കവിതകൾ - കൃപ അമ്പാടി

കവിതകൾ - കൃപ അമ്പാടി
**********
1.
പെങ്കുപ്പായം
*******
അലുക്കും തൊങ്ങലും
പിടിപ്പിച്ച
പെങ്കുപ്പായമിട്ട്
തേച്ചാൽ ചോക്കുന്ന
മിന്നാരപ്പൊടി മോത്തിട്ട്
അഞ്ചുറുപ്പികടെ
കുപ്പിവളയിട്ട്
അന്തമില്ലാത്തൊരുച്ചക്ക്
ആയിഷാൻ്റെ കൂടെക്കളിച്ച
കളിയിൽ
" അമ്മായി പന്തലിൽ വന്നാട്ടെ
മരുമോള്ക്ക് മോതിരമിട്ടാട്ടെ "
കൊട്ടിയ അന്നാണ്
കല്ല്യാണപ്പൂതി കേറിയൊട്ടിയത് .

ഫസ്റ്റ് ബെല്ലടിച്ചിട്ടും
കുന്തിച്ചിരുന്ന്
കൊത്തങ്കല്ലാടിയതിലൊരു
കൊത്താച്ചൂട്ട കൊത്തി 
പച്ചയിലപ്പുള്ളികൾ നിറഞ്ഞ
പാവാടയിൽ നിന്ന്
ഒരു ചെമ്പരത്തിപ്പൂ 
വിരിഞ്ഞിറങ്ങി .
നാലിൻ്റെന്ന് സമ്മാനം കിട്ടിയ
പട്ടുപാവാടകളിലെ
വർണ്ണനൂലുകൾ നെയ്ത
ചിത്രങ്ങൾ
പിറ്റേന്ന്
നോട്ടുബുക്കിൽ നിന്നിറങ്ങി
ആയിഷാൻ്റെ 
ചെവി പൊന്നാക്കി
അടക്കിച്ചിരിച്ച്
കൂട്ടമണിയടിച്ച് 
വരാന്തയിലൂടോടി .
സ്കൂൾപ്പടി കടന്നയുടൻ
കൈകോർത്ത്
ഞാൻ മുല്ലയും 
അവൾ റോസുമായി  .
പാടം കടന്ന്
പുഴയിലിറങ്ങിയതും
മഞ്ഞശലഭം മുത്തി
ഞങ്ങൾ രണ്ടുപൂവള്ളികളായി .

കെട്ട് മടുക്കാത്തവനൊപ്പം
കൊല്ലം തികയുംമുന്നെ
ഓള് കോയമ്പത്തൂർക്ക്
കെട്ടിപ്പോയപ്പോൾ
ഞാറ്റുകണ്ടത്തിലൊരു
പുല്ലരിവാൾ
ഇണയില്ലാതെ
തളിരിലകളെ ധ്യാനിച്ച്
മരം കടിച്ചിരിപ്പായി .

കല്ലുവെട്ടാങ്കുഴി
കവിഞ്ഞ മഴയിൽ
ശകുനം പിഴച്ച്
കോട്ടുവാ തീരാതെയൊരു
നീർക്കോലി .
പോക്കാച്ചി , മന്ത്രംമറന്ന്
വെളിച്ചം കിനാവ് കണ്ടു 
(വേട്ടക്കാരനെ വെട്ടിച്ച്
ഒരു ഇര കൂടി 
ഇരുട്ടിലേക്ക് നാവുനീട്ടി .)
ഓള് കെട്ടൊഴിഞ്ഞ്
നാട്ടിൽ വന്ന്
പതിനെട്ടു തികഞ്ഞതിൻ്റെ
കാർഡെടുത്തു
കാർഡെടുത്തു
മേൽക്കുപ്പായമാക്കാൻ
ആരാണ്ടടെ പഴേ ഷർട്ടുവാങ്ങി
തൊഴിലുറപ്പിന് ഒപ്പുമിട്ടു  .

കൊട്ടിക്കളിച്ചില്ലെങ്കിലും
' അമ്മായിക്ക് വളയൊന്നിട്ടാട്ടെ
വിളക്കെടുത്ത് കേറിയാട്ടെ '
എന്ന അവതാളത്തിൽ കെട്ടിയ
ചരടുരഞ്ഞ്
ചങ്കും ചരടും കറുത്തയന്ന്
തിരിച്ചുവന്ന്
ഞാറ്റുകണ്ടത്തിലെ 
കിളികളെയാട്ടി ഞാൻ .

പിന്നയങ്ങോട്ട്
ഒരു മഴവില്ലൊടിഞ്ഞ്
മണ്ണിൽകുത്തി
വേരുകൾ കോരിത്തരിച്ച്
മരം മുടിയഴിച്ചുലച്ച്
കിളികൾ പറന്നും
അളകങ്ങൾ കാലിലുടക്കി
തിരിച്ചിറങ്ങിയും 
വിത ചേറി .

അനന്തരം
അന്തിമാനച്ചോപ്പിൽ
കുളിച്ച്
പണിമാറ്റി
രണ്ടരിവാളുകൾ
വരമ്പത്ത് കൊക്കുരുമ്മി
വിയർപ്പാറ്റി .

