊല്ലാനായിരുന്നില്ല !!!!

Comments

(Not more than 100 words.)