വാലന്റീന മെലണി  - വിവർത്തനം : റാഷ്

വാലന്റീന മെലണി - വിവർത്തനം : റാഷ്

കവിതകൾ 

           - വാലന്റീന മെലണി

 വിവർത്തനം - റാഷ്

 

1.

വനം     

 

കാറ്റിലാടുന്ന ഇലയായിരുന്നു ഞാൻ 

വാക്കുകൾ തൂങ്ങുന്ന ശാഖയായിരുന്നു ഞാൻ.

സ്വപ്നങ്ങളെ പരിരംഭണം ചെയ്യുന്ന 

നീണ്ട മുടിയുള്ള ഫേൺ ആയിരുന്നു ഞാൻ,

ഇരുളിൽ അന്തമില്ലാതെ പോകുന്ന വഴിയെ

മാന്ത്രികതയിൽ ആഴ്ത്തുന്ന പച്ചയായിരുന്നു ഞാൻ.

റൊട്ടിയും ഉരസിയ പാടുകളും 

കുഞ്ഞുകാൽപ്പാടുകളുമുള്ള

മരത്തോലായിരുന്നു ഞാൻ. 

 

ഞാനായിരുന്നു വെളിച്ചം, ശാഖകൾക്കിടയിലൂടെ 

തിളങ്ങുന്ന വെയിൽ, ഒരു പറക്കലിന്റെ പ്രതീക്ഷ,

പൂക്കളിൽ നൃത്തം ചെയ്യുന്ന തേനീച്ച.

 

ഒരു ചെറു പറവയായിരുന്നു ഞാൻ,

സ്വയം മറഞ്ഞിരുന്നു പാടുന്ന ഒരു കുയിൽ,

കാറ്റായിരുന്നു ഞാൻ, അതെ, കാറ്റായിരുന്നു,

ശബ്ദഘോഷത്തോടെ തലയ്ക്കു മുകളിൽ പായുന്ന കാറ്റ്.

 

ഞാൻ മഴയായിരുന്നു,

ഇടിവെട്ടിപ്പെയ്യുന്ന ഘോരമഴ.

 

അനിശ്ചിതത്വത്തോടെ മുന്നോട്ടു വെക്കുന്ന കാൽവെപ്പ്,

മൂകമായ ഒച്ച.

സ്വന്തം മാലാഖമാരോട് സംസാരിക്കുന്ന 

ഒരു ശിശുവിന്റെ പതുങ്ങിയ സ്വരം.

 

കിളച്ചുമറിച്ച നിലമായിരുന്നു ഞാൻ,

കഴുത്തുയർത്തി പറക്കുന്ന അരയന്നം.

ഓക്ക് മരത്തിന്റെ ഉറങ്ങുന്ന കായ്,

മാംസളതയിൽ തൂങ്ങി നിൽക്കുന്ന വിത്ത്.

 

ചെന്നായയുടെ പ്രൗഢമായ നോട്ടമായിരുന്നു ഞാൻ.

 

മാപ്പായിരുന്നു ഞാൻ.

മേഘങ്ങൾ മറച്ച മാനം,

മൂങ്ങയുടെ നിലവിളി,

ഒരു ചിത്രശലഭം, 

ഞാൻ ആകുന്നതെന്തോ അതിന്റെ 

മുഴുമയായിരുന്നു ഞാൻ.

 

വെളിപ്പെടുന്ന രഹസ്യമായിരുന്നു ഞാൻ.

നിങ്ങൾ അമ്മയെന്ന് വിളിക്കുന്ന ഒന്ന്,

ലോകത്തിന്റെ വായുസഞ്ചാരം, ഒരു ശ്വാസം,

ആത്മാവിന്റെ ദീർഘനിശ്വാസം.

 

2.

