കാഴ്ച്ചപ്പടർപ്പുകൾ
********
- അപർണ ബി. കല്ലടിക്കോട്
**********
അപനിർമ്മിതികളുടെ കവിത : പ്രഭാ സക്കറിയാസിൻ്റെ “കൊല്ലുന്ന വിധം” വായിക്കുന്നു
••••••••••••••••••••••••••••••••••••••••••
കവിതകളുടെ ലോകം വിശാലവും കവികളുടെ എണ്ണം അതിലൊതുങ്ങാത്ത വിധവുമാവുമ്പോഴും അനന്യമായ സവിശേഷത കൊണ്ട് കണ്ണിലുടക്കുന്ന ചില കവിതകളുണ്ട്. പ്രഭാ സക്കറിയാസ് വളരെ വർഷങ്ങളായി കവിതകളെഴുതുന്ന വ്യക്തിയാണ്. അവരുടെ കവിതകൾ വ്യത്യസ്തത കൊണ്ടും ആഖ്യാന രീതികൊണ്ടും വായനക്കാരുടെ മനസ്സിലൊരിടം സൃഷ്ടിക്കുന്നവയാണ്. സോഷ്യൽ മീഡിയ നൽകുന്ന പൊതുവിടങ്ങൾ കവിതകൾക്ക് വൻ സ്വീകാര്യത നൽകിയിട്ടുണ്ടെന്നത് പരക്കെ അറിയുന്ന കാര്യമാണ്. പ്രഭാ സക്കറിയാസിനെ പരിചയപ്പെടുന്നതും 'അലക്കിവിരിച്ചത്' എന്ന ബ്ലോഗിലൂടെയാണ്.2008 മുതൽ 2015 വരെയുള്ള അനേകം കവിതകളുള്ള പ്രഭയുടെ ബ്ലോഗ് കൗതുകത്തോട് കൂടിയാണ് വായിച്ചിട്ടുള്ളത്.
നിത്യജീവിതത്തിൻ്റെ ഭാഗമായിത്തന്നെ അനുഭവങ്ങളോടു ചേർന്നുനിൽക്കുന്ന ഒരു ദൈനംദിന സ്ത്രീയവസ്ഥയായി കവിത മാറുന്നയിടമാണിത്. ചെടികളും മരങ്ങളും മൃഗങ്ങളും അടുക്കളയും പേടികളും മുറിവുകളും സ്നേഹവും പ്രതീക്ഷയുമെല്ലാം വൈവിധ്യമാർന്ന ജീവിത പരിസരങ്ങളിലൂടെയും ക്രിയാത്മകമായ ഭാഷയുടെ കരുത്തിലൂടെയും സൗന്ദര്യം കൈവരിക്കുകയാണിവിടെ. വായനക്കാരുടെ എപ്പോഴുമുള്ള പ്രലോഭനമായ 'കവിതകളുടെ പൊതു സ്വഭാവം എന്ന ഏകരൂപത്തിലേക്ക് ചുരുക്കൽ’ എന്നതിൽ നിന്ന് മന:പൂർവ്വം വ്യതിചലിക്കാൻ വായനക്കാർ ഇവിടെ ആഗ്രഹിക്കുന്നു.പകരം ജീവിതവൈവിധ്യങ്ങളെ ബഹുമാനിക്കുവാനാണ് നാം ഈ കവിതകളിൽ നിന്നും പ്രചോദനം കണ്ടെത്തേണ്ടതെന്ന് വായനയിൽ തോന്നിപ്പോയി.
