കവിതകൾ - ഗിരിജ പാതേക്കര

കവിതകൾ - ഗിരിജ പാതേക്കര
**************
1.
പരിണാമം
****
അച്ഛന്റെ തനിപ്പകർപ്പിവളെന്ന് 
പലരും പറയാറുണ്ടായിരുന്നു, പണ്ട്.
സ്വപ്നം കാണുമ്പോലുള്ള,
അതേ കൂമ്പിയ കണ്ണുകൾ.
അതേ വിടർന്ന ചുണ്ടുകൾ.
വെൺമുത്തു പല്ലുകൾ.
ഇടതുർന്ന. കറുത്ത മുടിയിഴകൾ.
അതേ മൃദുലതകൾ.
അമാന്തങ്ങൾ.
അന്തം വിട്ടുളളിരിപ്പ്.
അത ചലനങ്ങൾ.
അതുപോൽത്തന്നെ
ചൂണ്ടുവിരലാൽ
എപ്പോഴും വായുവിലെഴുത്ത്.

പിന്നീട്,
പിന്നീടെപ്പോഴാണെന്നോർമ്മയിലില്ല.
അമ്മയിലേയ്ക്ക് ഞാൻ പരിണമിച്ചു തുടങ്ങി
ഞങ്ങളെ അടുത്തറിഞ്ഞവരെല്ലാം
ആശ്ചര്യപ്പെട്ടു
ഒരേപോൽ കുഴിഞ്ഞ്,
കറുത്ത കൺതടങ്ങൾ.
ഒരേപോൽ ഞരമ്പെഴുന്ന കൈകൾ.
ഒരേപോൽ അൽപ്പമുന്തിയ അടിവയർ,
ആയാസപ്പെട്ടെന്തെങ്കിലും ചെയ്യുമ്പോൾ 
ഒരേപോൽ കൂർത്തുവരുന്ന ചുണ്ട്
ഒരേപാൽ തേഞ്ഞ,
നിറം മങ്ങിയ പല്ലുകൾ,
കീഴ്ച്ചുണ്ടിന് താഴെ
നനുത്ത ഒരു കുഞ്ഞുരോമം ,
ചെമ്പിച്ച തലമുടി.....

ഒരു ചടുലതകൾ. 
ഒര തിടുക്കങ്ങൾ. 
ഒരേ ഇരിപ്പുറയ്ക്കായ്ക.
ഒരേ നടത്തം.
ഒരൊറ്റ സ്വരം...

അതേ,
അച്ഛനിൽ നിന്ന് അമ്മയിലേയ്ക്ക്
വളരുകയായിരുന്നു ഞാൻ.
ഒടുവിൽ,
മരിച്ചു കിടക്കുമ്പോൾ, എത്ര അടക്കിയിട്ടും
അടങ്ങാത്ത  എങ്ങലുകളോടെ
ആ നെറ്റിയും തലയും
വാൽസല്യത്തോടെ
തലോടിക്കൊണ്ടിരുന്നപ്പോൾ 
പെരുവിരലറ്റത്ത് തടഞ്ഞു.
മൂർദ്ധാവിൽ തഴമ്പു പോലൊരു തടിപ്പ്.
എന്റെ നെറുകയിലും
അതുപോലൊന്ന്
കുറെക്കാലമായുണ്ടല്ലോ എന്ന്
ഞാനപ്പോൾ അത്ഭുതത്തോടെ ഓർത്തു.

2.
ഭയപ്രശമനേ...
******
കല്ലിലും മരത്തിലുമായി 
നീ ഇന്നോളം കൊത്തിയ
ദേവീശില്പങ്ങൾക്കെല്ലാം
വില്ലൊത്ത പുരികങ്ങൾ
താമരയിതൾ മിഴികൾ
ഉരുണ്ട കവിളുകൾ
ഉറച്ച മുലകൾ
ആലിലവയർ 
ഒതുങ്ങിയ അരക്കെട്ട്
കനത്ത നിതംബം
കടഞ്ഞെടുത്ത കണങ്കാൽ
അഴകളവുകളൊത്ത
ആ കാമരൂപിണികളെ കൈകൂപ്പി
'അമ്മേ'യെന്ന്
നെഞ്ചുരുകി വിളിക്കാനാവുന്നില്ലെനിക്ക് 
ഇനി നിന്റെ പണിയായുധങ്ങളെല്ലാം
ഒന്നെനിക്ക് തരൂ,
മുഴക്കോൽ മാത്രം വേണ്ടതില്ല
പെറ്റ പെണ്ണിന്റെ
ഇടിഞ്ഞ മുലകളും,
ഉള്ളിലിരുന്ന്
കുഞ്ഞു വിരലുകൾ
കോറി വരയ്ക്കയാൽ
ചുളിവീണ് ചാടിയ വയറും,
വാക്കുകളില്ലാത്ത വേദനകൾ 
ഉള്ളുലയ്ക്കയാൽ
വാടിയ മുഖവും,
ആകുലതകൾ നിറം കെടുത്തിയ
കണ്ണുകളുമുള്ള
അമ്മരൂപങ്ങളെ
ഞാൻ കൊത്തിയെടുക്കട്ടെ
എന്നിട്ട്, ഉള്ളുരുകി വിളിക്കട്ടെ,
"ഭയപ്രശമനേ, ദേവീ
സർവാപത് നിവാരിണീ'

