വീട് ഉപേക്ഷിച്ച് പുറത്തേക്കിറങ്ങിയവൾ (അനിത തമ്പിയുടെ കവിതകളുടെ പഠനം)

വീട് ഉപേക്ഷിച്ച് പുറത്തേക്കിറങ്ങിയവൾ
(അനിത തമ്പിയുടെ കവിതകളുടെ പഠനം)
**************
         - സിമിത ലെനീഷ് 
         *******

മലയാള കവിതയിലെ സ്ത്രീ സാന്നിധ്യങ്ങളിൽ തൻ്റെ സ്വരത്തിൻ്റെ മൂർച്ച കവിതയുടെ ആത്മാവിലേക്കിറക്കി വെച്ച ഒരാളാണ് അനിത തമ്പി. പെൺ പ്രത്യയശാസ്ത്രങ്ങളെ തൻ്റെ നിലപാടിലേക്ക് ചേർത്ത് വച്ച് പെണ്ണവസ്ഥയെ ഉടൽ, കുടുംബം എന്നിവയിലൂടെ എഴുതി തെളിയിച്ച് രാഷ്ട്രീയം ,ചരിത്രം, നഗരം, പുരോഗമനം എന്നിവയിലൂടെ പുറത്ത് കടത്തി പെണ്ണെന്നാൽ ഒന്നുമല്ലെന്ന സമൂഹമനസ്ഥിതിയെ
ചോദ്യം ചെയ്യുകയാണ് തൻ്റെ കവിതകളിൽ അനിത തമ്പി. കുടുംബമെന്ന മനോഹര സങ്കൽപ്പത്തിൽ നടുവൊടിഞ്ഞ സ്ത്രീ മുറ്റമടിച്ച് വെടിപ്പാക്കി പുറത്തേക്കിറങ്ങുന്നു. വീടവിടെ അഴുക്കില്ലാതെ പുതച്ചുറങ്ങട്ടെ

അരനൊടി നിന്നാൽ അഴുക്കാവുമിനി
പുറത്തേക്കിറങ്ങുന്നു

എന്ന് പറയുന്നത് അതുകൊണ്ടാണ് .പെണ്ണിൻ്റെ അധ്വാനത്തെ മറച്ച് പിടിക്കുന്ന കുടുംബമെന്ന മനോഹര സങ്കൽപ്പത്തെ അനിത തമ്പിയുടെ കവിത ഭംഗിയായി പൊളിച്ചെഴുതുന്നു.വീടിന് പുറത്താണ് ലോകമെന്ന് അനിതയുടെ കവിതകൾ പെണ്ണുങ്ങളോട് ഉറക്കെ വിളിച്ച് പറയുന്നു. അധ്വാനത്തോളം തന്നെ പെണ്ണിൻ്റെ സർഗ്ഗാത്മകതയും വെല്ലുവിളിക്കപ്പെടുന്നു. വർണ്ണനകളിൽ പൊതിഞ്ഞ് പ്രണയത്തിൻ്റെ അതിലോല ഭാവങ്ങളിലും അമ്മസങ്കൽപ്പങ്ങളിലും ഒതുക്കി വെച്ച മനോഹരിയായ കുലീനയല്ല ഭംഗിയില്ലാത്ത കാലുകളുള്ള ചാടിയ വയറുള്ള അധ്വാനത്താൽ വലഞ്ഞ ഒരു പെണ്ണ് കവിതയിലേക്ക് കേറി വരുമ്പോൾ കവിത കാല്പനികത വിട്ട് യാഥാർത്യത്തോട് മിണ്ടി തുടങ്ങുന്നു.

പതുക്കെ പതുക്കെ
ഓരോ വറ്റിൽ നിന്നും
നീരു വലിഞ്ഞു തുടങ്ങി
തിളച്ചു നുരഞ്ഞിരുന്നതെല്ലാം
തിങ്ങി വാർന്നു തുടങ്ങി (അന്നം)

പുറത്തേക്ക് ഇറങ്ങിയ ലിംഗബോധത്തിൻ്റെ ഉയർന്ന തലങ്ങൾ കവിതയിൽ അച്ഛനും മുത്തച്ഛനും മാത്രമുള്ളതിനെ തിരിച്ചറിയുന്നു. ചരിത്രത്തിൽ അമ്മ ,മുത്തശ്ശി എന്നിവരൊന്നുമില്ലെന്ന പരിഹാസം പുരുഷ അധിപത്യത്തിന് നേരെ തിരിയുന്ന പ്രതിഷേധങ്ങളാണ് .വരവ് എന്ന കവിതയിൽ

അമ്മ, മുത്തശ്ശി
ഓർക്കുന്നില്ലവരൊക്കെ
പെണ്ണുങ്ങൾ തന്നല്ലേ?
കേൾക്കട്ടെ ഒരു പെൺ കവിത
ഓ വരില്ലത്
തെരണ്ടിരിപ്പാണ്

എന്ന് എഴുതുമ്പോൾ പെണ്ണെന്നാൽ ചരിത്രവും സമൂഹവും മറന്ന ഒരു ഉപഭോഗവസ്തുവായി പരിണമിച്ചതിൻ്റെ അടയാളം കൂടിയാണ്.

