കവിതകൾ - ഡോ ഇ എം സുരജ

കവിതകൾ - ഡോ ഇ എം സുരജ  **************

ഭൂമിയാകാൻ ഇനി എന്തു ചെയ്യുമെന്നാണ്
**************

ഭൂമി എത്രമേൽ ഭൂമിയായായിട്ടും
അവളെ ഭൂമി എന്നു വിളിക്കാൻ 
പലരും മടിച്ചു:

ഭൂമിയാണ് എന്നതിന് 
എന്തെങ്കിലും തെളിവുസംഘടിപ്പിക്കാൻ
ശ്രമിക്കാഞ്ഞിട്ടല്ല:
പല കാരണങ്ങൾ കൊണ്ട്
അതു നിഷേധിക്കപ്പെട്ടു;
പല പല ഭൂമികൾക്കിടയിൽ
അതെളുപ്പവുമല്ല
എന്നവൾ മനസ്സിലാക്കി -

നീ ശരിക്കും ഭൂമി തന്നെയാണെന്ന്,
നിന്നെ ഞങ്ങളല്ലാതെ
ആരാണറിഞ്ഞിട്ടുള്ളതെന്ന്,
പുല്ലുകളും ഉറുമ്പുകളും
തലോടുമ്പോൾ മാത്രം
അവൾ
ചെറുതായൊന്ന് ആശ്വസിക്കും;
ക്ഷണികവും മിഥ്യാവലയിതവുമായ
ആശ്വാസം!

വന്നു വന്നിപ്പോൾ
അവൾക്കു തന്നെത്തന്നെ
സംശയമായിത്തുടങ്ങിയിട്ടുണ്ട്,
അപ്പൊഴൊക്കെ തിരുത്തുകയും ചെയ്യും:
ഭൂമിയാകാൻ മോഹമുണ്ടെന്നേ ഉള്ളൂ,
ശരിക്കുമായിട്ടില്ലാത്തതുകൊണ്ടാണ്
ഇങ്ങനെയൊക്കെ എന്ന് !

വീണ്ടെടുപ്പ്
*****

മൂത്തവളേ, ചോന്നവളേ
ഭൂമിയെ നീ കണ്ടോ?
ഈ വഴിയെ വന്നിരുന്നോ,
കൂട്ടുകാരില്ലാത്തോൾ?

കണ്ണടയ്ക്കാ കാലവും തൻ
കണ്ണു ചിമ്മിയെന്നോ,
വെയിലടിച്ചോ മഞ്ഞളിച്ചോ
നോക്കിടറിപ്പോയോ:

ഭൂമി ചാഞ്ഞ വിൺചുമരിൽ 
വിള്ളലൊന്നു കാണായ്
നിഴലുപോലുമെങ്ങുമില്ല
മാഞ്ഞു മാഞ്ഞു പോയി!

കാട്ടുപൂക്കൾ നീറ്റി വെച്ച
ഗന്ധവുമൊരമല്പം 
നാട്ടുകിളിപ്പാട്ടുമുണ്ടു
ശൂന്യതയിൽ ബാക്കി!

എങ്ങു പോയിയെങ്ങു പോയി
ഭൂമിയെന്നു തേടി
കാറ്റിനൊപ്പം യാത്രയായി
പൂമണവും പാട്ടും:

പാട്ടിനൊട്ടു കാൽ കുഴഞ്ഞാൽ
പൂമണത്തിലേറും;
പൂമണത്തിനു ചിറകു താണാൽ
പാട്ടു ചുമലേറ്റും!

മൂത്തവളേ, ചോന്നവളേ
ഭൂമിയിങ്ങു വന്നോ,
വീണ്ടെടുക്കാനെന്തു ചെയ്യും:
ഉള്ളലിഞ്ഞോർ തേങ്ങി!

പൂമണത്തിൽ നിന്നൊരോമൽ
പാൽച്ചിരിയെ മെല്ലെ
വേർപ്പെടുത്തി കാറ്റിനേകി 
മൂത്തവളും ചൊല്ലി:

ഈച്ചിരിയെ നീട്ടി നീട്ടി
നീ വിളിച്ചു നോക്കൂ,
കൂരിരുട്ടിൽ പൂണ്ടൊളിച്ചോൾ
പാട്ടിൽ വന്നുദിയ്ക്കും!

വിണ്ണുലഞ്ഞുണർന്നു ഭൂമി,
കൊന്നയെന്നപോലെ:
കൈകളിലോ ഞാന്നിടുന്നൂ
പൂമണവും പാട്ടും!

***********

Comments

(Not more than 100 words.)