മരങ്ങളോട് സംസാരിക്കുന്ന കൊച്ചു പെൺകുട്ടി

 

മരങ്ങളോട് സംസാരിക്കുന്ന ഒരു

കൊച്ചു പെണ്കുട്ടിയുണ്ടോ എന്ന്

ആരൊക്കെയോ സംശയിക്കുന്നു.

 

ഒരു തകരപ്പെട്ടിയിൽ അടക്കിയ

ഒരു സ്വപ്നമുണ്ട് അവളുടെ കൈയ്യിൽ.

ആ കത്തോ സ്വപ്നമോ ആരും

ഇത് വരെ തൊട്ടു നോക്കിയിട്ടില്ല.

 

ആർക്കറിയാം അത്? പെൺകുട്ടി മരങ്ങളോട്

പറഞ്ഞതെന്താവാം എന്ന് ആരോ ചിന്തിക്കുന്നു.

 

തകരവും കാറ്റിന്റെ വേരുകളും

മെടഞ്ഞുണ്ടാക്കിയ ഒരു സ്വപ്നം.

അവളോ, പെട്ടിക്കപ്പുറത്തു നിന്ന് എത്തിനോക്കുന്നു.

 

അങ്ങനെയൊരു പെൺകുട്ടി ഉണ്ടായിരുന്നോ എന്ന്

ആരോ അത്ഭുതപ്പെടുന്നു .

 

ഞാനവളുടെ തകരപ്പെട്ടി കണ്ടെത്തി.

തോട്ടത്തിലെ ഒരു മരത്തിനടിയിൽ

കുഴിച്ചിട്ടിരിക്കയായിരുന്നു.

 

വിറകൈകളോടെ ഞാനതു തുറന്നപ്പോൾ

എല്ലാ വാക്കുകളും പറന്നു പോയി,

സ്വപ്നത്തിൽ അവ വാടിയിരുന്നു.

കേൾക്കാൻ ആരുമില്ലായിരുന്നു.

 

മരം മാത്രം അവിടെ നില കൊണ്ടു -

പുതിയ ഇലകൾ തളിർക്കുവാനായി,

വർത്തമാനത്തിന്റെ ഭാവിയിലോ ഉള്ള

അടുത്ത വരവിനു വേണ്ടി.

 

തകരപ്പെട്ടിയുള്ള പെണ്കുട്ടിയോ,  

അവൾ അവളാകാൻ ഇടയില്ല,

അത് കൈയ്യിൽ പിടിച്ചു നിൽക്കുന്ന അവൾ.

ഇനിയും കളിചിരികളിൽ മുഴുകാൻ

അറിയില്ലെങ്കിൽ,

കേൾക്കാൻ കഴിയുന്നില്ലെങ്കിൽ,

അവൾ ഇല്ല.

 

മരങ്ങളോട് സംസാരിക്കുന്ന പെൺകുട്ടി.

അവൾക്കു

ഇനിയും അത് തുടരാൻ ആവില്ലേ?

അതോ, ആകുമോ?

 

3.

മാലാഖയും പ്രപഞ്ചവും

 

അവനും പ്രപഞ്ചവും

നില നിന്നിരുന്നു

നിശബ്ദതയുടെ അടിത്തട്ട് തൊടാൻ.

 

മരം ഒരു ലോകമാണ് 

ഒരു ശിശുവിന്റെ വേരുകളെ 

പരിപോഷിപ്പിക്കാൻ.  

 

ശിശുവും ഒരു മരമാണ്

പുതിയ രത്നങ്ങളെ വിതറിക്കൊണ്ട് 

സ്വർഗത്തിലേക്ക് ശാഖകളെ

നയിക്കാൻ. 

 

അവർ പരസ്പരം പറഞ്ഞതെന്തെന്നു ആർക്കും അറിയില്ല.

കൊടുംകാട്ടിന്റെ ഗഹനതയിൽ 

രഹസ്യങ്ങളായി അവ മറഞ്ഞിരിക്കുന്നു.