ഇവിടെ പറയണമെന്നാഗ്രഹിക്കുന്നത് 'കൊല്ലുന്ന വിധം' എന്ന കവിതയെക്കുറിച്ചാണ് . അതീവ ഹൃദ്യമായ രീതിയിൽ പെണ്ണുങ്ങളെക്കുറിച്ചുള്ള പൊതുധാരണകളെ അനായാസം സംശയത്തിന്റെ ഇരുട്ടിൽ നിർത്തുകയാണ് കവയിത്രി ഇവിടെ .ആദ്യ വരിയിൽത്തന്നെ കവയിത്രി തകർക്കുന്നത് 'ഗ്രാമദൃശ്യ'ങ്ങളുടെ നിഷ്കളങ്കവും ശാന്തവും സൗമ്യവുമായ പ്രതീകവൽക്കരണത്തെയാണ്. പതിനെട്ട് വരികളിൽ ഒരു ഇംഗ്ലീഷ് സോണറ്റ് പോലെ എഴുതപ്പെട്ട ഈ കവിതയിലെ ആദ്യ 6 വരികൾ ഇങ്ങനെയാണ് :
എത്രയുദാത്തമൊരു ഗ്രാമദൃശ്യമാണാ
നൈറ്റി കയറ്റിക്കുത്തിയിരുന്ന്
പുള്ളിക്കോഴിയുടെ
കഴുത്ത് പിരിക്കുന്നതും
ചൂടുവെള്ളത്തിൽ മുക്കി
പൂട പറിക്കുന്നതുമൊക്കെ .
ഉദാത്തമായ ഗ്രാമദൃശ്യം എന്നു കവി വിശേഷിപ്പിക്കുന്ന ദൃശ്യം പെണ്ണൊരുത്തി നൈറ്റി കയറ്റിക്കുത്തി കോഴിയെക്കൊന്ന് പൂട പറിക്കുന്നതാണ്. പൊതുവേ നാം കാണുന്ന കാവ്യദൃശ്യങ്ങളിലെ ഗ്രാമമല്ല ഇവിടത്തെ ഗ്രാമം . നൊസ്റ്റാൾജിയ, അധികമായി കുത്തിവെച്ച റൊമാന്റിസിസം ഇവയൊന്നുമില്ലാത്ത ഒരു യഥാർത്ഥ ഗ്രാമദൃശ്യത്തെ മറകളില്ലാതെ അതിശയോക്തികളോ, ഉന്നതമായ ബിംബകല്പനകളോ അലങ്കാരങ്ങളോ ഇല്ലാതെ ആത്മാർത്ഥമായി ആവിഷ്കരിക്കുകയാണിവിടെ.
'ഗ്രാമഭംഗി ' എന്ന ഉപയോഗിച്ചു തേഞ്ഞ വാക്കിനോടൊപ്പം ഇവിടെ ഇല്ലാതെയാവുന്ന മറ്റൊന്ന് ഗ്രാമീണ സ്ത്രീകൾ എന്ന അനാവശ്യ കാല്പനികത നിറഞ്ഞ മറ്റൊരു ധാരണയാണ്. കുളിച്ച് ഈറൻ മുടിയിൽ തുളസിക്കതിർ ചൂടി എള്ളെണ്ണയുടെയോ പരിശുദ്ധിയുടേയോ മണം പരത്തി വിളങ്ങുന്ന ഗ്രാമ കന്യകയോ ഗ്രാമീണ സ്ത്രീകളോ ഇവിടെയില്ല. പകരമുള്ളത് നൈറ്റിയൊക്കെ മടക്കിക്കുത്തി (ഏതാണ്ട് ‘ലുങ്കിയൊക്കെ മടക്കിക്കുത്തുന്ന പൗരുഷത്തിനെ’ അപഹസിക്കുന്നതുപോലെ ) കോഴിയെ കഴുത്തു പിരിച്ചു കൊല്ലുന്ന ഒരുവളാണ്. ഈ ദൃശ്യം ഏതെങ്കിലും അറവുശാലയോട് ബന്ധപ്പെട്ട ഒറ്റപ്പെട്ട ഒന്നായല്ല മറിച്ച് ഗ്രാമീണ വീടുകളിലെ പരിചിതമായ ഒരു ദൃശ്യമായാണ് കവി ചിത്രീകരിക്കുന്നത്.
