കവിതകൾ - ഹാഷിദ ഹൈദ്രോസ്
***********
1.
പാല് പിരിയുന്ന മണം
*********
പത്രക്കാരനും പാൽക്കാരനും ഇന്നവധിയാണത്രെ , സമരമാണത്രെ !
നരച്ച പകലിന്റെ ഉമ്മറത്ത്
കോട്ടുവായിട്ട് കിടക്കുന്നു ,ഇന്നലത്തെ പത്രങ്ങൾ.
മുറവിളി കൂട്ടിയും മൂക്ക് പിഴിഞ്ഞും
അവ ഒച്ച വെച്ചു.
ചില താളുകളിൽ ,പാതി ദ്രവിച്ചെങ്കിലും
അഹിംസയുടെ ഇഴചേർത്ത ചർക്കയുണ്ട്.
ചിലത് ചുവന്നിരുന്നു,
കഴുമരത്തിൽ തളിർത്ത പൂക്കൾ കൊണ്ട്.
മുപ്പത് വെള്ളിക്കാശിന് എല്ലാം തൂക്കി വിറ്റേക്കാം.
എന്നിട്ടൊരു പശുവിനെ വാങ്ങണം.
വെളുത്ത പാല് ചുരത്തുന്നത് തന്നെ വേണം!
മുൻപ്,
പല നിറത്തിലുള്ള പാല് ചുരത്തിയതോണ്ട്,
കറവ വറ്റാത്തൊരു പശുവിനെ
വെടിവെച്ച് കൊന്ന വാർത്തയുണ്ടായ്രുന്നു
പലനിറപ്പാൽ ചുരത്തിപ്പിടഞ്ഞത് കണ്ട്,
ആകാശം അന്ന് മഴവില്ല് തീർത്ത് സമരം ചെയ്തു !
അതിന്, അന്നെത്ര പക്ഷികളുടെ ചിറകുകളറുത്തു!!
പാൽ കൊടുത്ത കയ്യിൽ കൊത്തിയ ,
വിഷം തന്നെയാണ് വേരുകളിൽ പുരണ്ടതെന്ന്
ഉണക്ക മരങ്ങൾ മൊഴി കൊടുത്തു.
ഏതോ അറവുകാരൻ്റെ അലാറം കേട്ട്
ഞെട്ടിയ ഓർമ്മയിൽ നിന്ന്
എന്തോ മനംപുരട്ടുന്നത് പോലെ,
അതെ...
കുടിച്ച മുലപ്പാലടക്കം പുളിച്ചു തികട്ടിവരുന്നത് പോലെ .
പത്രക്കാരനും പാൽക്കാരനും
നാളെ കൂടി അവധിയെടുക്കട്ടെ!
2.
മുറിഞ്ഞു പോയവ..
*********
മുറിഞ്ഞു പോയവയൊക്കെ തുന്നിച്ചേർക്കണായ്രുന്നു..
കാലത്തിന്റെ കിതപ്പിൽ ബലമറ്റു ക്ഷയിച്ചു പോയവയെ വീണ്ടും നനച്ചു നടണം.
പാതിയാക്കിയ ചിത്രങ്ങളിൽ നരച്ചു തുടങ്ങുന്നിടത്ത് ചാലിക്കണം നിറങ്ങൾ.
അട്ടത്ത് കാലൊടിഞ്ഞ് കിടക്കുന്ന
മര വണ്ടി പൊടിതട്ടി ഓടിക്കണം.
ചില്ല് പൊട്ടിയ കാലിഡോസ്കോപ്പ് ഒന്നുകൂടി
പശ വെച്ചൊട്ടിച്ച് ഒന്നുകൂടി കാണണം
പഴയ കാഴ്ചകൾ...
മുറിഞ്ഞു പോയ വാക്കുകളെയെല്ലാം
തിരഞ്ഞ് പിടിച്ച് പിണക്കം മറന്ന്
വർത്തമാനം പറയണം..
3.
മൂന്നാം മുലക്കണ്ണ്
*********
ശൂർപ്പണഖയുടെ മുറിച്ചു കളഞ്ഞ
മുലകളാണീ മുരിക്കു മരങ്ങൾ.
കൂർത്ത മുലക്കണ്ണുകളാൽ
അവളിന്നും ചോര കിനിയുന്നു!
ഈ കാഞ്ഞിരം,
പൂതന വിഷം ചുരന്നുണ്ടായതാണ്
ആദ്യം കയ്ക്കും,
പിന്നെ മരിക്കും!
ഭൂമിയിലേക്കു പോരാൻ നേരം,ഹവ്വ
സ്വർഗ്ഗത്തിലൊളിപ്പിച്ച തൻറെ
മൂന്നാം മുലക്കണ്ണിൽ നിന്നും
വിലക്കപ്പെടാത്ത കനികൾ പൊഴിച്ചു!
***********
ഹാഷിദ ഹൈദ്രോസ് :
വടകര താഴെയങ്ങാടി സ്വദേശി.
പ്രൊവിഡൻസ് വിമൻസ് കോളേജിൽ നിന്ന് ബിരുദം (BSc). NIELIT Calicut ൽ ന്ന് ബിരുദാനന്തര ബിരുദം (MCA).
കാലിക്കറ്റ് സര്‍വകലാശാലയിലും ഐ. എച്ച്. ആർ. ഡി. യിലും അസ്സിസ്റ്റൻറ് പ്രൊഫസ്സർ ആയി മുന്പ് ജോലി ചെയ്തിരുന്നു (2017, 2018).
നിലവിൽ ഇപ്പോൾ കേന്ദ്ര കേരള സര്‍വകലാശാല യിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തില്‍ ഗവേഷണ വിദ്യാർത്ഥി (2019 - Present).
കവിത, ചെറുകഥ, ചിത്രരചന തുടങ്ങിയവയിൽ താത്പര്യമുണ്ട്.
My Blog :
https://mashippaadukal.blogspot.com/2020/05/blog-post.html?m=1
***********