സുനിത തോപ്പിലിൻ്റെ കവിതകളെക്കുറിച്ച്

സുനിത തോപ്പിലിൻ്റെ കവിതകളെക്കുറിച്ച്
ഡോ. കെ. കെ ശിവദാസ് 
***********

മകളുടെ മുടി ചീകി വിടർത്തുമ്പോൾ
സ്വന്തം മുടിയിഴകൾ തന്നെയാണ്
ഓരോ അമ്മയും ചീകി വിടർത്തുന്നത്
(മുടിമേഖല - സുനിത തോപ്പിൽ)
ദലിത് സ്ത്രീയുടെ അനുഭവലോകത്തെ കേവലമായി പ്രതിഫലിപ്പിക്കുകയല്ല ദലിത് പെൺകവിതകൾ ചെയ്യുന്നത്. ഒരേ സമയം വരേണ്യവും സവർണവുമായ ദേശീയവാദ വ്യവഹാരങ്ങളോട് കലഹിക്കുകയും ഇന്ത്യനവസ്ഥയിൽ ദലിത് സ്ത്രീകൾ നേരിടുന്ന ജാതീയവും പ്രാദേശികവും ഭാഷാപരവുമായ അടിച്ചമർത്തലുകളെ ചെറുക്കുകയുമാണ്. 

മുഖ്യധാരാ ഇന്ത്യൻ സ്ത്രീവാദത്തെയും അത് നിർമിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള വാർപ്പുമാതൃകകളെയും പൊളിച്ചുകളയുന്ന ദലിത് പെൺ കവിതകളെ ആ നിലയ്ക്ക് ദലിത് സ്ത്രീവാദത്തിൻ്റെ സാഹിത്യരൂപമായി ദർശിക്കാവുന്നതാണ്. ദലിത് രാഷ്ട്രീയത്തോട് ഐക്യപ്പെട്ടുകൊണ്ട് തന്നെ ദലിത് പുരുഷാധിപത്യത്തോട് വിയോജിക്കാനും ദലിത് പെൺ കവിതകൾക്ക് കഴിയുന്നു.പ്രാദേശികവും ഭാഷാപരവുമായ വൈവിധ്യങ്ങൾക്കൊപ്പം വ്യക്തിപരമായ അനുഭൂതികളും വിചാരങ്ങളും അവയ്ക്ക് വ്യത്യസ്തമായ അടരുകൾ നൽകുന്നു. ഹീര ബെൻസോദ് ,ജ്യോതി ലഞ്ചേവർ, കു ഉമാദേവി, ചല്ലപ്പള്ളി സ്വരൂപ റാണി തുടങ്ങിയവരുടെ കവിതകൾ ഈ ശ്രേണിയിൽ പെടുന്നവയാണ്. ദലിത് പെൺ കവിതകളിലെ പദസഞ്ചയവും, കാവ്യ ഭാഷയും ഇന്ത്യൻ സന്ദർഭത്തിൽ ബദൽ ആധുനികതയെക്കുറിച്ചുള്ള വിചാര മാതൃകകളാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ദലിത് പെൺകവിതകളുടെ ബഹുരൂപാത്മകത മറാത്തി, തമിഴ് കവിതകൾ മുൻനിറുത്തി വ്യവഛേദിക്കപ്പെട്ടിട്ടുണ്ട്. ഹിര ബെൻസോദിൻ്റെയും ജ്യോതി ലഞ്ചേവ റിൻ്റെയും മറാത്തി കവിതകൾ ദലിത് രാഷ്ട്രീയ സമരങ്ങളോട് ക്രിയാത്മകമായി ഇടപെടുമ്പോൾ തമിഴ് ദലിത് പെൺ കവിത ശരീരത്തിൻ്റെ രാഷ്ട്രീയത്തെ സംവാദാത്മകമാക്കുക വഴി സ്ത്രീവാദ സാഹിത്യത്തിൽ തങ്ങളുടെ ഇടം പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.

