കാഴ്ചപ്പടർപ്പുകൾ : ഭാഗം -1
- അപർണ ബി കല്ലടിക്കോട്
**********
പിൻവാതിലുകളുടെ ജീവചരിത്രം: ആർ സംഗീതയുടെ കവിത വായിക്കുന്നു .
***********
ആർ സംഗീതയുടെ കവിതകൾ കുറച്ചേറെക്കാലമായി സ്ഥിരമായി വായിക്കുന്നൊരാൾക്ക് അതിലെ ബിംബങ്ങളുടെ കലർപ്പില്ലായ്മയും പെൺമയുടെ വിസ്മയിപ്പിക്കുന്ന പ്രതിനിധാനങ്ങളും തികച്ചും പരിചിതമായിരിക്കും. ജീവിതനാടകത്തിലെ പല പല രംഗങ്ങൾ സംഗീതയുടെ എഴുത്തിൽ പ്രത്യക്ഷപ്പെട്ട് നമ്മെ സൂക്ഷ്മ തലത്തിലുള്ള സംവേദനങ്ങളിലേക്ക് കൈപിടിക്കും. ജലവും ജലാശയവും ജലജീവികളും വീടും പച്ചപ്പും കിളികളും ഏകാന്തമായ മനുഷ്യരും കാലവും തമ്മിൽ പിണഞ്ഞിരിക്കുന്ന വലിയൊരു ലോകമാണ് കവിതയിൽ ആർ സംഗീത വരച്ചിടുന്നത്. 'ഒറ്റയ്ക്ക് കടൽ വരയ്ക്കുന്നൊരാളും' 'രണ്ടു നേരങ്ങളിൽ മിണ്ടി തുടങ്ങുന്നൊരു വീടും ' 'തോറ്റവരുടെ സുവിശേഷവും' മരണപ്പെട്ടവരുടെ മുറിയും' 'ദൈവവുമൊത്ത് സാറ്റ് കളിക്കുന്ന കുട്ടിയും' വീട്ടിനുള്ളിലെ ഇരുട്ടിൽ ഒളിച്ചിരിപ്പുള്ള ദൈവത്തോട് " ഉടനെ വെളിച്ചപ്പെടല്ലേ, ഞാനിത്തിരി കൂടി നടന്നോട്ടെ" യെന്നു പറയുന്ന കുഞ്ഞന്നയും ജസീന്തയുടെ രഹസ്യ കൂട്ടുകാരിയും ഒക്കെയായി സംഗീതയുടെ കവിതകൾ ഒരു സവിശേഷ ലോകം സൃഷ്ടിക്കുന്നുണ്ട്. ക്യൂബയെ മുഴുവനായി ഗർഭത്തിൽ പേറിയാൽ മാത്രമേ മാതൃത്വം പൂർണ്ണമാവൂ എന്നെഴുതുന്ന കവയിത്രി വായനക്കാരെ കൊണ്ട് 'അമ്മ'യെന്ന വാക്കിൻറെ വിശാലമായ അർത്ഥങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്നു. ' പറക്കലിനിടെ കൊഴിഞ്ഞു പോയ തൂവലിന്റെ ഓർമ്മ " നനഞ്ഞ പഞ്ഞി കണക്ക് പക്ഷിമേൽ പറ്റിപ്പിടിച്ചിരുന്ന് അതിന് കനമേറ്റുന്നത് തിരിച്ചറിയുന്ന ചില്ലയിലാണ് സംഗീതയുടെ കവിതകൾ ചേക്കേറുന്നത്. മനുഷ്യനോട് പ്രത്യേകിച്ച് സ്ത്രീകളോട് സംവദിക്കാൻ സംഗീതയുടെ കവിതകൾ പ്രത്യേകമായൊരു ഇന്ദ്രിയത ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നുതോന്നും, പലപ്പോഴും.
വളരെ ലളിതമെന്നു വായിക്കപ്പെടാവുന്ന, അതേസമയം അറിയാതെ മനസ്സിലെവിടെയോ കൊണ്ട് ഓർമ്മകളുടെ ചോരയിറ്റിക്കുന്ന ഒരു മുള്ളാണ് സംഗീതയുടെ ' പിൻവാതിൽ' എന്ന കവിത. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തോളം സാധാരണവും എന്നാൽ അതേസമയം തന്നെ സങ്കീർണവുമായ ഒന്നാണീ കവിത. കവിത തുടങ്ങുന്നത് പിൻവാതിലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പറഞ്ഞാണ്. ശാരീരികാവശതകളെക്കുറിച്ചുള്ള പഴകിപ്പതിഞ്ഞ ഒരാവലാതിയുടെ രൂപത്തിലാണത്.
