കമലാ ദാസിൻ്റെ കവിതകൾ : കല്പനയുടെ സ്വാച്ഛന്ദ്യങ്ങൾ

കമലാ ദാസിൻ്റെ കവിതകൾ : കല്പനയുടെ സ്വാച്ഛന്ദ്യങ്ങൾ
*******************
        '                    - ഇ.എം.സുരജ
                              ******

മാധവിക്കുട്ടിയും കമലദാസും ഒരാളായിരുന്നുവോ? മാധവിക്കുട്ടി കഥകളും കമലദാസ് കവിതകളും ( അതും ഇംഗ്ലീഷിൽ) ആണ് എഴുതിയത്. അവർ രണ്ടു പേരും ഒന്നായിരിക്കെത്തന്നെ രണ്ടാളുകളും ആയിരുന്നു. 'കോലാട്' എന്ന കഥയും അതേ പേരിലുള്ള കവിതയും ചേർത്തു വായിച്ചു നോക്കുക. രണ്ടും ഒരേ സ്ത്രീയെക്കുറിച്ചാണ്. പക്ഷേ, കവിത ഏറെ സൂക്ഷ്മമാണ്, ഏകാഗ്രമാണ്, ഏകമുഖമാണ്. വിശദാംശങ്ങളിൽ പലതും ഒഴിവാക്കപ്പെട്ടിരിക്കുന്നു. നഷ്ട യൗവ്വനത്തെക്കുറിച്ചോ, മക്കളുടെ പരിഹാസത്തെക്കുറിച്ചോ കവിത മിണ്ടുന്നില്ല. അസുഖം വന്നു തളർന്നാലും ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും അടുക്കള ഒഴിഞ്ഞു പോകാത്ത, ഒരു സ്ത്രീയുടെ, ഒരിന്ത്യക്കാരിയുടെ, ആധിയും നിസ്സഹായതയുമാണ് കവിതയുടെ കേന്ദ്രം.

വളരെ അയവുള്ള ഒരു ഘടനയാണ് കമലയുടെ കവിതകളിൽ കാണുക; സാമ്പ്രദായികതയുടെ മുറുക്കത്തേക്കാൾ കല്പനയുടെ സ്വാച്ഛന്ദ്യമുള്ള ശൈലി. 
ബാല്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെയാണ് അവർ അധികവും എഴുതിയത്. എന്നാൽ,
അവരുടെ ഏതു കവിതയിലും ഒരു സ്ത്രീയുണ്ട്. യജമാനത്തിയായിട്ടോ, ജോലിക്കാരത്തിയായിട്ടോ പ്രത്യക്ഷപ്പെടുന്നവൾ;  വീട്ടമ്മയായോ പ്രണയിനിയായോ രൂപം മാറുന്നവൾ; ബാല്യത്തേയോ കൗമാരത്തേയോ വിട്ടുകളയാത്തവൾ. പ്രണയത്താൽ ആർദ്രയാകുന്ന, ശരീരത്തെ ആഘോഷിക്കുന്ന, ഉത്തരവാദിത്തങ്ങളിൽ കുടുങ്ങിപ്പോകുന്ന  ഒരുവൾ. അതിനാൽത്തന്നെ, ഒറ്റനോട്ടത്തിൽ വിരുദ്ധമെന്നു പോലും തോന്നാവുന്ന നിരവധി അനുഭവങ്ങൾ അവരുടെ കവിതയിൽ കടന്നു വരുന്നതു കാണാം. ഉദാഹരണത്തിന്, 'വാക്കുകൾ പക്ഷികളാണ്' എന്ന മട്ടിൽ സ്വാതന്ത്ര്യത്തെയറിയുമ്പോൾത്തന്നെ, 'കൃഷ്ണാ,നിൻ്റെ ശരീരം എൻ്റെ തടവറയാണ്' - എന്ന് അസ്വാതന്ത്ര്യത്തിൽ ആഹ്ലാദിയ്ക്കുകയും ചെയ്യുന്നു.

An introduction എന്ന കവിതയിൽ കമല   എഴുതി:
"ഞാൻ ഇന്ത്യക്കാരിയാണ്
തവിട്ടു നിറമുള്ളവൾ
മലബാറിൽ ജനിച്ചവൾ
ഞാൻ മൂന്നു ഭാഷകൾ സംസാരിയ്ക്കുന്നു
രണ്ടിൽ എഴുതുന്നു
ഒന്നിൽ സ്വപ്നം കാണുന്നു - "
ഇംഗ്ലീഷിൽ എഴുതണ്ട എന്നു ബന്ധുക്കളും സുഹൃത്തുക്കളും വിലക്കിയിട്ടും അവർ ആ ഭാഷയിൽ കവിതകളെഴുതി. 'എൻ്റെ കഥ'യെ ആത്മകഥയായി വായിച്ചവർക്ക് ഈ കവിതകളൊന്നും മനസ്സിലാകില്ല എന്നു വിചാരിച്ചിട്ടു കൂടിയാവണം, കവിതകളെഴുതാൻ അവർ ഇംഗ്ലീഷ് തെരഞ്ഞെടുത്തത്. എന്നാൽ, രണ്ടു ഭാഷകളിൽ എഴുതിയിട്ടും, രണ്ടു ശൈലികൾ സ്വീകരിച്ചിട്ടും താനെഴുതുന്നത് ആർക്കും മനസ്സിലാവുന്നില്ലല്ലോ എന്ന വ്യഥ അവസാന കാലം വരെ അവരെ പിൻതുടർന്നിരുന്നു. മലയാളത്തിലേയ്ക്കാക്കിയാൽ ഏറെയൊന്നും ചോർന്നു പോകാത്ത ഇംഗ്ലീഷിൽ, കമലദാസ് എഴുതിയ കവിതകൾ ഗൗരവമുള്ള പുനർവായനകൾ ആവശ്യപ്പെടുന്നുണ്ട് എന്നു മാത്രം ചുരുക്കട്ടെ.

Comments

(Not more than 100 words.)