കവിത - അശ്വതി എ.

കവിത -  അശ്വതി എ.
********

പെൺമീശ 
*****
എന്റെ മൂക്കിനു താഴെ മേൽച്ചുണ്ടിന്റെ വരമ്പത്തു ഞാനൊരു മരം നട്ടിട്ടുണ്ട് .

മെഡിക്കൽ സ്റ്റോറിൽ തൂങ്ങിയാടുന്ന കോടാലിക്കാലുകൾക്ക് 
കടിച്ചു വലിക്കാൻ കൊടുക്കാതെ ,
കവിളിലേക്കു പന്തലിക്കുമ്പോൾ 
കൃത്യമായി മുറിച്ചെടുത്തു വളർത്തുന്ന മരം,
പുറത്തേക്കഴിച്ചു വിടുന്ന വേരുകളെയാണ് നിങ്ങൾ മീശനാരുകളെന്നു വിളിച്ചു ചെറുതാക്കി കളഞ്ഞത്.

ഇലയും കായും പൂവും തായ്ത്തടിയുമൊക്കെ 
മാംസം തുളച്ചുള്ളിലേക്കു 
പടരുന്നതിനാലാണ് 
നിങ്ങളുടെ കണ്പോളകളിലൊരു 
ചില്ലച്ചുരുൾ പോലും തെളിഞ്ഞു 
കാണാത്തത്.

അതെന്താണെന്നറിയാമോ ?
പൊഴിഞ്ഞു പോകുന്ന ,അനുദിനം പുതുതാകുന്ന ഇലപ്പച്ചകൾക്കു മീതെ കാഴ്ച്ചക്കിരുവശം വെളിച്ചം നൽകി വേരുകളെ തഴച്ചു വളർത്തിയത്?

മരമാകെ മുറിച്ചു കളഞ്ഞാലും 
വേർപെട്ടു പിരിഞ്ഞു പോയെന്നു 
തോന്നിച്ചു കൊണ്ട്,
നഖമറുത്തു മണ്ണുമാന്തിയൊളിച്ചിരിന്നു 
തിരിച്ച്‌ വരാൻ തിടുക്കം കൂട്ടുന്ന
തണ്ടുറപ്പുള്ള വിരൽ വേരുകളാണ് 
വിയർപ്പു തുള്ളികൾ വലിച്ചെടുത്തു 
ഉറച്ചു നിൽക്കുന്നത് .


*********അശ്വതി എ. :

തിരുവനന്തപുരം സ്വദേശി.
ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. പൂർത്തിയാക്കി.
**********

Comments

(Not more than 100 words.)