"പഴയ പോലെ വയ്യ
തിളക്കമുണ്ട്
എന്ന് വച്ചാൽ
നാഴികയ്ക്ക് നാപ്പതുവട്ടം
തുറന്നും അടച്ചും
സ്വൈര്യം കൊടുക്കുന്നുണ്ടോ
മെഴുക്കും കരീം പറ്റി
ആകെയങ്ങു കോലംകെട്ട്പോയി"
തലക്കെട്ട് മാറ്റിവച്ചു വായിച്ചാൽ ഈ വരികൾ അടുക്കളയിൽ അഹോരാത്രം പണിയെടുക്കുന്ന പഴന്തുണി പോലുള്ളൊരു വീട്ടമ്മയെക്കുറിച്ചാണെന്ന് തോന്നുന്നത് സ്വാഭാവികം.തലക്കെട്ടിൽ തന്നെയുള്ള സ്ത്രീയെ /വീട്ടമ്മയെ പിൻവാതിലിനോടുപമിച്ചു കൊണ്ടുള്ള കവയിത്രിയുടെ എഴുത്ത് സാധൂകരിക്കപ്പെടുന്നത് ശേഷമുള്ള ഈ വഴികളിലൂടെയാണ്. മുൻവാതിൽ പോലെയല്ല പിൻവാതിൽ. മുൻവാതിൽ 'കാഴ്ച' യ്ക്ക്കൂടിയുള്ളതാണ്. മുൻവാതിൽ പ്രതാപത്തിന്റേയും അധികാരത്തിന്റേയും അടയാളമാണ്. അത് വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളപ്പെടുത്തലായാണ് നിൽക്കുന്നത്. പിൻവാതിലിന് കാഴ്ചയിൽ ഭംഗിയില്ലാത്തതുപോലെ, അധികാരത്തിലും പങ്കില്ല. ചുരുക്കത്തിൽ മുൻവാതിൽ ഗൃഹനാഥനും പിൻവാതിൽ വീട്ടമ്മയുമാവുന്നു. അഥവാ മുൻവാതിൽ പുല്ലിംഗവും പിൻവാതിൽ സ്ത്രീലിംഗവുമാവുന്നു.
മുൻവാതിൽ ഈട്ടിയിൽ നിർമ്മിച്ച് ചാടാനോങ്ങുന്ന പുലിക്കുട്ടിയെ കൊത്തി സ്വത്വം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വേണ്ടപ്പെട്ടവരെല്ലാം അതുവഴി വരുമ്പോൾ പിൻവാതിൽ ആ പ്രിവിലേജുകളില്ലാത്തവരുടെ അഭയസ്ഥാനമാണ്. അടുത്ത വീട്ടീന്ന് കടം ചോദിക്കാൻ വരുന്നവരും ചെറുപണികൾക്ക് വരുന്നവരും, കടം ചോദിക്കാൻ വരുന്നവരും, മുൻവാതിലിലൂടെ കയറാൻ മാത്രം അന്തസ്സില്ലെന്ന് സ്വയം വിചാരിക്കുന്നവരും സമൂഹം വിധിക്കുന്നവരും പിൻവാതിൽ വഴി വരാറുണ്ട്.
മുൻവാതിൽ മിക്കപ്പോഴും കൊട്ടിയടച്ചിരിക്കും. ഉള്ളിലെ കാഴ്ചകളെ പുറത്തേക്കും പുറത്തെ കാഴ്ചകളെ ഉള്ളിലേക്കും അനാവശ്യമായി കടത്തിവിടാതിരിക്കാനുംകൂടിയാണിത്. പിൻവാതിൽ കാലം ചൊല്ലുന്നതിനനുസരിച്ച് കോലം കെടും. പലവട്ടം തുറന്നുമടച്ചും, അടുക്കളയിലെ കറിയും മെഴുക്കും പറ്റിയും അത് ആരോഗ്യവും സൗന്ദര്യവും നശിച്ച് കോലം കെട്ടു പോവുകയാണ്.ആരുമതിന് വിശ്രമം അനുവദിക്കുന്നില്ല. ചില ഭാഗങ്ങളിൽ ഇളക്കമുണ്ട്, എന്നാലും ആരും അത് കാര്യമായി എടുക്കുന്നില്ല.പിൻവാതിലിന്റെ കടമയാണത് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എല്ലാവർക്കുമൊരു തോന്നലുണ്ട്.