ഈ ഒരു കൊലപാതകം മാത്രമല്ല, മറ്റു കൊലകളെക്കുറിച്ചും കവിതയിൽ പരാമർശമുണ്ട്. കോഴിയെക്കൊല്ലുന്നതിൽ മാത്രമൊതുങ്ങുന്നില്ല ഈ ഗ്രാമീണ സ്ത്രീയുടെ പരിചയം. ഞണ്ടിനെ ജീവനോടെ ചൂടുവെള്ളത്തിൽ മുക്കിയെടുക്കുകയും വരാലിനെ കല്ലിൽ തലയിടിച്ച് തൊലിയുരിക്കുകയും ഒച്ചിനെ ഉപ്പിട്ട് കൊല്ലുകയും, ജീവനുള്ള എലിയെ പെട്ടിയോടെ വെള്ളത്തിൽ മുക്കി കൊല്ലുകയും, പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന, ചോര കണ്ട് അറപ്പു മാറിയവളാണീ കഥാപാത്രം. മനസ്സ് കല്ലുപോലെയാക്കി ഏതു ജീവനേയും നിഷ്കരുണം ഇല്ലാതാക്കുന്ന ഒരു സ്ത്രീ . ഇത്തരം എത്രയോ സ്ത്രീകളെ നമ്മൾ നിത്യജീവിതത്തിൽ കണ്ടിരിക്കുന്നു. ഇതൊരു അതിശയോക്തിയല്ലെന്ന് ഭൂരിഭാഗം വായനക്കാർക്കും ധാരണയുള്ളതാണല്ലോ.
ഇവിടെ കവി പറയാതെ പറയുന്ന ഒന്ന്, വായനക്കാരെ കവി സങ്കൽപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്, കേന്ദ്രകഥാപാത്രമായ സ്ത്രീയുടെ ശരീര ഭാഷയാണ്. സ്വയമറിയാതെ തന്നെ വായനക്കാർ ശാന്തയായ ഒരു ആക്രമണകാരിയുടെ ശരീരഭാഷ സ്ത്രീയിൽ ആരോപിക്കുന്നു. വ്യവസ്ഥാപിത സ്ത്രീശരീര നിർമ്മിതി കാവ്യഭാഷയിൽ ഏതാണ്ടെല്ലാം സമാനമായ രീതിയിലാണ് സംഭവിച്ചിട്ടുള്ളത്. അഥവാ സ്ത്രീക്കുള്ളിലെ ക്രൂരത ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിൻറെ തുടർച്ചയോ ആമുഖമോ ആയി ആ ക്രൂരതക്കുള്ള ന്യായീകരണമുണ്ടാവുകയും ചെയ്യും. ഇവിടെ കവി തന്റെ നായികയുടെ ക്രൂരതകളെ ന്യായീകരിക്കുന്നില്ലെന്നുമാത്രമല്ല, അതിൽ ശ്രദ്ധയൂന്നുകയും ചെയ്യുന്നു. ശരീരഭാഷയും കാവ്യഭാഷയും ഈ ക്രൂരതയിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വായനക്കാരോടാവശ്യപ്പെടുന്നുണ്ട്.
കവിത അവസാനിപ്പിക്കുന്നത് രണ്ടുവരിയിൽ ഈ കവിതയിലെ ആശയം അവതരിപ്പിച്ചുകൊണ്ടാണ്. അതിങ്ങനെയാണ്.