മലയാളത്തിൽ എം.ആർ.രാധാമണി, വിജില, ധന്യ എം.ഡി, സതി അങ്കമാലി, ചിഞ്ചുറോസ, അലീന തുടങ്ങിയവരിലൂടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന അവമതിപ്പുകൾ, ഒഴിവാക്കലുകൾ, പ്രതീകാത്മകവും അല്ലാത്തതുമായ ഹിംസകൾ എന്നിവയെ പ്രശ്നവൽക്കരിക്കാൻ ദലിത് പെൺ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മഹനീയം, സാന്ദ്രം തുടങ്ങിയ കാവ്യഭാഷയെക്കുറിച്ചുള്ള പതിവുപല്ലവികളെ അലോസരപ്പെടുത്തിക്കൊണ്ട് ദലിത് സ്ത്രീ ലോകത്തിന് ദൃശ്യത നൽകാനും മലയാളിയുടെ വിചാര ലോകത്തിൻ്റെ കാപട്യങ്ങളെ തുറന്നു കാട്ടാനും ഈ എഴുത്തുകാരികൾക്ക്‌ സാധിക്കുന്നു. പ്രിവിലേജുകൾക്ക് പുറത്ത് നിർമിച്ചെടുക്കേണ്ട സ്ത്രീ സഹവർത്തനത്തിൻ്റേതായ നവപാഠങ്ങളുടെ സാന്നിധ്യവും പല കവിതകളും ഉള്ളടങ്ങുന്നു.ഇത്തരമൊരു കാവ്യ സന്ദർഭത്തിലാണ് സുനിത തോപ്പിലിൻ്റെ പെണ്ണായിപ്പോയ ജന്മം തന്നെയാണ് ആദ്യം ക്വാറൻഡീൻ ചെയ്തത് എന്ന സമാഹാരം പ്രസക്തമാവുന്നത്.ഇതിലെ മെയ്ക്കാട്ടുകാരി, Tea വിലാസിനി എന്നീ കവിതകൾ ദലിത് സ്ത്രീ ജീവിതത്തിൻ്റെ ആവിഷ്കരണങ്ങൾ എന്ന നിലയിൽ ശ്രദ്ധേയമാണ്. 

രാവിലെ ബസ്സുകയറി നഗരത്തിലെത്തിയിട്ടും പണിയൊന്നും കിട്ടാതെ മടങ്ങേണ്ടി വരുന്ന മെയ്ക്കാട്ടുകാരിയെ അവതരിപ്പിക്കുന്ന കവിത ഇങ്ങനെയാണ് അവസാനിക്കുന്നത്
ഇറക്കിയ വണ്ടി 
നഗരം ചുറ്റി തിരിച്ചു വരുന്നുണ്ട്
വണ്ടിക്കുലി മുഴുവനായും
മടിക്കെട്ടിലുണ്ടെന്ന് ഉറപ്പിച്ച്
റോഡിലേക്കിറങ്ങി നിന്നു. 
നിരന്തരമായ കയ്യേറ്റങ്ങൾക്കും അപമാനവീകരണത്തിനും ശേഷവും Tea വിലാസിനിക്കോളനിയായി അതിജീവിക്കുന്നചായക്കടക്കാരി വിലാസിനിയുടെ ജീവിതം കുറിച്ചിടുന്ന കവിതയാകട്ടെ പുറമ്പോക്ക് ജീവിതത്തിൻ്റ ആഖ്യാനമെന്ന നിലയിൽ'നമ്മുടെ നിസ്സംഗതകളെ ചുട്ടുപൊള്ളിക്കുന്നു. 

ഈ കവിതകൾക്കു പുറമെ ഓർമയും നാടും വീടും കൂട്ടുമെല്ലാം ചേർന്ന കവിതകളുടെ സമാഹാരമാണ് സുനിതയുടേത്. സൂക്ഷ്മചരിത്രരചനയിൽ സോതസ്സുകളായിത്തീരാവുന്ന പല ഓർമകളും ഈ കവിതകളിൽ ലീനമാണ് '
പഴയ നാടിൻ്റെ ചിത്രങ്ങൾ
അതുപോലെ വേണമെങ്കിൽ
പണ്ടെങ്ങോ നാടുവിട്ട
ആരോടെങ്കിലും
നാട്ടുവർത്തമാനങ്ങൾ
ചോദിച്ചാൽ മാത്രം മതി... (കൂടെ വന്നു താമസിക്കുന്ന നാട്)
എന്നിങ്ങനെ കാവ്യസൗന്ദര്യം വഴിയുന്ന വരികളും ഈ സമാഹാരത്തെ കൂടുതൽ പ്രതീക്ഷയുള്ളതാക്കുന്നുണ്ട്.

**********

Comments

(Not more than 100 words.)