കവിത -സ്മിത ഗിരീഷ്

കവിത -സ്മിത ഗിരീഷ്
********

ഡി വോട്ടർ
******

ട്രൈബ്യൂണൽ എന്നാൽ 
ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ
പോലുള്ള മൂന്നു പേരടങ്ങിയ
ഒരു സഭയായിരുന്നു..
കുത്താൻ വരുന്ന ധാർഷ്ട്യവും
പൊരുതലിനുള്ള ക്രൗര്യവും
കൂർത്ത പല്ലുകൾക്കിടയിൽ
ഞെരിച്ചു കൊണ്ട് അവർ
ചോദിച്ച ചോദ്യങ്ങൾക്ക്
ഞാൻ കൊടുത്ത ഉത്തരങ്ങൾ
പരസ്പര വിരുദ്ധവും
വിശ്വസനീയവുമല്ലാത്തതിനാൽ
എന്റെ സമ്മതിദാനാവകാശം
സംശയാസ്പദമെന്നും
ഞാനൊരു 
അനധികൃത കുടിയേറ്റക്കാരി
തന്നെയെന്നും
അതിനാൽ അതിർത്തിയിലുള്ള
തടവറയിലേയ്ക്ക് ഉടൻ
അയയ്ക്കുകയാണെന്നും
എന്നെ  
കൊമ്പുകളിൽ കോർത്ത്
കുത്തി നിലത്തിട്ട 
കാഴ്ച ശോഷിച്ച 
അവരുടെ അഹന്ത
എത്രയും പെട്ടെന്ന്
വിധിയും പ്രസ്താവിച്ചു.

ഞങ്ങളുടെ പൂർവികർ 
ഇവിടെ നുഴഞ്ഞുകയറ്റക്കാരോ
കടന്നുകയറ്റക്കാരോ
ആയിരുന്നില്ലെന്നും
പണ്ടിവിടെ കാട് മാത്രമായിരുന്നെന്നും
കാട്ടുമൃഗങ്ങളെ നേർക്കാൻ
പകപ്പായിരുന്ന
ഇവിടുത്തുകാർ
കാടുവെട്ടിത്തെളിക്കുവാനും
കൂടി പ്പാർക്കുവാനുമായി
അതിർത്തിയിലേക്ക്
തേടി വന്ന് 
ഇവിടേയ്ക്ക് കൂട്ടിയതാണെന്നും,
പിന്നീട് 
മുഖം തെളിഞ്ഞ ഭൂമിയും
മുളങ്കാടുകൾ വട്ടം വളഞ്ഞ്
വാരിപ്പിടിക്കുന്ന കാറ്റും
ഞങ്ങളെ തിരികെ 
പറഞ്ഞു വിട്ടതേയില്ലെന്നും
എനിക്കവരെ ബോധിപ്പിക്കാൻ
തോന്നിയതേയില്ല
കാരണം
അവർ ചരിത്രാതീത
കാലം മുതൽക്കേ 
മൃഗശാലകളുടെ
തലച്ചോറിന്  വലുപ്പമില്ലാത്ത 
വളർത്തുയോദ്ധാക്കൾ മാത്രമെന്ന്
കൊടും കാട് തീണ്ടി വളർന്ന
ഞങ്ങൾക്കറിയാമായിരുന്നു!

വയസ്സെത്ര എന്നതായിരുന്നു
കോട്ടുവായയ്ക്കെന്ന പോലെ
വലിയ വായകൾ പിളർത്തി
അവരുടെ ഒന്നാം ചോദ്യം
നദികളും മരങ്ങളും തങ്ങളുടെ
വയസ് ഓർത്തുവെയ്ക്കാറില്ല
എന്നതായിരുന്നു എന്റെയുത്തരം
പാരമ്പര്യ രേഖകൾ പ്രകാരം
പിതാവിന്
രണ്ടു പേരുകൾ കാണുന്നുവെന്നും
എന്തു ബോധിപ്പിക്കാനുണ്ടെന്നും
മൂക്കുകൾ വിടർത്തി 
വികൃത ആംഗ്യങ്ങളിലൂടെ
അവരുടെ രണ്ടാം ചോദ്യം
ഞാനൊരു പിതാവിന്റെ മാത്രം
മകളല്ല എന്നതായിരുന്നു
എന്റെയുത്തരം.
വിവാഹ രേഖയിൽ ഗ്രാമത്തലവന്റെ
ഒപ്പ് കാണാനില്ല
എന്തെങ്കിലും പറയാനുണ്ടോയെന്ന്
പത്തു ശബ്ദങ്ങൾ ഉരച്ചുണ്ടാക്കിയ
ഒറ്റ മുരൾച്ചയിൽ അവരുടെ
മൂന്നാം ചോദ്യം
ഞാൻ രണ്ടു ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട
ഒരു രാജ്യമാണ് എന്നതായിരുന്നു,
എന്നത് മാത്രമായിരുന്നു 
അവർക്ക് ഡി വോട്ടറാക്കി 
എഴുതിത്തള്ളാനുള്ള
എന്റെ അവസാനത്തെ ഉത്തരം
********** 

സ്മിത ഗിരീഷ് :
കുന്നംകുളത്ത് അഭിഭാഷകയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും കവിതകളും ലേഖനങ്ങളും എഴുതുന്നു. മെലിൻഡ ബുക്ക്സ് പ്രസിദ്ധീകരിച്ച ബൊഹീമിയൻ റിപ്പബ്ളിക്ക് ആദ്യ കവിതാ സമാഹാരം. കവിതയ്ക്ക് സുകുമാര രാജപുരസ്ക്കാരം , യൂസഫലി കേച്ചേരി പ്രശസ്തിപത്രം , ലേഖനത്തിന് മാതൃഭൂമി ഗൃഹലക്ഷ്മി പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്
**********

Comments

(Not more than 100 words.)