പെൺ മോഹം
- രമ്യ നെച്ചിങ്ങൽ
ഒരുദിവസം
സ്വപ്‌നങ്ങൾ കണ്ടുകണ്ട്
മടുത്തെന്ന് തോന്നുമ്പോൾ മാത്രം
എണീക്കണം.
ഒന്നും ചെയ്യാനില്ലാത്തതിനാൽ
കൈപുറകോട്ടു കെട്ടണം.
ചായ പീടികയിലേക്ക് നടക്കണം.
നാട്ടിൽ സംഭവിച്ചതും,
സംഭവിച്ചേക്കാവുന്നതും
കൂട്ടിയടിച്ച ചായകുടിക്കണം
പത്രത്തോടൊപ്പം നാടിനെയും
കക്ഷത്ത് തിരുകി
തിരിച്ചു നടക്കണം.
ഉമ്മറത്തെ ചാരുകസേരയിൽ
ചാഞ്ഞ് കിടക്കണം.
പത്രം തിന്നുമടുക്കുമ്പോൾ,
അടുക്കളയോട്
"ആയില്ലേ? "എന്ന് ചോദിക്കണം.
തോന്നുമ്പോഴെല്ലാം
ചിറക് കുടഞ്ഞ് നിവർത്തണം...
ആകാശത്തേക്ക്,
പുഴയോരത്തേക്ക്,
കടൽ തീരത്തേക്ക്,
തെരുവോരത്തേക്ക്...
ചാഞ്ഞും,ചെരിഞ്ഞും
പറക്കണം...
തോന്നുമ്പോൾ,
തോന്നിയാൽ മാത്രം,
രാത്രി വീട്ടിലേക്ക്
തിരിച്ചു വരണം
അല്ലെങ്കിൽ
നിലാവിനോടും നിഴലിനോടും
കലഹിച്ചും രസിച്ചും
ചെന്നായ്ക്കളില്ലാത്ത കാട്ടിൽ
രാവുമുഴുവൻ വെറുതെ നടക്കണം
ഒരു ദിവസമെങ്കിലും ജീവിക്കണം
രമ്യ നെച്ചിങ്ങൽ:
താമസം :പട്ടാമ്പിക്കടുത്ത് വല്ലപ്പുഴയിൽ. ജോലി:GHS വല്ലപ്പുഴയിൽ അധ്യാപിക. വിദ്യാഭ്യാസം :ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദരബിരുദം