കവിതകൾ - മഞ്ജുഷ ഹരി

കവിതകൾ - മഞ്ജുഷ ഹരി
 *********
1.
വിഷംതീണ്ടിയവൾ
*******
ഒരു മഞ്ഞുകാലത്തെ
വെയിൽതിളക്കുന്നയുച്ചയിൽ
അപരിചിതമായ 
നഗരത്തിരക്കിൽവച്ചാണ്
അവളുടെ കഴുത്തിൽ,നീ
ആഴത്തിലാഴത്തിലൊരു
ചുംബനക്കരിനീലയായത്.
പാമ്പിൻകാവിലെ
ഒറ്റവിളക്കിന്റെ വെട്ടത്തിൽ
നടന്നുപോയവളുടെ 
ഉടലിലും ഓർമ്മയിലും
പ്രണയത്തിന്റെ വിഷം 
കടിച്ചിറക്കുംപോലെ
നീയവളിൽ 
രണ്ടുതുള്ളി ചോരയിറ്റുന്ന
വേദനയായി.
അവൾ-
കണ്ണാടിയിലോരോവട്ടവും
നോക്കിനോക്കി നെടുവീർപ്പുകളായി.
ആൾത്തിരക്കിൽ
പ്രണയംതീണ്ടിയവളെന്ന്
കാർമേഘനീലയായി.
പക്ഷേ,
ഓരോ പടംപൊഴിക്കലും
മറച്ചുവച്ച നിന്റെയസ്തിത്വം!
അതിൽപ്പിടഞ്ഞവൾ
വിഹ്വലതകൾപൂക്കുന്ന സർപ്പഗന്ധിയായി.
വീണ്ടുംവീണ്ടും വിഷമെന്നറിയവേ,
സിരകളിൽനിന്നൊഴുക്കിക്കളയാതെ
മരിച്ചയാമ്പൽപ്പൂക്കളുടെ 
നീലത്തടാകത്തെയുള്ളിൽപ്പേറി.
നിനക്കുപാർക്കാൻ
കവാടങ്ങളില്ലാത്ത
ചിതൽപ്പുറ്റായി.
പ്രണയത്തെ വിഷമെന്നറിഞ്ഞവൾ
പ്രലോഭനങ്ങളുടെയവസാനത്തുള്ളിയിൽ
മരണത്തെയറിയുന്നു!

2.
അവൾ പൂക്കുമ്പോഴും പൊഴിയുമ്പോഴും
***********
പ്രണയംകൊണ്ട് മുറിവേറ്റവളുടെ
കണ്ണുകൾമതി,
ഒരു കടൽ ജനിക്കുവാൻ.

വിശ്വാസംകൊണ്ട് മുറിവേറ്റവളുടെ
ഹൃദയംമതി,
നിസ്സംഗതയുടെ മതം ജനിക്കുവാൻ.

ചുംബനംകൊണ്ട് മുറിവേറ്റവളുടെ
ചുണ്ടുകൾമതി,
വരൾച്ചയുടെ ദാഹമറിയുവാൻ.

സ്പർശനംകൊണ്ട് മുറിവേറ്റവളുടെ
ഉടൽമതി,
ശവംനാറിപ്പൂക്കളുടെ തോട്ടമാകുവാൻ.

നഗ്നതകൊണ്ട് മുറിവേറ്റവളുടെ
വസ്ത്രംമതി,
നാണത്തെ മൂടിവയ്ക്കുവാൻ.

രതിമൂർച്ഛകൊണ്ട് മുറിവേറ്റവളുടെ
ബോധംമതി,
ഉന്മാദത്തിന്റെ ഋതുവാകുവാൻ.

വിശുദ്ധപാപങ്ങളാൽ മുറിവേറ്റവർ
ഓർമ്മച്ചതുപ്പുകളിലെ വസന്തമാകുന്നു!

***********
മഞ്ജുഷ ഹരി :

ഡോ.മഞ്ജുഷ ഹരി. വൈക്കത്ത് താമസം. ഗസ്റ്റ് ലെക്ചറർ ആയി ജോലി ചെയ്യുന്നു. മലയാളത്തിൽ ഡോക്ടറേറ്റ്. 2 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്  [ഭ്രമണകാലം(ഗ്രീൻ ബുക്ക്സ്) നിശ്ശബ്ദതാരാവലി(ഡിസിബുക്‌സ്)] .
ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
*******

Comments

(Not more than 100 words.)