എന്നാൽ കെട്ടുക്കാഴ്ചകൾക്കപ്പുറം വ്യക്തമാവുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട് വീടുകളുടേയും വാതിലുകളുടേയും രാഷ്ട്രീയത്തിൽ. ഓർക്കാപ്പുറത്താരെങ്കിലും വന്നാൽ പാലു വാങ്ങാൻ കടയിലേക്കോടുന്നതും, പിരിവുകാരെ കാണാതെ അപ്പൻ മുങ്ങുന്നതും പിറകിലെ വാതിലിലൂടെയാണ്. പുലർച്ചെ ആദ്യം തുറക്കുന്നതും ദിവസത്തിന്റെ അവസാനം അടയ്ക്കുന്നതും ആ വാതിലാണ്. നേരം പുലരുമ്പോൾ തൊട്ട് രാത്രി വരെ ആ വാതിലങ്ങനെ തുറക്കപ്പെട്ടും അടക്കപ്പെട്ടും, ദൃശ്യമായും അദൃശ്യമായും ഇരിക്കും. തൊങ്ങലുകളൊന്നുമില്ലാതെ, പരാതികൾ പിറുപിറുപ്പിലൊതുക്കി ഒച്ചകളിൽ നിന്നകന്നു നിൽക്കും.
ഒരിക്കൽ മകളുടെ കാമുകൻ ഒറ്റച്ചവിട്ടിന് അതു തുറന്നാണ് അവളെ കൊണ്ടുപോയത്. "ബലമില്ലാത്ത/ വാതിലിനാരുന്നു പഴി മുഴുവൻ". ശ്വാസം കഴിക്കാൻ നേരമില്ലാത്ത, ആവതില്ലാത്ത വാതിലാണെങ്കിലും ബലമില്ലാത്ത തിന്റെ കുറ്റം അതിന്റെ മേലാവുന്നു. മുൻവാതിൽ വീട്ടി കൊണ്ടു കനത്തിൽ പണിയുമ്പോൾ പിൻവാതിലിനത്രയൊന്നും ശ്രദ്ധ കൊടുക്കാത്തോർ, അതിനെ അവഗണിക്കുന്നവർ, ബലമില്ലാത്തതിന്റെ പേരിൽ പഴി പറയുന്നത് രസകരമായ കാര്യമാണ്.
പുറം ലോകത്തുനിന്നും സ്ത്രീകളെ അടർത്തിമാറ്റി വീടിന്റെ അടുക്കളപ്പുറങ്ങളിൽ തളയ്ക്കുമ്പോൾ, വീടിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും അവൾക്കു മേൽ കെട്ടിവയ്ക്കപ്പെടുമ്പോൾ അതു ചെയ്യാനുള്ള വിദ്യാഭ്യാസവും ലോകബോധവും സ്ത്രീക്ക് അനുവദിച്ചു കൊടുക്കാൻ 'വീട് ' വിസമ്മതിക്കുന്നു. എന്നാലുമൊടുവിൽ എല്ലാം പോരായ്മകൾക്കും കുറവുകൾക്കും അവൾ കാരണക്കാരിയാണെന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു.
സാമ്പത്തികനഷ്ടം ,തോൽവികൾ, വീഴ്ചകൾ കുട്ടികളുടെ പഠനത്തിലെ പ്രശ്നങ്ങൾ, അവരുടെ ജീവിതത്തിലെ പിഴവുകൾ, അവരുടെ പ്രണയം എല്ലാത്തിനും ഉത്തരവാദി 'അമ്മ' മാത്രമാവുന്ന എത്രയോ വീടുകൾ ഉണ്ട് നമ്മുടെ നാട്ടിൽ!. എന്നാൽ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അവരുടെ സന്തോഷം എന്നീ കാര്യങ്ങളെല്ലാം വിട്ടുവീഴ്ച്ച ചെയ്യപ്പെടുകയാണുണ്ടാവുന്നത്. 'പിൻവാതിൽ' ഈ യാഥാർത്ഥ്യങ്ങളിലേക്കാണ് തുറന്നു വെച്ചിരിക്കുന്നത്. തുറന്നുമടച്ചും പഴകിയ വാതിൽ, ആവർത്തനങ്ങളാൽ വിരസമാവുന്നതും എന്നാൽ പരിഹാരമുണ്ടാവാത്തതുമായ സ്ത്രീ പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത് .ചില ചിത്രങ്ങൾ കണ്ടു പഴകി, അങ്ങനെയല്ലാതെ നമുക്ക് സങ്കൽപ്പിക്കാനാവാത്തവിധം നമ്മുടെയുള്ളിൽ ഉറഞ്ഞു പോകുന്നതു പോലെയാണ് വീട്ടമ്മയെന്ന ഉപമയും നമ്മളിലേക്കെത്തുന്നത്.
