കവിതകൾ - സവിനകുമാരി

കവിതകൾ - സവിനകുമാരി
*************

1. 
അയയിൽ വിരിച്ചിട്ടത്
*********
എത്രയൊക്കെ കുടഞ്ഞു വിരിച്ചിട്ടും
അസ്വസ്ഥതയുടെ ചുളിവുകളാണു നിറയെ.
സ്നേഹത്തിന്റെ കഞ്ഞിപ്പശയിൽ മുക്കി
ഞാനും അവനും രണ്ടറ്റത്തു നിന്ന്
വലിച്ചു നിവർത്തി അയയിൽ വിരിച്ചതല്ലേ
എന്നിട്ടും ..
വഴക്കിട്ടു പോയ സന്തോഷത്തിന്റെ വെയിൽത്തുള്ളിയെയും കാത്ത്
ഇന്നലെ പെയ്തൊഴിഞ്ഞ സങ്കടമഴയുടെ
ഈർപ്പത്തിൽ കരിമ്പനടിച്ചു
കിടന്നൂ നീ.
ഇനിയൊരിക്കലുമെടുത്തുടുക്കില്ലെന്നു
വിചാരിച്ചാണോ എന്തോ
വെള്ളയും ചുവപ്പും നീലയും മഞ്ഞയും 
ഓറഞ്ചും പേരറിയാത്ത കുറേയേറെ
നിറങ്ങളും തങ്ങളുടെ പൂക്കളെയും പറിച്ചെടുത്ത്
ചെളിമണ്ണിൽ ചവിട്ടി നടന്നു പോയത്.
അപ്പോഴെല്ലാം ജീവിതത്തിന്റെ ഇറയത്ത്
ചാരുകസേരയിൽ
മുന്നോട്ടാഞ്ഞിരുന്ന്
ഒരു കട്ടൻ ചായ
കുടിക്കുകയായിരുന്നു ഞാൻ.
വെളുത്തു നരച്ചു ,
കരിമ്പൻ കുത്തുകൾ 
മാത്രമവശേഷിപ്പിച്ചവർ പോയപ്പോൾ
ഓടി വന്നു നിന്നെ കെട്ടിപ്പിടിച്ചു ഞാൻ.
ആരൊക്കെയുപേക്ഷിച്ചു പോയാലും
നിനക്കു ഞാനില്ലേയെന്നു ചോദിക്കുമ്പോൾ
കണക്കു പരീക്ഷയിൽ തോറ്റു മടങ്ങി വന്ന കുഞ്ഞിനെപ്പോൽ തല കുമ്പിട്ടു
പിന്നെയും നീ അയയിൽ തൂങ്ങിക്കിടന്നു.
ആ സന്തോഷമിങ്ങു വരട്ടെ,
ഇരുട്ടത്തു ചോറു കൊടുത്തു
വെളിച്ചത്തു കിടത്തിയുറക്കാമെന്നു 
ഞാൻ സമാധാനിപ്പിച്ചു.
ഒന്നും വേണ്ട, 
ഒരു ടേബിൾ ലാംപിന്റെ
ചൂടു മതി എന്റെ വേദനകളെ ഉണക്കിയെടുക്കാൻ എന്നു
നീ പറഞ്ഞപ്പോൾ
ഞാനറിയാതെ വിളിച്ചു പോയി
എന്റെ മനസ്സേ….

2. 
പരിണതി
*****
എല്ലാ രാത്രികളിലും 
അവൾക്കൊപ്പമുറങ്ങുന്നൊരു 
പൂച്ചയുണ്ടായിരുന്നു.

ഉറക്കത്തിലേക്കവളിറങ്ങവേ,
ജനൽവിടവിലൂടതു നൂണ്ടു കയറി
അവളുടെയടുത്തെത്തും;
ഒരൊച്ച പോലും തട്ടി മറിച്ചിടാതെ,
ഒരു കാഴ്ച പോലും തുറന്നു നോക്കാതെ .

രാത്രിയിലേക്ക് മലർന്നു കിടന്ന്
നിലാവു നുണയുന്നുണ്ടാവുമപ്പോൾ,
വീട് !

അവൾ …
മഴവില്ലിന്റെ തുണ്ട്;
കുറുമ്പിന്റെ കാട്ടാറ്.

അവളുടെ ഉടലിന്റെ ചുരുളലിൽ
പൂച്ചയും ചുരുളും.
ഉറക്കത്തിന്റെ 
ചുരുളേണിപ്പടികളിലൊന്നിൽ 
അവർ കണ്ടുമുട്ടും;
കെട്ടിപ്പിടിച്ചോമനിക്കും.
മേഘങ്ങളെല്ലാം മരങ്ങളാവുകയും
ഇലകളായി പൂക്കളായി
മഴ പൊഴിയ്ക്കുകയും ചെയ്യുന്നൊരു
സ്വപ്നത്തിലേക്കവർ
കാൽ നീട്ടിയിരിക്കും.

അങ്ങനെയായിരുന്നു രാത്രികളത്രയും
-ജനലുകൾ പൂർണമായടയും വരെ .

പിന്നീടെപ്പൊഴോ,
നാലു കാലുകൾക്കു പകരം
രണ്ടു കാലുകൾ
അവളിലേക്കു സഞ്ചരിച്ചു.
മുറിവേറ്റൊരു നായയെപ്പോലെ
മുറി,മൂളുവാനും ഞരങ്ങുവാനും
തുടങ്ങി.

നോക്കൂ,
എത്ര വേഗത്തിലാണ്
ഒരു പൂച്ച
പുരുഷനായി
പരിണമിക്കുന്നത്!

അവൾ …
മാഞ്ഞു തുടങ്ങിയൊരു മഴവില്ല്;
കുറുമ്പ് വറ്റിയ കാട്ടാറ്;
ദിനങ്ങളൊന്നൊന്നായടക്കം ചെയ്ത്
രാത്രിയിലേക്ക് മലർന്നു കിടന്ന്
നിലാവു തേടുന്ന 
വീടിന്റെ
ഉടയോത്തി !

3.
വീടൊഴിയുമ്പോൾ
*********
ഏറെ പ്രിയപ്പെട്ടതെങ്കിലും
മുഷിഞ്ഞു പോയൊരാ വീടിനെ
എന്റെയുടലഴിച്ചു വയ്ക്കാൻ 
തീരുമാനിക്കുന്നു.

അവിടെയുറങ്ങിയുണർന്ന
ഇന്നലെകളെ
പൊട്ടിപ്പോവാതെ
ഒരു തുണിയിൽ
പൊതിഞ്ഞെടുക്കണം.

കരച്ചിലുകൾ വീണു
കറപിടിച്ച ദിവസങ്ങളെ
കഴുകിയെടുക്കണം.

അലമാരയിൽ നിന്നെന്റെ മണങ്ങളെ 
പെട്ടിയിലെടുത്തു വയ്ക്കണം.

മുറികളിൽ പറന്നു നടന്നിരുന്ന
ചിന്തകളെ
കുത്തിപ്പൊട്ടിച്ചില്ലാതാക്കണം.

കിടപ്പുമുറിയുടെ കെട്ടിപ്പിടിക്കലിൽ
നിന്നെന്നെ വിടുവിക്കണം.

കറി മണങ്ങളിൽ,
താളിപ്പുകളിൽ
തുമ്മിയൊലിപ്പിച്ചിരുന്ന
അടുക്കളയെ
പിഴിഞ്ഞു തുടക്കണം.

ജനലിനു പുറത്ത്
ദിവസവും സംസാരിച്ചിരുന്ന
കിളികളെ,
പുതിയ വീട്ടിലേക്ക് പറത്തി വിടണം.
കണ്ണിൽ നിറച്ചിരുന്നൊരു കാടിനെ,
പറിച്ചുനടണം.

നട്ടു നനച്ചതെല്ലാം
കരഞ്ഞു വാടിപ്പോയിരിക്കുമിതിനകം.

അരങ്ങിലാട്ടമോ,
മുന്നിൽ കാഴ്ചക്കാരോ
ഇല്ലാതാവുന്നൊരു
സ്വീകരണ മുറിയുടെ
മുഖത്തെ ചായം കഴുകിക്കളയണം.

വീടേ....
നിന്നെയഴിച്ചു വയ്ക്കുമ്പോൾ
ഞാൻ നഗ്നയാവുന്നു.
നീ
വീടുമല്ലാതാവുന്നു...
*********

Comments

(Not more than 100 words.)