കവിത - രഗില സജി
*******
രണ്ട് യോനികൾ
******
അവ രണ്ട് യോനികളായിരുന്നു.
അകലെയിരുന്ന് ഞാനവരെ ശ്രദ്ധിച്ചു.
രണ്ടാളും എതോ സെമിത്തേരിയിൽ നിന്നിറങ്ങി വന്നതാണ്.
കടൽക്കരെ ആയതിനാലും
ഇരുട്ടായതിനാലും
അവർ സ്വതന്ത്രരായിരുന്നു.
വെള്ളത്തിൽ നിന്നും
കയറി വരുന്ന ഞണ്ടിനെ അവർ
വെറുപ്പോടെ നോക്കി.
തിരയിലേക്ക് ചിറക് വിടർത്തി
നിലാവിനെ കണ്ടു.
മണൽത്തരികൾ നാക്കു നീട്ടി തൊട്ടു.
കപ്പൽ ഞരക്കങ്ങൾ ഉൾക്കാമ്പുകളിൽ പ്രതിധ്വനിച്ചു.
ചെറുമീനുകൾ
വാലുരുമ്മി നിന്നു.
ആദ്യമായി റഫ്ളേഷ്യ പുഷ്പം
കണ്ട മാതിരി ഗ്രഹങ്ങൾ സഞ്ചാരപഥങ്ങളിൽ
നിന്നൂർന്നു.
സാക്ഷികളാരുമില്ലായിരുന്നെങ്കിൽ
ഞാനും ഭയക്കുമായിരുന്നു.
ഭയത്തിനേക്കാൾ വലിപ്പമുള്ളാരു
കടൽ, കടൽ നിറയെ രണ്ട് യോനികൾ .
അവയ്ക്ക് മീതെ മുറിച്ചന്ദ്രൻ
ചോട്ടിൽ ജല ശരീരം.
നിലാവ് മായുന്നു.
യോനികളുടെ ഉയരങ്ങൾക്ക് മീതെ സൂര്യൻ ചുവക്കുന്നു.
മൂർച്ഛയുടെ വെളിച്ചം
കടലുപ്പിൽ കലരുന്നു.
കടൽ തണുപ്പിൻ്റെ കോശങ്ങൾ
കരയിലേക്കടിയുമ്പോൾ
യോനികൾ മടങ്ങാൻ കരുതുന്നു.
സാക്ഷികളാരും ഇല്ലായിരുന്നെങ്കിൽ
ഞാനിത് നിങ്ങളോട്
പറയുമായിരുന്നില്ല.
സെമിത്തേരിയിലേക്കല്ല ,കാഴ്ചക്കപ്പുറത്തെ
രണ്ട് വീടുകളിലേക്ക്,
രണ്ടായിരം വീടുകളുടെ പിന്നാമ്പുറത്തേക്കാണ്
അവ പോയത്
========================
രഗില സജി - മലപ്പുറം സ്വദേശി, ആദ്യ പുസ്തകം പോളിഗ്രാഫ് ( കവിതകൾ,ഹരിതം ബുക്ക്സ് കാലിക്കറ്റ് )
വർത്തമാനകാല കവിതയിൽ ശക്തസാ ന്നിധ്യമാണ് രഗില സജി .ആനുകാലികങ്ങളിലും ,സമാന്തര പ്രസിദ്ധീകരണങ്ങളിലും രഗിലയുടെ കവിതയുടെ സാന്നിധ്യമുണ്ട് .
വിമത ലൈംഗീകത ഇപ്പോൾ പോരാട്ട നാൾ വഴിയുടെ തുടക്കത്തിലാണ് .എത്ര കഷ്ട്ടപ്പെട്ടാലാണ് ഒരു ഇടം അവർക്ക് കിട്ടുക .അവരെ മനുഷ്യരായി അംഗീകരിക്കാൻ സമൂഹം തയ്യാറാകുന്നതിൻ്റെ തെളിവാണ് വിമത ലൈംഗീകത സിനിമയിലും ,കഥയിലും ,കവിതയിലും ഒരു വിഷയമാകുന്നത് .
രഗിലയുടെ ഈ കവിത രണ്ട് സ്ത്രീകളുടെ യാഥാർത്ഥത്തിലോ വിചാരത്തിലോ ഉള്ള സഞ്ചാരത്തെ പറ്റിയാണ് .അവർ സ്നേഹത്തിൻ്റെ ,സഞ്ചാരത്തിൻ്റ ,സ്വാതന്ത്ര്യത്തിൻ്റെ ആഴവും പരപ്പും ഉള്ള കടൽ കാണുന്നു. മരണ ശേഷമെങ്കിലും ഒറ്റയ്ക്ക് ഒന്ന് നടക്കണം എന്ന് വിചാരിക്കാത്ത ഒരു സ്ത്രീയും ഉണ്ടാകില്ല .സങ്കൽപ്പസഞ്ചാരത്തിന് സാക്ഷിയാകാൻ ഗ്രഹങ്ങൾ .ചന്ദ്രൻ .
സൂര്യനുദിക്കുമ്പോൾ അവർ വീടുകളുടെ ,രണ്ട് വീടുകളുടെ പിന്നാമ്പുറത്തേക്ക് മടങ്ങി .
പലപ്പോഴും സ്ത്രീകൾ പിന്നാമ്പുറങ്ങളിൽ നിന്നും സിമിത്തേരിയിലേക്കാണ് സഞ്ചരിക്കാറ് എന്ന പ്രതിഭാസത്തെ ഈ വായനയോട് ചേർത്ത് ഓർത്തു കൊണ്ട് .....
*******