ജൈവബോധത്തിൻ്റെ അടയാളങ്ങൾ
(ധന്യ എം ഡി യുടെ കവിതകളുടെ പഠനം)
*************
- സിമിത ലെനീഷ്
********
ധന്യയുടെ കവിതകൾ അകം പുറം കാഴ്ചകളിൽ അവഗണിക്കപ്പെടുകയും ചരിത്രമില്ലാതായി പോകുകയും ചെയ്യുന്ന മനുഷ്യരെക്കുറിച്ചുള്ള ഓർമപ്പെടുത്തലാകുന്നു. എല്ലാ മനുഷ്യരിലെയും ജൈവസത്തയുടെ അംശങ്ങളിൽ, നിറങ്ങളിൽ, വേദനകളിൽ, പ്രണയത്തിൽ ആർത്തിരമ്പി മറയുന്ന കടൽ പോലെ ചിലതുണ്ട് എന്ന് ധന്യ ഓർമപ്പെടുത്തുന്നു. ഓർക്കാൻ പോലും മെനക്കെടാത്ത ചില മനുഷ്യരെ ഓർമപ്പെടുത്തുന്നു. കവിത പ്രാചീനതയിൽ നിന്നുയിർക്കൊണ്ട് പുരാതന കാലത്തിൻ്റെ ജീവാംശത്തിൽ നിന്ന് തുടങ്ങി ഏറ്റവും പുതിയ കാലത്തിൻ്റെ ജീവിതാവസ്ഥകളിൽ വന്നെത്തി മാനുഷിക വൈകാരിക ഭാവങ്ങളിൽ മനുഷ്യരുടെ ചിന്താമണ്ഡലങ്ങളിലെ വ്യത്യസ്തതളെ തുറന്നിടുന്നു. ഇവിടെ കാലം മറന്ന് പോയ ചില വഴികളാണ് തെളിയുന്നത്. ചോദിക്കാൻ വിട്ടു പോയ ചോദ്യങ്ങൾ പൂരിപ്പിക്കപ്പെടുന്നു.
അതൃപ്തമായ ഇരുട്ടിൽ
നിറങ്ങളായും
മണങ്ങളായും മാറാൻ
ഊഴം കാത്ത്
സ്വപ്നം കണ്ടുള്ള കമിഴ്ന്ന് കിടപ്പുകൾ (സസ്യശാസ്ത്രം)
ഇരുട്ടിൽ നിന്നുദിക്കുന്ന നിറങ്ങളും മണങ്ങളും ഇന്ന് കലർപ്പില്ലാതെ കനത്ത ഇരുട്ടിലും കത്തുന്നുണ്ട്. ഇരുട്ട് തന്നെ വലിയൊരു ലോകമാണെന്ന തിരിച്ചറിവിനോളം വലുതല്ല മറ്റൊന്നും
വെളിച്ചത്തിൻ്റെ
കാൻവാസിൽ
ഇരുട്ടു കൊണ്ടെ
ഴുതുന്നു
തെളിഞ്ഞു നിൽക്കാൻ
ഏറിയ തിളക്കത്തോടെ
(ഇരുട്ടിൽ കാണാവുന്ന നിറങ്ങൾ )
ഇരുട്ടിലും നിറങ്ങൾ കാണാമെന്ന സത്യം നാം മറന്ന് പോയ ഒന്നായിരുന്നു.
ദളിത് സാഹിത്യ മേഖല അതിജീവനത്തിൻ്റെ ആവശ്യകത നമുക്ക് കാട്ടിത്തരുന്നുണ്ട്. മനുഷ്യൻ എന്ന ഒറ്റ കാഴ്ചയിലേക്ക് മാറാൻ കഴിയാത്ത നമ്മുടെ ചിന്തകളെ അത് ചോദ്യം ചെയ്യുമ്പോൾ ധന്യയുടെ കവിതകൾ അത്തരം ചിന്തകളിലെ വൈകാരിക തലങ്ങളെ വിശകലനം ചെയ്യുന്നു.
നീ ശില്പം കൊത്തുന്നതിന്റെ
ഒച്ചകളാണെന്റെ
നേര്‍ത്ത
നെഞ്ചിടിപ്പുകള്‍
എന്റെ
കരിങ്കല്ലുടലിന്റെ
വളവുകളും തിരിവുകളും
നീ
തേച്ചുരച്ചെടുക്കുന്ന ആശകള്‍…
ഉറഞ്ഞ
കരിങ്കല്ലിന്‍
തണുപ്പിന്‍ കീഴെ
കുതിച്ചൊഴുകുന്നുണ്ട്
ഇരുണ്ട കൊതികളുടെ
ഇളം ചൂട് ചോര…
പ്രണയമേ എന്ന കവിതയിലെ വരികൾ ആശകൾക്കും കാമനകൾക്കുമപ്പുറം മനുഷ്യൻ്റെയുള്ളിലെ നിശബ്ദമായ വൈകാരിക സന്ദർഭങ്ങൾ സ്ഥായിയായ അനുഭവങ്ങളാണെന്ന ബോധ്യപ്പെടുത്തൽ കൂടിയാണ്.
ഇളവെയില്‍ക്കഷണങ്ങളും
കാറ്റും ചേര്‍ത്ത് വെച്ച്
പൂചൂടിയ മരങ്ങള്‍
നെയ്തുകൊണ്ടിരിക്കുന്നു
കറുത്ത ചേലകള്‍…
പാതവക്കത്തുറങ്ങുന്ന
അമ്മക്കും കുഞ്ഞിനും
കരുതലോടെ പുതപ്പുകള്‍ (വെയില്‍ വരയ്ക്കും ചിത്രങ്ങള്‍)
ഇത്തരം ചില കാഴ്ചകൾക്ക് കവിതയിൽ ഇടം നിർമ്മിച്ച് കൊണ്ട്, സമൂഹം ഇടം നിഷേധിക്കുന്നവരെ പ്രകൃതി ചേർത്ത് നിർത്തുന്നതിൻ്റെ സന്ദർഭങ്ങൾ കവി കാണിച്ച് തരുന്നത്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതിപ്രാചീന ബന്ധത്തിൻ്റെ ഓർമപ്പെടുത്തലായാണ്
തലയ്ക്ക് പിന്നില്‍നിന്ന്
ഒരു ചോദ്യമിഴഞ്ഞുവന്ന്
വലത്തെ ചെന്നിയില്‍ കടിക്കും,
രാത്രിയിലാണങ്ങനെ … (തൊലിക്കടിയില്‍ വേരുളള മണങ്ങള്‍)
ഉല്‍പ്പത്തി
ഊര്‍ജ്ജസമവാക്യങ്ങള്‍
എന്റെ ഉടലിലേക്കായി മാത്രം
തിരുത്തപ്പെട്ടു…. (തമോഗര്‍ത്തം)
പെണ്ണായിരിക്കുന്ന ഒരുവളുടെ ഇടങ്ങൾ പലപ്പോഴും സ്വന്തം സ്വത്വബോധത്തിനധിഷ്ഠിതമായി രൂപീകരിക്കപ്പെടുന്നില്ല എന്ന സത്യം കൂടി കവി പലപ്പോഴും വളരെ അലസമായി പറഞ്ഞ് പോകുന്നു. രാത്രിയിൽ നിറയുന്ന വലത്തെ ചെന്നിയിൽ കടിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല.
ധന്യയുടെ കവിതകൾ കാലത്തിൻ്റെ ഒരു പ്രത്യേക ഘട്ടത്തെ അടയാളപ്പെടുത്തി ആ അടയാളപ്പെടുത്തപ്പെട്ട കാലത്തിൽ നിറഞ്ഞ് നിൽക്കുന്നവയാണ്.അത് കൈകാര്യം ചെയ്യുന്നത് ഉടലും ഉയിരും പ്രണയവും പൂക്കുന്ന പുതിയ വഴികളെയാണ്. അത് തിരുത്തിയെഴുതുന്നത് ഇരുട്ടും വേദനയും അവഗണനയും നിറഞ്ഞ പഴയ ചിന്തകളെയാണ്. ഉറച്ച് പോയ ബോധ്യങ്ങളെ ചോദ്യം ചെയ്ത് ധന്യയുടെ കവിത ഒഴുകി പരക്കുന്നു. ധന്യയുടെ ചിന്തകൾ സമകാലീന കവിതാ വഴിയിലെ വേറിട്ട വഴിയുടെ തുടക്കമാണ്. ആ തുടക്കത്തിൻ്റെ വിശാലതകൾക്കായി നമുക്ക് കാത്തിരിക്കാം
*********