കവിതകൾ : സെറീന
1
നാലു മണിയുടെ അലാറം
അന്നാദ്യമായി
അലാറത്തിനും മുൻപ്
ആ വീട് ഉണർന്നു
ജൂൺ മഴയുടെ
പെരുക്കങ്ങളിലേക്ക്
നിലവിളികൾ കലർന്നു.
ഒടുവിലെ കാറ്റിലെന്നപോലെ
ഉലഞ്ഞുകൊണ്ടിരുന്നു ആ വീട്
കിടക്കയോട് ചേർന്ന്
ജനൽപ്പടിയിൽ വെച്ച അലാറം
കൃത്യസമയത്തടിച്ചു
അവരുണർന്നതേയില്ല
ആദ്യമായി ആ വീട്ടിൽ
അവരുറങ്ങുകയും സർവരും
ഉണർന്നിരിക്കുകയും ചെയതു.
എല്ലാവരുടെയും പ്രാതൽ
പൊതിച്ചോറ്, അത്താഴം
അലക്കിവിരിച്ചത്
ഒന്നുമോർക്കാതെ,
നിലച്ചു പോയ ഒരു ഘടികാരം
ഉള്ളിൽ വെച്ച്
ആധിയും വേഗതയും മറന്ന്
അവരുറങ്ങി
നാളേക്കെന്ന്
വരഞ്ഞു മുളക് തേച്ചുവെച്ച
മീൻമുറിവുകൾ,
മറ്റാരും കാണാത്തവ.
പതഞ്ഞു പൊന്തി തൂവാതെ
അടച്ചു വെച്ച പുളിപ്പുകൾ,
മധുരങ്ങൾ.
ഒന്നിൽ നിന്ന് അടുത്തതിലേക്ക്
നിർത്താതെ ഓടിക്കൊണ്ടിരുന്ന
അണപ്പിനും കിതപ്പിനുമൊപ്പം
അടയാളപ്പെട്ട നേരങ്ങൾ
എന്നേക്കുമായി
നിലച്ചുപോയൊരലാറം
നാലു മണി നേരങ്ങളിൽ
ഇനിയും ആ വീടിനെ
ഒച്ചയില്ലാതെ
വിളിച്ചുണർത്തുമായിരിക്കും.
2.
ഉച്ചത്തിൽ
കീറിപ്പറിഞ്ഞ പല സാരികൾ
ഒന്നിന് മുകളിൽ ഒന്നായി ചുറ്റി
പലതരം സഞ്ചികൾ ചുമലിലും
കൈത്തണ്ടയിലും തൂക്കി
ഉച്ചത്തിൽ ,ഉച്ചത്തിൽ
ഷേക്സ്പിയറെ വിളിച്ചു ചൊല്ലുന്ന
സ്ത്രീയെ കണ്ടിട്ടുണ്ട്,
തിരക്കുള്ള ആ ബസ് സ്റ്റാൻഡിൽ
പതിവ് യാത്രകളിൽ,
പലദിവസങ്ങളിൽ.
എണ്ണയും ചെളിയും പുരണ്ടൊരു
പത്രക്കടലാസ് ഒരു കൈയ്യിൽ
നിവർത്തിപ്പിടിച്ച് മറുകൈ ഉയർത്തി
അവൾ , കടഞ്ഞെടുത്ത ഭാഷയിൽ
ഓർമ്മയിലെ മറ്റേതോ കാണികളോട്
സംസാരിച്ചു കൊണ്ടേയിരുന്നു
ഉച്ചത്തിൽ ,ഉച്ചത്തിൽ .
ബസ്സ് നീങ്ങുമ്പോൾ പരസ്പരം
ഒരു നോട്ടത്തിന്റെ വെട്ടമുരഞ്ഞു
കണ്ണ് നീറി, ഞാനവളെക്കടന്നു.
ഉറക്കെ ഉച്ചരിക്കുന്ന വാക്കുകൾ
ആരോടും ഒന്നും പറയുന്നില്ല,
വാക്കടർന്നു പോയ ഒരാളുടെ മൗനമോ
പാഞ്ഞു പോകുന്നൊരു തീവണ്ടിയാണ്.
ഓരോ ചുവടിലും കുലുങ്ങുന്നൊരു
തൂക്കു പാലത്തിൽ വാക്കും മൗനവും
പരസ്പരം കടന്നു പോയി
താഴെ, ഒരേ ജലം രണ്ടുപേരെ സ്നാനപ്പെടുത്തി .
ഉയരത്തിലേക്ക് ആടിപ്പോയൊരൂഞ്ഞാൽ
മടങ്ങി വരാതെ , കാഴ്ചയുടെ വിളുമ്പിൽ
നിശ്ചലമായി പോകുന്നത് സങ്കല്പിക്കാമോ ?
തെരുതെരെ വർത്തമാനങ്ങളിൽ നിന്ന്
മൗനത്തിന്റെ ഒരൊറ്റ ആണിയിൽ
പൊടുന്നനേ തറഞ്ഞു പോകുന്ന
മനുഷ്യരുടേതാണ് ആ ഊഞ്ഞാൽപ്പടി
അവർ പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട് ,
ലോകത്തിന് കേൾക്കാനാവാത്ത അത്രയും
ഉച്ചത്തിൽ ഉച്ചത്തിൽ.
കാലങ്ങൾക്കിപ്പുറം
കാഞ്ഞിരം കയ്ക്കുന്നൊരു
ഊഞ്ഞാൽ പടിയിലിരുന്ന്
അവളെയോർക്കുന്നു
ഒരു തീവണ്ടി പാഞ്ഞു പോകുന്നു.
ഒരേ ഇരുമ്പ് വരകൾ
ചോരയാൽ
രണ്ട് പേരെ ഉടലെന്നും
ശിരസ്സെന്നും സ്നാനപ്പെടുത്തുന്നു