ചരിത്രപരമായ അംശങ്ങളേയും ഒരു നാടിനേയും കോർത്തിണക്കുന്ന കവിതകൾ നിരീക്ഷണങ്ങളുടെ കവിതാ പരതയെ നമുക്ക് മുന്നിലേക്ക് തുറന്നിടുന്നു. തീക്ഷണമായ ആഖ്യാന പരീക്ഷണങ്ങളിലേക്ക് ചരിത്രത്തെ കൂടി ചേർത്ത് വച്ച് കവി കവിതയെഴുതുമ്പോൾ മൈമുണ്ണി അലിയെ പോലുള്ള സാധാരണ മനുഷ്യർ ഒരു നാടും ആ നാടിൻ്റെ സംസ്കാരവുമായി മാറുന്നു.

ഉച്ചി മുറിവിത്രനാളും നീറ്റിയോൻ അലീക്ക
പച്ചമുറിവായ കൂടാതിപ്പൊഴും അലീക്ക

മൈമുണ്ണി അലി എന്ന മനുഷ്യനിലൂടെ മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ എഴുതുമ്പോൾ കവിത ഒരു കൂട്ടം മനുഷ്യരാകുന്നു ആ മനുഷ്യർ കാലമാകുന്നു. കാലം ചരിത്രത്തിലേക്ക് വഴി മാറുമ്പോൾ കവിത അടയാളപ്പെടുത്തലും കവി ചരിത്രകാരനെ പോലെ വഴികാട്ടിയും ആകുന്നു.

ഇത്തരം ദിശാബോധമുള്ള ഉറച്ച വരികൾക്കിടയിലും തികച്ചും നിസഹായയായി പോകുന്ന ഒരു സാധാരണ പെണ്ണ് ചോദിക്കുന്നു

എന്നെ കടന്ന് പോയാൽ
തിരിച്ചറിയുമോ
എൻ്റെ കളഞ്ഞു പോയ ഉടുപ്പ് (കളഞ്ഞു പോയ ഉടുപ്പ് )

അത്രയേറെ പ്രിയം കൊണ്ട്
നീർകൊണ്ട മിഴികളിൽ
വഞ്ചിക്കുന്നി നാം എത്രയോ
നേരമങ്ങനെ നിന്നിരുന്നു

സവാരി എന്ന കവിതയിൽ പ്രണയത്തിൽ നീർ കൊണ്ട മിഴികളുമായി ഒരുവൾ നിശ്ചലയാകുന്നു.

അനിത തമ്പിയുടെ കവിതകൾ തികച്ചും ശാന്തമായ അനുഭവ പരിസരങ്ങളിൽ തുടങ്ങി പ്രക്ഷുബ്ധമായ ജീവിത പരിസരങ്ങളിലേക്ക് നമ്മെ കുടഞ്ഞിടുന്നു. പെൺവായനയിൽ കാണുന്ന ലോകം വിരിച്ചിടുമ്പോൾ കവിതയിലെ വിഷയങ്ങൾ പലതാവുന്നു. ചരിത്രവും ഭൂമിശാസ്ത്രവും വിവരിച്ച് കവിതയുടെ ഭൂപടത്തെ നീട്ടി വരച്ച് കാലത്തെ അടയാളപ്പെടുത്തുന്ന ഈ കവിതകളിൽ കാഴ്ചകളിലെ വൈവിധ്യം നിറയുന്നു. ഭാഷ ഗദ്യകവിതാ പരിസരത്തെ കൂടുതൽ തെളിമയുള്ളതാക്കുന്നു.പൊതുബോധത്തിലേക്ക് ലിംഗനീതിയെന്ന തത്വത്തെ ഇറക്കി നിർത്തുന്നു.പുറം ലോകത്തെ കാഴ്ചകളിൽ അടയാളപ്പെടുത്തേണ്ട പെണ്ണ് എന്ന മായ്ക്കാനാവാത്ത കാഴ്ചയെ ഒരുവൾ സ്യഷ്ടിക്കുന്നു. അപ്പോൾ കവിത തുല്യനീതിയുമായി സംവദിക്കുന്നു. ഇവിടെ കവി തന്നെ കവിതയായി രൂപാന്തരം പ്രാപിക്കുന്നു.

Comments

(Not more than 100 words.)