കവിതകൾ - സ്മിത പന്ന്യൻ
**********
1.
മണ്ണ്
വിത്തിനെയെന്ന പോലെ
ആദ്യം
നിന്നെയൊളിപ്പിക്കുകയും
പിന്നീട്
കുതിർക്കുകയും
കവചം തകർക്കുകയും
ചെയ്തു.
പിന്നെ,
നീ പതുക്കെ
ആദ്യമുള കൊണ്ട്
എന്നെക്കൂടി
പിളർത്തി,
നാലു കൈകളുയർത്തി
നാം വെളിച്ചത്തിലേക്ക്
പടർന്നു..
2.
നടന്നുകൊണ്ടിരിക്കെ
തൂവൽ പോലെ കനം കുറഞ്ഞ്
മേഘങ്ങൾക്കിടയിൽ
രാ പാർക്കാൻ പോയത്
അടുത്ത മിന്നലിനൊപ്പം
മഴയായ്പ്പെയ്യാനല്ല
മഴയായ്പ്പെയ്യാനല്ല
മഴയായ്പെയ്യാനല്ല
എന്ന് ചെറിയ ശബ്ദത്തിൽ
ഇടി മുഴങ്ങുന്നുണ്ട്.
ഞാനത് കേൾക്കുന്നുണ്ട്.
*********
സ്മിത പന്ന്യൻ :
ഹയർസെക്കൻഡറിയിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുത്തുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
**********