3.
കവി, കാമുകി, ഭ്രാന്തി
*********
നാട്ടിലുണ്ടായിരുന്നു
പണ്ടൊരു നാരാണി പ്രാന്തത്തി
പുലരും മുൻപേ
ഒരു പൂവിതളെന്നപോൽ
അമ്പലമുറ്റത്ത്
അവരുണ്ടാവും
ഈറൻ മുടിയിൽ നിന്ന്
നീർച്ചോലകളൊഴുകിവരും
പകലിരമ്പുമ്പോൾ
നാട്ടുവഴികളൊന്നിൽ
ഞങ്ങളവരെ
പിന്നെയും കണ്ടുമുട്ടും
മാറാപ്പിനുള്ളിലെ
പിഞ്ഞിയ പുസ്തകങ്ങളിൽ
എഴുതാക്കഥകൾ വായിക്കയാവും
അവരപ്പോൾ
എഴുതാപ്പേനകൊണ്ട്
ഇടയ്ക്കിടെ ഓരോന്ന്
കുത്തിക്കുറിക്കും
സൂര്യനെ നോക്കി മന്ദഹസിക്കും.
ഏതോ ഓർമ്മകളിൽ മറയും, 
ഞങ്ങളുടെ കുട്ടിപ്പട
കൂവി വിളിച്ചാലും കേൾക്കാത്തൊരു കാട്
അപ്പോളവർക്ക് ചുറ്റും വളർന്നിരിക്കും
ഉച്ച നേരത്ത്
സ്കൂൾ മുറ്റത്തെന്നും
കൃത്യമായിട്ടവരെത്തും.
അപ്പോഴേയ്ക്കും
കണ്ണുകൾ കറുപ്പിച്ചിരിക്കും.
ചുണ്ടുകൾ ചോപ്പിച്ചിരിക്കും.
പല വർണ്ണപ്പൊട്ടുകൾ
നെററിമേൽ തൊട്ടിരിക്കും.
ഇലകളും പൂക്കളും കൂടി
വ്രീളാവിവശയായി
അവരാരെയോ കാത്തിരിക്കും
പ്രണയവും ലഹരിയും 
പൂക്കുന്ന മിഴികളിൽ മിന്നാമിന്നികൾ
നൃത്തം വെയ്ക്കുന്നത്
ഞാൻ കണ്ടിട്ടുണ്ട്.
പകലിറങ്ങുമ്പോൾ, 
ഇടവഴികളൊന്നിൽ
ഞങ്ങളെക്കാത്ത് 
അവർ പതുങ്ങിനില്ക്കും.
അപ്പോഴവർക്ക്
കൂർത്ത നഖങ്ങളും
തേറ്റകളും മുളച്ചിരിക്കും.
കണ്ണുകളിൽ നിന്ന് കനൽ പറക്കും.
ഞങ്ങളെക്കല്ലെറിയും
തിരിച്ചെത്തുന്ന കല്ലുകളേറ്റ്
അവരുടെ ശിരസ്സിൽ നിന്ന്
സന്ധ്യകളുതിരും!
ആ ഉഗ്രരൂപിണിയെ
ഉൾക്കിടിലത്തോടെ,
കണ്ണിമയ്ക്കാതെ ഞാൻ കണ്ടുനിൽക്കും
ഞങ്ങളുറങ്ങുമ്പോഴും
അവരുണർന്നിരുന്ന്
രാത്രി നീന്തിക്കടക്കയാവും
ഇരുളിലൂടെത്തുന്ന പാട്ടുകൾ 
കാതിൽ പുളയുമ്പോൾ
ഉന്മാദത്തോടെ ഞാൻ
പിടഞ്ഞുണരും
ഉറയുരി
പിറ്റേന്ന് പുത്തനായെത്തുന്ന
അവർക്കായി കാത്തിരിക്കും
അന്ന് കുടിയിരുന്നതാണ് 
നാരാണിപ്രാന്തത്തി നെഞ്ചിൽ
ഇറങ്ങിപ്പോയിട്ടില്ലിന്നേവരെ.
**********

Comments

(Not more than 100 words.)