"പേടിയാണ് ചങ്കിടിപ്പാണ് കൈവിറയാണ്, അബലയാണ് എന്നൊക്കെ പറയാമോ? "
കവിത ഒരു ഒരു സോഷ്യൽ സറ്റയർ ആവുന്നത് ഇവിടെയാണ്.സ്ത്രീയെ അബലയും നിസ്സഹായയുമായ ഒരുവളായി ലോകം മുഴുവൻ ചിത്രീകരിക്കുമ്പോഴും അവളങ്ങനെയല്ല എന്ന് ലോകത്തിനു മുഴുവനും അറിയാമെന്ന് ഹാസ്യരൂപേണ കവയിത്രി പറഞ്ഞുവയ്ക്കുന്നു. പിന്നെന്തുകൊണ്ടാണ് മിണ്ടാപ്രാണികളെ കൊല്ലുമ്പോൾ കൈ വിറയ്ക്കാത്ത സ്ത്രീക്ക് പുരുഷന്മാരുടെയും സമൂഹത്തിന്റേയും മുന്നിൽ അബലകളായി നിൽക്കേണ്ടി വരുന്നത്? അതിനുത്തരം നമ്മൾ മെരുക്കി അടിമകളാക്കിയ മൃഗങ്ങളെ നോക്കിയാൽത്തന്നെ കാണാമല്ലോ. കരയിലെ ഏറ്റവും കരുത്തരും ക്രൂരരുമായ മൃഗങ്ങളെ മെരുക്കിയെടുക്കാൻ കഴിയുന്ന മനുഷ്യനു മുന്നിൽ സ്ത്രീയുടെ കരുത്ത്നിഷ്പ്രഭമാക്കുന്ന പ്രതിഭാസം തികച്ചും പൊളിറ്റിക്കലല്ലാതെ മറ്റെന്ത് എന്ന് വായനക്കാരെ തികച്ചും സ്വാഭാവികമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നിടത്താണ് കവിതയുടെ വിജയം.
അത്രയും തന്നെ പ്രാധാന്യത്തോടെ വരികൾക്കിടയിൽ നിന്നും വായിക്കാവുന്ന ഒന്നുകൂടിയുണ്ട്.വലിയ വ്യവസായ സംരംഭകരും ഉന്നതസ്ഥാനീയരുമായ സ്ത്രീകളോളവും ഒരുപക്ഷേ അതിനേക്കാളും കരുത്തുണ്ട് തൊഴിലുറപ്പിനു പോകുന്ന ഗ്രാമീണ സ്ത്രീക്കും വീട്ടമ്മയായി ജീവിക്കുന്ന സാധാരണ വനിതകൾക്കും എന്നത് പലപ്പോഴും നമ്മൾ സൗകര്യപൂർവ്വം മറക്കുന്നുണ്ട്. പേടിയും ചങ്കിടിപ്പും കൈവിറ യുമില്ലാതെ മിണ്ടാപ്രാണികളെ കൊല്ലാൻ കഴിയുന്ന ഒരു സ്ത്രീ അബലയാവുന്നതെങ്ങനെ? എന്ന വലിയ ചോദ്യമാണ് കവി നമുക്കു മുന്നിൽ വയ്ക്കുന്നത്. വായനക്കാരായ നമുക്കോരോരുത്തർക്കും ഓരോരോ ഉത്തരങ്ങളുണ്ടാവാം. എന്നാൽ ആ ഉത്തരങ്ങൾക്കൊക്കെ ഉയരത്തിലാണ് രണ്ട് വരികളിൽ അവസാനിപ്പിക്കുന്ന ആ ചോദ്യം. പല തലങ്ങളിൽ സമൂഹത്തിൻറെ പൊതു ധാരണകളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കവി ഈ 18 വരികളെ അലങ്കരിക്കുന്നത്. എല്ലാ സ്ത്രീകൾക്കുള്ളിലും ഒളിഞ്ഞിരിക്കുന്ന നിഷ്കളങ്കയായ ഒരു കൊലപാതകിയെക്കുറിച്ചുള്ള മുന്നറിയിപ്പു കൂടിയാണോ ഈ കവിത എന്നു സന്ദേഹിക്കുന്ന വായനക്കാരെയും തെറ്റുപറയാൻ കഴിയില്ല.
**********