2.
മാട്രിമോണിയൽ
********
ഈഴവക്കല്ല്യാണം
നായർക്കല്ല്യാണം
മുസ്ലിം കല്ല്യാണം
ക്രിസ്ത്യൻ കല്ല്യാണം 

ഇടവഴികളിലെ
മൃദു മുളംചപ്പുകൾക്കിടയിൽനിന്ന്
കാലിലേക്ക് തറയ്ക്കുന്ന
പച്ചച്ചതിമുള്ളുകളെയെന്നപോൽ
പറിച്ചുകളഞ്ഞ്
കാച്ചിക്കൊള്ളിവെയ്ക്കേണ്ടുന്ന
ദുരാചാരമാണ് കല്ല്യാണം .

നുജൂദു*കളെ സാക്ഷിനിർത്തി
തലമൂത്ത പെണ്ണുങ്ങൾ
ഇളമുറ ആണുങ്ങളെ ഭോഗിച്ച്
കൈവെള്ളയിലിട്ട് സ്നേഹിച്ച്
ജാതിയും മതവുമില്ലാത്ത
കുഞ്ഞുങ്ങളെ ജനിപ്പിച്ച്
മൃഗങ്ങളുടെ പേരിട്ട്
മാനവികത തൊട്ടരച്ച്
നാവിൽ വെയ്ക്കുന്ന
ഗംഭീരകാലം വരുന്നുണ്ട് .

ഇഷ്ടമുള്ള മരങ്ങളിൽ നിന്ന്
നിറമുള്ള കൂടുകളിൽ നിന്ന്
ചിറകുകെട്ടപ്പെടാത്ത ഇണകളിൽ നിന്ന്
വിരിഞ്ഞിറങ്ങുന്ന കിളികളെ
തിരിച്ചുവിളിക്കാത്ത മണ്ണും ;
പറന്നു നടക്കുന്ന മേഘങ്ങളെ 
ഉറവകാട്ടി കൊതിപ്പിച്ച മരവും ,
കൊത്തുകൂടാതെ
മുത്തിമുത്തി പെയ്ത്
ആണും പെണ്ണുമാവുമ്പോൾ
അവയെ ചൂണ്ടി
ഞാനും നീയും പിടിവിട്ട്
പഞ്ചവർണ്ണ പക്ഷികളാവും .

ഇഷ്ടമുള്ളോർ ഇഷ്ടമുള്ളോരുടെ 
കൈപിടിക്കുന്നതിൻ്റെ
രജതവാർഷികത്തിന്
ഭൂമിയിലെ സർവ്വഗ്രന്ഥങ്ങളും
പുരാണങ്ങളും
കടലിൽ ചാടിയൊളിക്കും
മൂന്നിൻ്റെന്ന് വീർത്ത്
തീരത്തടിഞ്ഞത്
ഏതോ പാഠപുസ്തകത്തിലെ
ഏടുകീറി
ആരോ പടച്ചു പറത്തിക്കളിച്ച
ഒരു കടലാസ് റോക്കറ്റ് മാത്രം 
പടർന്ന മഷിയിൽ 
കൊഴിഞ്ഞ അക്ഷരങ്ങളിൽ ,
നിഴലിച്ച വായനയിലത് 
സ്വാ ...ന്ത്ര്യം, ...മത്വം, സാ...ദര്യം .

ആ തീരമണലിൽ ദർഭ മുളയ്ക്കില്ലെന്നറിവിൽ 
ഇനിയൊരു ഇതിഹാസത്തിന്
സാനുക്കളിൽ
ഹിമമണി തപിക്കട്ടെ .

.......................
നുജൂദ്* - പത്ത് വയസ്സിൽ വിവാഹമോചനം നേടിയ പെൺകുട്ടി .

**********
കൃപ അമ്പാടി :

പട്ടാമ്പി സ്വദേശിയായ കൃപ
പത്തനംതിട്ടയിൽ താമസിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. സോഷ്യൽ സയൻസിൽ ബി. എഡ്.
നൃത്തം നാടകം ഇവയിൽ പരിശീലകയായ ഇവർ മോണോ ആക്ടിൽ പ്രൊഫഷനൽ ട്രെയിനറുമാണ് .

2005 ൽ നേർകാഴ്ച്ചച്ച -  പുതു കവികളുടെ കവിതാസമാഹാരത്തിൽ കവിത വന്നതിനു ശേഷം 2016 ൽ ''ചെമ്പരത്തി " - 
മൈത്രി ബുക്സ് 
2021 ൽ " നാൽപ്പത്തിയാറ് " -  സാഹിതി , തിരുവനന്തപുരം 
" സമകാലീന മലയാളം കവിതകൾ  2021 "  - ലൈഫ് ബുക്സ് തുടങ്ങിയ സമാഹാരങ്ങളിൽ കവിതകൾ എഴുതി . **********

സമീപകാലത്ത് ,  ശ്രവ്യ മാധ്യമങ്ങൾ , നിരവധി ഓൺ ലൈൻ മാസികകൾ , വിവിധ അച്ചടിമാധ്യമങ്ങൾ , കലാകൗമുദി ,  മാധ്യമം വാരാന്തം , പ്രസാധകൻ , എഴുത്ത് തുടങ്ങിയ ആനുകാലികങ്ങൾ  ഇവയിൽ കവിതകൾ പ്രസിദ്ധീകരിച്ചു .
സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിൽ മലയാളം മിഷൻ റേഡിയോ മലയാളത്തിനു വേണ്ടി മുതിർന്ന എഴുത്തുകാരുമായി അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ റേഡിയോകളിലും പൊതുപരിപാടികളിലും പുസ്തക വിശകലനം കവിത വിശകലനം ഇവ അവതരിപ്പിച്ചിട്ടുണ്ട്. 
**********

Comments

(Not more than 100 words.)