പുസ്തക പരിചയം
സിൽക്ക് റൂട്ട് - അലീന
പുസ്തകം പരിചയപ്പെടുത്തുന്നത്
- ധന്യ എം.ഡി
തല തിരിച്ചിട്ട ചരിത്രത്തിന്റെ അടരുകളിൽ ചോര കോരി കിളിർപ്പിച്ച പേരയ്ക്കാ വിത്തുകൾ
***********
കവിത എഴുതാതെയും വായിക്കാതെയും പോയ കുറച്ചു വർഷങ്ങൾക്കൊടുവിൽ അതിലേക്കൊക്കെ തിരിച്ചു വരാൻ ശ്രമിക്കുന്ന സമയത്ത് കാത്തിരുന്നു വായിച്ച കവിതകളാണ് അലീനയുടേത്. ഫേസ്ബുക്ക് കുറിപ്പുകളായാണ് അലീനയുടെ എഴുത്തുകൾ ആദ്യം വായിക്കുന്നത്. നിറത്തിന്റെ, ലൈംഗികതയുടെ, സ്വത്വാഭിമാനത്തിൻ്റെ തെളിച്ചമുള്ള രാഷ്ട്രീയം സംസാരിക്കുന്ന ഊർജ്ജസ്വലമായ എഴുത്തുകൾ. കവിതയുടെ തിളക്കമുള്ള ഭാഷ. മഴ കഴിഞ്ഞാലത്തെ ഉച്ചവെയിലിൽ തിളങ്ങുന്ന ആരോഗ്യമുള്ള പച്ചയിലകൾ പോലെ ജീവസ്സുറ്റവ. വന്യഭാവനകളും ഉന്മാദവും അവയുടെ ഞരമ്പുകൾക്കിടെ ഒളിച്ചിരിക്കുന്നത് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ പെട്ടന്നൊരു ദിവസം അലീനയുടെ കവിതകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് എന്നെ തെല്ലും അത്ഭുതപ്പെടുത്തിയില്ല. നാട്ടിൻപുറത്തെ സാധാരണ ദലിത് ജീവിത പരിസരം അതിന്റെ ജൈവവീകമായ അടയാളങ്ങളോടെ അലീനയുടെ കവിതകളിൽ തെളിഞ്ഞു നിൽക്കുന്നു. കൃത്യതയും കൂസലില്ലായ്മയും നിറഞ്ഞ പെൺനോട്ടങ്ങൾ കൊണ്ട് അവയോരോന്നും വരച്ചിടുന്നതിൻ്റെ പുതുമയും തെളിമയും ആ കവിതകളിലേക്ക് എന്നെ നിരന്തരം വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു. അറിവും ബുദ്ധിയും ഭാവനയും ഉന്മാദവും ചേരും പടി ചേർത്തു വെച്ച് ബോധപൂർവ്വം എഴുതുന്ന കവിതകളാണവ. അനായാസതയും ശ്രദ്ധാപൂർവ്വമായ കൊത്തിയെടുക്കലുകളും പല കവിതകളിലും ദൃശ്യമാണെങ്കിലും ഫേസ്ബുക്ക് പോലെയുള്ള ഇലക്ട്രോണിക് മാധ്യമം നൽകുന്ന സ്വാതന്ത്ര്യം ആവോളം എടുക്കുന്നുമുണ്ടവ.
തീറ്റ, പ്രസവം, അമ്മായിയമ്മ-മരുമോൾ എന്നിങ്ങനെ പരമ്പരയായി എഴുതിയിരിക്കുന്ന കവിതകളുണ്ടിതിൽ. തീറ്റക്കവിതകൾ 1,2,3,4 എന്നിങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്ന കവിതകളിൽ പ്രണയവവും രതിയും ഗത്യന്തരമില്ലായ്മയും പെട്ടന്നുള്ള ആളലും കലർന്നുള്ള വന്യമായ ആക്രമണോത്സുകതയും ചോരച്ചെമപ്പിൻ്റെ നാല് വ്യത്യസ്ത ഷേഡുകളിൽ നിരത്തിയിരിക്കുന്നു. മേ..മേ.. എന്ന് വിളിക്കുന്ന നിഷ്കളങ്കരായ ആട്ടിൻകുഞ്ഞുങ്ങളുടെ ചിത്രം പടരുന്ന കട്ടിച്ചോരയിലേക്കും കൊത്തിനുറുക്കിയ പച്ചയിറച്ചിയിലേക്കും സംക്രമിക്കുന്നത് നട്ടെല്ലിൽ ഒരു വിറയൽ പടർത്തും. ഏതാണ്ട് അതിന്റെ തുടർച്ച പോലെ തന്നെ വായിക്കാവുന്ന അടുത്ത തീറ്റക്കവിതകളിൽ കൊന്ന പാപം തിന്നാൽ തീരുമെന്ന് പഴന്തുണി കൊണ്ട് കട്ടിച്ചോര തുടക്കുന്നപോലെ തുടച്ചങ്ങു കളയുന്നുണ്ട്. ചത്തുപോയ പെണ്ണുങ്ങൾ വന്നു പോകുന്ന കവിതകളാണ് ഇതിലെ മറ്റൊരു തരം പരമ്പരക്കവിതകൾ. മരണശേഷം മാത്രം സ്വന്തം ജീവിതം പറയുകയും മൃതരുടെ ലോകത്തേക്ക് മറ്റുള്ളവരെയും വിളിച്ചു കൊണ്ട് പോകുന്ന പെണ്ണുങ്ങൾ. അവർ കിണറിന്റെ അടിയിലും അലമാരയുടെ പിന്നിലും ജനലിനു പുറത്തും വന്നു നിന്ന് മൃതരുടെ ലോകത്തെ ആകുലതകളിലേക്കോ നിഗൂഢതകളിലേക്കോ മറ്റുള്ളവരെ കയ്യാട്ടി വിളിച്ചു കൊണ്ടിരിക്കുന്നു.
തീറ്റക്കവിത പോലെ തന്നെ തീട്ടക്കവിതയും ഇതിലുണ്ട്. ഭൂമിയുടെയും മൂലധനത്തിന്റെയും രാഷ്ട്രീയം പറയുന്ന കവിതകളിലൊന്നാണത്. തേങ്ങാക്കളളി, വാഴക്കുല കട്ട കുട്ടി തുടങ്ങിയവ ഈ നിരയിൽ വരുന്നു. പള്ളിയും ബൈബിളും പശ്ചാത്തലമായി വരുന്ന കവിതകളുണ്ട്. ബ്ലഡി സൺഡേ എന്ന കവിതയിൽ നിൽക്കാത്ത ചോരയൊലിപ്പുകൊണ്ട് പള്ളിയെയും സഭയെയും ശുദ്ധീകരിക്കുന്ന പെണ്ണിനെ കാണാം. അലീനയുടെ കവിതകളിൽ മലഞ്ചെരിവു പ്രദേശങ്ങളിലെ ദലിത് ക്രിസ്ത്യൻ ജീവിതവും അതിന്റെ സംഘർഷങ്ങളും കാണാം. ചിന്തയും സങ്കല്പങ്ങളും വ്യത്യസ്തമായ ഒരു കറുത്ത പെൺകുട്ടി റബ്ബർത്തോട്ടങ്ങൾ നിറഞ്ഞ മലഞ്ചെരുവുകളിലൂടെ നടന്നു പോകുന്നുണ്ടതിൽ. വെളുത്തു തുടുത്ത പ്രിവിലേജ് ലോകത്തിന് അവളൊരു ഏലിയനാണ്.
ഒന്നാന്തരം ഫാൻ്റസിക്കവിതകളാണ് ഈ സമാഹാരത്തിൻ്റെ പ്രത്യേകതകളിൽ ഏറ്റവും തിളക്കമുള്ളത്. ഒറ്റപ്പെട്ടൊരു കുട്ടിയുടെ വായനയും നിരീക്ഷണവും മൂർച്ചയുള്ള ഭാവനയും കൊണ്ട് നിർമ്മിച്ചെടുത്ത കവിതകൾ. പ്രേതങ്ങളും ആത്മാക്കളും ചെടികളും പക്ഷികളും മാറി മാറി വരുന്ന കവിതകൾ. കഥക്കച്ചവടക്കാരിയുടെ കുട്ടയിൽ നിന്നും വാങ്ങാൻ ആഗ്രഹിക്കുന്ന കവിതകൾക്ക് പകരം അവൾ തന്നെ സൃഷ്ടിക്കുന്ന കഥകളാണവ. ചരിത്രസംഭവങ്ങളുടെ പേരുകൾ വ്യക്തിഗത ഓർമ്മകൾക്ക് നൽകിക്കൊണ്ട് ചരിത്രത്തെ സ്വന്തമാക്കി തലതിരിച്ചിടാൻ അലീനക്ക് കഴിയുന്നുണ്ട്. ബോസ്റ്റൺ സാമ്പാർ പാർട്ടി, കറുപ്പുയുദ്ധം, മുല്ലപ്പൂ വിപ്ലവം എന്നിങ്ങനെ പോകുന്നു അക്കവിതകൾ. സിൽക്ക് റൂട്ട് എന്ന കവിതയിൽ കടം വാങ്ങിയ പട്ടുസാരി ഊരിക്കൊടുത്ത് കരഞ്ഞുകൊണ്ട് തിരിഞ്ഞോടുന്ന പെണ്ണിന്റെ അപമാനത്തിന്റെ വഴിയാണത്. അങ്ങനെ തല തിരിച്ചിട്ട ചരിത്രത്തിന്റെ അടരുകളിൽ മറന്നു കളയാൻ പാടില്ലാത്ത ഓർമ്മകളെ പേരയ്ക്കാ വിത്തുകളാക്കി ചോര കോരി കിളിർപ്പിക്കുകയാണിതിൽ.
- ധന്യ എം.ഡി
***********