 

മരങ്ങളോട് സംസാരിച്ചിരുന്ന ശിശു

ഒടുവിൽ മുതിർന്ന ആളാകുന്നു. 

ശിശുവിനെ മരം അതിന്റെ തോലിനുള്ളിൽ ഒളിപ്പിക്കുന്നു.

മെല്ലെ, അതിനു വയസ്സാവുന്നു.

 

അതെന്താണ് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നതെന്നു 

ആരും അറിയുന്നില്ല.

 

മരവും മനുഷ്യനും ഇപ്പോഴും നില നിൽക്കുന്നു

നിശബ്ദതയുടെ അടിത്തട്ട് തൊടാൻ.

അവർ സംസാരിക്കുന്നതെന്തെന്നു ആരും അറിയുന്നില്ല.

 

ഒരുപക്ഷെ, അവരുടെ രഹസ്യം ഇത്ര മാത്രമായിരിക്കാം:

ശ്രദ്ധിച്ചു കേൾക്കുക, ഇലകൾ പൊഴിക്കുക,

വർഷങ്ങളിലൂടെ ജീവിക്കുന്നത് അനുഭവിക്കുക,

അതെന്തായിരുന്നു, എന്താണ്, എന്താകും എന്ന് 

വെളിവാക്കുക.

 

മരം ഒരു ലോകമാണ്

മനുഷ്യഹൃദയത്തിലേക്കു മുളയ്ക്കുന്നത്.

 

മനുഷ്യൻ മരമാണ്

ഇലകളെ സ്വതന്ത്രങ്ങളാക്കി

കാറ്റിൽ പറക്കാൻ വിടുന്നത്. 

 

മാലാഖയും പ്രപഞ്ചവും ഇപ്പോഴും നില കൊള്ളുന്നുണ്ട് 

നിശബ്ദതയുടെ അടിത്തട്ട് തൊടാനായി.

 

വാലെന്റിന മെലണി :

1976 ൽ റോമിലാണ് വാലെന്റിന മെലണി ജനിച്ചത്. സാഹിത്യത്തിന് പുറമെ ക്ലാസ്സിക്കൽ മ്യൂസിക്കിലും പിയാനോവിലും ശിക്ഷണം ലഭിച്ചിട്ടുള്ള ഇവർ വനഭൂമിയോട് ചേർന്ന് നിൽക്കുന്ന ഒരു പട്ടണത്തിലാണ് 2007 തൊട്ടു താമസം. നിരവധി കൃതികളുടെ കർത്താവാണെങ്കിലും കവിതയിലും വിവർത്തനത്തിലുമാണ് അവർ കൂടുതൽ ശ്രദ്ധിക്കുന്നത്.

അവർക്കു ബന്ധമുള്ള കൃതികളും പദ്ധതികളും - Nei Giardini ഡി Suzhou (2015), Le regole del controdolore (2016), Alambic (2018), Nanita

(Otata’s Bookshelf, 2017), Eva, പെൺ ശിശു ഹത്യ, ജൻഡറിനെ അടിസ്ഥാനപ്പെടുത്തിയ അക്രമം എന്നിവയെ കുറിച്ചുള്ള ഒരു ഫോട്ടോ- കവിതാ സംരംഭം 

(2018), പല സാഹിത്യമാസികകളിലും നരവംശശാസ്ത്ര പഠന സമാഹാരങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കവിതകൾ,കഥകൾ, ലേഖനങ്ങൾ.

 

2007 ൽ അവർ തുടങ്ങിയ “Those Who Talk to the Trees” “Poems on the Tree”, എന്നീ ബ്ലോഗുകളിൽ അവർ എഴുതുന്ന കവിതകളിൽ പാരിസ്ഥിതിക ആത്മീയത, ആവാസവ്യവസ്ഥ , വനം, മരം, പ്രകൃതി എന്നിവയാണ് വിഷയങ്ങളായി വരുന്നത്.

Comments

(Not more than 100 words.)