അതിന്റെയവസാനവും തികച്ചും പ്രതീക്ഷിക്കപ്പെടുന്നതാണ്. അവഗണിക്കപ്പെടുന്നതിന്റെ, കുറ്റപ്പെടുത്തലിന്റെ. ഒരു നിമിഷത്തിൽ അവസാന ആണിയും കുടഞ്ഞിട്ട് അത് താഴെ വീഴുന്നു.
"സങ്കടം സഹിക്കാൻ വയ്യാതെ
ആടി നിന്ന വിജാഗിരീലെ
അവസാനത്തെ ആണിയും
കുടഞ്ഞിട്ട്
അത് താഴെ വീണു പോയി…
പാവം."
എന്ന് കവിതയുടെ അവസാനത്തിൽ നമുക്ക് വായിക്കാം. ആ അവസാന ആണി അഴിഞ്ഞു വീണതല്ല, കുടഞ്ഞിട്ടതാണ്. വാതിൽ താഴേക്കാണ് വീഴുന്നത്. ആ വീഴ്ചയിൽ നിന്ന് ഒരുപക്ഷേ, അതൊരിക്കലും തിരിച്ച് എഴുന്നേറ്റു വരില്ല. ഇനിയൊരിക്കലും പഴയ വാതിലാവാൻ അതിനു ശേഷിയുണ്ടാവില്ല. ഒരു പിൻ വാതിലിന് ചെയ്യാൻ കഴിയാവുന്നതിന് തീർച്ചയായും ഒരു പരിധിയുണ്ട്. ഒരു വീടും നാടും ആ പരിധികൾ പണ്ടേ നിശ്ചയിച്ചതാണ്. ഇളകി നിൽക്കുന്ന ആണികൾ കുടഞ്ഞു കളഞ്ഞാൽ താഴെ വീഴുക എന്നതുമാത്രമേ ചെയ്യാനുള്ളൂ. അതിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നവരെപ്പറ്റിയല്ല ഈ കവിത. എഴുന്നേൽക്കാൻ കഴിയാതെ കാഴ്ചകളിൽ നിന്നും അപ്രത്യക്ഷരാകുന്നവരെക്കുറിച്ചാണ്. കാഴ്ചകളിൽ നിന്നും മാറി ഒറ്റയായിരിക്കുന്നവരെക്കുറിച്ചും ആരുമറിയാതെ അപ്രത്യക്ഷരാവുന്നരെക്കുറിച്ചുമല്ലാതെ മറ്റാരെ കുറിച്ചാണ് ഒരു കവയിത്രി എഴുതേണ്ടത്? മറ്റാരെക്കുറിച്ചാണ് സംഗീതയെപ്പോലെലൊരു എഴുത്തുകാരി ആകുലപ്പെടേണ്ടത്? ഈ കരുതലും ഐക്യപ്പെടലും സംഗീതയുടെ കവിതാ വിവർത്തനങ്ങൾക്കും സൗന്ദര്യം നൽകുന്നുണ്ട്.പറക്കലിനിടെ കൊഴിഞ്ഞു പോവുന്ന തൂവലുകളുടെ ഓർമ്മഭാരങ്ങളില്ലാതെ, അപ്പൂപ്പൻ താടികൾ പോലെ, വിശാലമായ ആകാശങ്ങളിലേക്ക് പറന്നുയരാൻ സംഗീതയുടെ കവിതകൾക്ക് കരുത്തുണ്ട് എന്നതിന് ഇതിൽ കൂടുതൽ തെളിവുകളാവശ്യമില്ലല്ലോ!
ഒരൊറ്റ ബിംബം കൊണ്ട്, ഒറ്റയുപമകൊണ്ട് സ്ത്രീ ജീവിതത്തിൻറെ പിൻവാതിലുകളെ തുറന്നിടാൻ സംഗീതക്ക് കഴിയുന്നിടത്തുണ്ട് കവിതയുടെ ഭാവുകത്വം.