പെരുന്തണൽ - സംപ്രീത

പെരുന്തണൽ - സംപ്രീത

പെരുന്തണൽ 

              - സംപ്രീത 

ചുമടുതാങ്ങികൾ ഇല്ലെങ്കിൽ 

ഭൂമി എന്ന് 

പണ്ടൊരിക്കൽ അമ്മ പറഞ്ഞുകേട്ട ചൊല്ലുമായി 

പുറംതോടിൽ മാത്രം രസത്തിലായിരുന്നു.

പൊക്കിനടന്ന ഭാരങ്ങൾ മുഴുവൻ 

ഇടയ്ക്ക് 

ഒന്നിറക്കാൻ എന്ന അർത്ഥത്തിൽ 

വഴികളിലൊക്കെ 

കല്ലുകൊണ്ടുണ്ടാക്കിയ 

എന്നാൽ 

അഭൗമമായ 

ഒന്നിനെ കാണുകയും 

അതെപ്പറ്റി പറയാതെ 

അതെപ്പറ്റി 

നിശ്വാസംകൊള്ളാതെ 

യാത്ര കഠിനം എന്നുറപ്പിക്കയും ചെയ്തു. 

ലോകത്തിന്റെ ദൃശ്യഭൂപടത്തിൽ 

ചരിത്രത്തിൽ 

അത്ര ബലപ്പെട്ട സഹായിയായി 

അതിന്റെ തുറന്നുകിടപ്പ്.

അതു കൊള്ളുന്ന 

വെയിൽ, മഴ, മഞ്ഞ് 

ഭാരം.

ഇത്തിരി നേരം അവിടെയിരിക്കാൻ മോഹിക്കുന്ന കുറച്ചുപേർ.

അതിന്റെ ബലം, ഉടൽ, 

ഒന്നിനോടും 

പ്രത്യേക മമതയില്ലാത്ത 

ദാർശനികത. 

ഇടയ്ക്ക് മുന്നോട്ടു പോകുവാനാവാത്ത വിധം 

ഇറക്കിവയ്ക്കരുത് എന്ന വഴിനിയമവും 

എല്ലാവർക്കും വേണ്ടേ എന്ന ലോകബോധവും

മൗനമായി ജീവിതത്തിൽ 

നടപ്പിലാക്കുന്ന 

അതിന്റെ നേർമയുള്ള 

നിൽപ്പ്.

ആ ചേർപ്പുകല്ലുകൾ 

നല്ലോണം വർത്താനം പറയും 

എന്നുപറഞ്ഞ 

പഴയൊരു 

കൂനിയ 

ഉന്മാദിയെ 

ഇപ്പോളോർക്കുന്നു.

അവരെ 

പ്രാന്തത്തിയെ-

ന്നൊളിഞ്ഞുനോക്കിയത് 

ഓർക്കുന്നു.

മുഴുസമയവും 

ഒരു ചുമടുതാങ്ങിയിൽ ഇരുന്നവർ കണ്ട 

ചുറ്റുപാടിനെ ഓർക്കുന്നു.

അവരുടെ 

യുക്തിയറ്റ യാത്രയവസാനിക്കുന്ന

ആ കലുങ്കിൽ 

കാലം തറഞ്ഞുപോയത് 

കാണുന്നു.

ചുമടുതാങ്ങി ഇല്ലെങ്കിൽ 

ഭൂമി എന്ന ചൊല്ല് 

മേലെയാകാശം 

താഴെ ഭൂമി 

മുന്നിലനന്തതയെന്ന

ഭാരമിറക്കാനാവാതെ 

വീഴാതെയും നടന്നുതുടങ്ങുന്നു.

പ്രാന്തത്തിയുടെ ആത്മാവിരുന്ന 

ആ കല്ലള 

ഇനിയൊരിക്കലും 

കാണാൻ ഇടയില്ല.

****************************

സംപ്രീത : 

2013 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം നേടിയ കവയിത്രിയാണ് സംപ്രീത. നീറ്റെഴുത്ത് എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.

ഒലിവ്‌ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ഇലയിടം ആദ്യ കാവ്യസമാഹാരം. മദ്രാസ്‌ യൂണിവേഴ്സിറ്റിയിൽ മലയാളത്തിൽ ഗവേഷണം ചെയ്തു.”ജൈവവൈവിധ്യ സംരക്ഷണവും നഷ്ടവും അട്ടപ്പാടി കുറുമ്പഭാഷയിൽ; സാമൂഹിക ധൈഷണിക ഭാഷാശാസ്ത്രാപഗ്രഥനം”എന്ന വിഷയത്തിൽ 2016 ൽ ഡോക്ടറേറ്റ് നേടി. അറിയപ്പെടുന്ന മോഹിനിയാട്ടം നർത്തകി കൂടിയായ ഡോ. സംപ്രീത നിരവധി സാഹിത്യകൃതികൾക്ക് മോഹിനിയാട്ടം ആവിഷ്കാരമേകി. നിരവധി തമിഴ് കവിതകളുടെ വിവർത്തനം സംപ്രീതയുടേതായുണ്ട്. പുതുകവിതാസമാഹാരങ്ങളിൽ നിരവധി കവിതകൾ പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ അധ്യാപിക.

കൃതികൾ : ഇലയിടം (ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്,2007)

നീറ്റെഴുത്ത് (‌‍ഡി സി ബുക്സ്, കോട്ടയം)

പഠനം: “പാലു കുറുമ്പർ; ചിന്തയും ഭാഷയും”(2019, ഡിസംബർ, ഇൻസൈറ്റ്‌ പബ്ലിക്ക, കോഴിക്കോട്)

സാഹിത്യപുരസ്‌കാരങ്ങൾ 

കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം 2014

മേലൂർ ദാമോദരൻ സ്മാരക പുരസ്കാരം 2007

മയിൽപ്പീലി കലാസാഹിത്യ സാംസ്കാരിക പുരസ്കാരം 2012

അങ്കണം ടി വി കൊച്ചുബാവ സ്മാരക കവിതാ പുരസ്കാരം 2007

പച്ചമഷി പുരസ്കാരം 2011

മോഹിനിയാട്ടം പുരസ്കാരങ്ങൾ

Natya Navarathna, 2023,JS Fine Arts Academy Natya Yatra, Rathina Sabhai, Sree Vadaranyeswarar Temple, Thiruvalangadu,Tamilnadu

നാദം നാട്യരത്ന 2020

നാട്യകലാരത്ന, കരൂർ നാട്യാഞ്ജലി,2020

പഞ്ചംവേദ നൃത്താംഗന അവാർഡ് 2019

നാട്യകൗമുദി 2019, വെമ്പട്ടി ജയന്തി നൃത്തോത്സവം

നൃത്യാംഗനശ്രീ 2018

കൊണാർക്ക് നൃത്യരത്ന 2018

കനക് പ്രതിഭ 2017 (title received,from Padma Bhushan Dr Kanak Rele on the occasion of Kanak Nruthyolsav, Mumbai)

യുവകലാരത്ന അവാർഡ് 2015. 

************************************

Comments

(Not more than 100 words.)
Sampreetha
Nov 22, 2024

♥️