കവിതകൾ
- ജസീന്ത കെർകെട്ടാ
*****************************
വിവത്തനം - ലീല സോളമൻ
*****************************
1.
നദി, കുന്ന്, പിന്നെ ചന്ത
*****************************
അന്ന് ഞായറാഴ്ച ആയിരുന്നു
ഞാൻ ഭാവിതലമുറയിൽ
പെട്ടൊരുവളുടെ കൈ പിടിച്ച്
നടന്നു, ഗ്രാമച്ചന്തയിലേക്ക്.
വരണ്ടു ശുഷ്കിച്ച മരങ്ങൾക്കിടയിലൂടെ,
ഇടുങ്ങിയ നടപ്പാത.
ഞാൻ ഭാവിതലമുറക്കാരിയോട്
ചൊല്ലി, ഒരിക്കൽ ഇതിലേ
ഒരു നദി ഒഴുകിയിരുന്നു.
മുമ്പിൽ മണ്ണിലൊരു അപാര
ഗർത്തം കണ്ടു ഞാൻ പറഞ്ഞു,
ഒരു കുന്നിനെ അപ്പാടെ
വിഴുങ്ങിക്കളഞ്ഞതാണ്.
പൊടുന്നനെ എൻ്റെ കൈയ്യിലവളുടെ
പിടിത്തം മുറുകി, എന്തോ കണ്ടു
പേടിച്ചപോലെ, അങ്ങ് ദൂരെ,
പരന്ന ഭയമുളവാക്കുന്ന ശവപ്പറമ്പ്.
ഞാൻ ചോദിച്ചു അവളോട്,
അതെന്താണെന്നറിയാമോ?
അവിടെയായിരുന്നു നിങ്ങളുടെ
അപ്പനപ്പൂപ്പന്മാരുടെ ധാന്യപ്പുര.
ഭാവിതലമുറക്കാരി ഓടി,
അവൾ വിളിച്ചു കൂവി, ദാ ചന്ത!
എന്ത് വേണം, കടക്കാരൻ ചോദിച്ചു,
ഭൈയ്യാ,
അല്പം മഴ,
അല്പം ഈറൻ മണ്ണ്,
ഒരു കുപ്പി നദി,
ദാ ആ പാട്ടയിലടച്ചിരിക്കുന്ന മല,
പിന്നെ, അവിടെ ചുമരിൽ തൂക്കിയിട്ട
പ്രകൃതിയിൽ നിന്നല്പം കൂടി തരൂ.
"ഈ മഴക്കെന്താ ഇത്ര വില?"
കടക്കാരൻ പറഞ്ഞു,
"ഇതിലെ ഈർപ്പം ഇവിടത്തെയല്ല,
അന്യഗ്രഹത്തിൽ നിന്ന് വന്നതാണ്.
ക്ഷാമമാണ്, അധികം വാങ്ങിയില്ല,
അതാണീ വില."
പൈസ കൊടുക്കാനായി
സാരിത്തുമ്പിൽ കെട്ടിവച്ച
കുറച്ചു നോട്ടുകൾ പരതി,
ഞെട്ടിപ്പോയി, മടക്കിവച്ച
നോട്ടുകൾക്ക് പകരം എന്റെ
ഒടിഞ്ഞു മടങ്ങിയ അസ്തിത്വം.
2.
ഹേ നഗരമേ...
*************************
അവർ അവരുടെ കൂരകളും,
മണ്ണും കച്ചിക്കൂനകളും ഉപേക്ഷിച്ചു പോകുമ്പോൾ,
അവരുടെ തലയ്ക്കു മുകളിലുള്ള
മേൽക്കൂര വിട്ടു പലായനം ചെയ്യുമ്പോൾ,
പലപ്പോഴും അവ ചോദിക്കാറുണ്ട്,
ഹേ, നഗരമേ...
നീയും ഇങ്ങനെ പറിച്ചെറിയപ്പെടാറുണ്ടോ, 'വികസന'ത്തിന്റെ പേരിൽ?
****************************
ജസീന്ത കെർകെട്ടാ :
ജാർഖണ്ഡിലെ വെസ്റ്റ് സിന്ഗഭും ജില്ലയിലെ ഒറായോൺ ആദിവാസി ഗ്രാമമായ ഖുദ്‌പോഷ് എന്ന ഗ്രാമത്തിൽ ജനിച്ച കവിയും എഴുത്തുകാരിയുമായ ജസീന്ത കെർകെട്ടായുടെ 41 കവിതകളുടെ സമാഹാരമായ 'അംഗോർ' (കനൽ) ഒരേ സമയത്തു തന്നെ രണ്ടു ഭാഷകളിലായി, ഹിന്ദിയിലും ഇംഗ്ലീഷിലും, പ്രസിദ്ധീകരിച്ചു. ഹിന്ദിയിൽ ആദിവാണി പബ്ലിക്കേഷനും ഇംഗ്ലീഷിൽ ദ്രൗപതി വെർലാങ് എന്ന ജർമ്മൻ പബ്ലിക്കേഷനുമാണ് പ്രസിദ്ധീകരിച്ചത്. പോലീസുകാരനായ അച്ഛന്റെ പീഢനം സ്ഥിരമായി ഏറ്റുവാങ്ങിയിരുന്ന അമ്മയുടെ തേങ്ങലുകൾ ഉള്ളിൽ വിങ്ങിയപ്പോഴാണ് ആദ്യ സമാഹാരമായ അംഗോർ പുറത്തുവന്നതെന്നു ജസീന്ത തന്നെ പറയുന്നു. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളെയും, ദാരിദ്ര്യം, വികസനത്തിന്റെ പേരിൽ ആദിവാസികൾക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, സർക്കാരിന്റെ അലംഭാവം എന്നിവയെല്ലാം കവിതയുടെ വിഷയങ്ങളായിട്ടുണ്ട്. ഖുദ്‌പോഷ് എന്ന ഗ്രാമം ഇരുമ്പ് ആയിരുകൾ ധാരാളമുള്ളതിനാൽ ആദിവാസികളും മൈനിങ് കമ്പനികളും, ഫോറസ്റ് ഉദ്യോഗസ്ഥന്മാരും സർക്കാരുമായി സദാ സമയം സംഘർഷപൂരിതമായ ഒരു ഗ്രാമമാണ്. അതിന്റെ അലകൾ ജസീന്തയുടെ കവിതകളിൽ പ്രതിഫലിച്ചു കാണാം. ദൈനിക് ജാഗരൺ, പ്രഭാത് ഖബർ എന്നീ പത്രങ്ങളുടെ റിപ്പോർട്ടർ ആയും ജസീന്ത ജോലി ചെയ്തിട്ടുണ്ട്.
*****************************