തേരിഗാഥയിൽ നിന്നുള്ള രണ്ട് കവിതകൾ
വിവർത്തനം - ആശാലത
1.
ഭിക്ഷുണി സംഘ എഴുതിയത്
വീടുപേക്ഷിച്ച് നടന്നു നടന്നു
മകനെ,
പൈക്കളെ,
പ്രിയമാർന്നവയെ, വിട്ടെറിഞ്ഞു
ആശയെ, കോപത്തെ, അറിവില്ലായ്മയെ എല്ലാം എറിഞ്ഞുടച്ചു
വലിച്ചു മാറ്റപ്പെട്ട്,
വേരോളം താണ് കെഞ്ചി ഞാനിപ്പോൾ ശാന്ത
ഞാൻ സ്വതന്ത്ര.
(തേരിഗാഥയിലെ ഒറ്റ ഖണ്ഡമുള്ള ഭാഗത്തു നിന്ന് )
2.
സുമംഗലൻ്റെ ഭിക്ഷുണിയായ അമ്മ മകനോട്
പ്രിയമാർന്ന മകനേ!
സർവ്വ സ്വതന്ത്രനായവനെ!
സ്വാതന്ത്യപ്പെട്ടവനേ!
ഞാനുമെന്നിടികല്ലിൽ നിന്നിപ്പോൾ പരമസ്വതന്ത്ര
നാണം കെട്ടവനെൻ്റെ ഭർത്താവ്,
അയാൾ പണിയും പന്തൽ
വെള്ളത്തിലെ പുളവനെന്നപോൽ
നാറുമെൻ കലം -
ഒക്കെയും അറപ്പിക്കുന്നു
എറിഞ്ഞുടച്ചു ഞാൻ കോപം
ഭോഗാസക്തിയും
മുള കീറുമൊച്ച പോലെന്തോ ഒന്നന്നേരം -
ഞാനൊരു മരത്തിൻ്റെ കാൽക്കൽ ചെന്ന് ചിന്തിക്കുന്നു - ആഹാ ആനന്ദം
ആ ആനന്ദത്തിൻ്റെയുള്ളിൽ നിന്ന് ഞാൻ ധ്യാനം തുടങ്ങുന്നു.
(രണ്ട് ഖണ്ഡമുള്ളത്)
തേരിഗാഥ :
വൃദ്ധരായ ബുദ്ധഭിക്ഷുണികളുടെ കവിതകളാണ് തേരിഗാഥയിൽ അടങ്ങിയിരിക്കുന്നത്. ഒരു ഖണ്ഡമുള്ള ചെറു കവിത മുതൽ വളരെ ദീർഘമായ ഇരുപതും മുപ്പതും ഖണ്ഡങ്ങളുള്ളവ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷയായ പാലിയിലാണ് തേരിഗാഥയിലെ രചനകൾ എഴുതിയിട്ടുള്ളത്. ബുദ്ധൻ്റെ സമകാലികയാ യിരുന്ന വജ്ജി (വൈശാലി) യിലെ അംബപാലിയുടെയടക്കം രചനകൾ ഇതിലുണ്ട്.