കവിത - ശ്രീദേവി എസ് കർത്താ

കവിത -   ശ്രീദേവി എസ് കർത്താ **********

മുരൾച്ച
******
ആൺ പുലിയുടെ
അസ്ഥികൊണ്ടായിരുന്നു 
എന്റെ കാൽത്തള.
എന്റാണ് 
കൈകൊണ്ടു നരിമാറു പിളർത്തി
ചോലയിൽ ചോര കഴുകി
കടുംകല്ലുകൊണ്ട് ഒത്ത വളയമുണ്ടാക്കി  കൊണ്ടന്നു തന്നത്.
നിലാവിൽ കാൽത്തള ആൺനരിയുടെ  അവസാന അലർച്ച പോലെ തിളങ്ങി.
അന്നു രാത്രി ഞാനുമെന്റാണും
ഉടലുരസിയുരസിക്കത്തിച്ച
കാമത്തിന്റെ വെട്ടത്തിൽ 
ഞങ്ങൾ പാർക്കും
കറുകറുത്ത ഗുഹ  
അമാവാസിയിലും പ്രകാശിച്ചു. 
കാട്ടുമരുതിനേക്കാൾ ഉയരത്തിലെന്റെ രതിമൂർച്ഛ 
ആകാശത്തെ തൊട്ടുപിളർത്തവേ
കാൽത്തളകൾ രസം സഹിയാതെ  നിലവിളിച്ചു കരഞ്ഞു. 
കാട്ടുചോലയ്ക്കരികിലെ   കൃഷ്ണസർപ്പങ്ങൾ 
വാൽ കുത്തിയുയർന്നു വിഷം തുപ്പി.
കാട് നീലിച്ചു.
ചതഞ്ഞ പൂക്കളുടെ നറുമണംകൊണ്ട് ഭൂമിയുലഞ്ഞു.
ആദ്യത്തെ തീ ഉണ്ടായി വന്നു:
സൃഷ്ടി.

പിന്നെയെന്റെ ആണിനെ 
അവൻ കൊന്ന ആൺ പുലിയുടെ 
പെൺ നരി തിന്നു
ആദ്യനീതി നടപ്പിലായി.

അവൾക്കുമെനിക്കും അടിവയറ്റിൽ മാത്രം 
ഞങ്ങടെ ആണുങ്ങൾ ബാക്കിയായി.
ഞാനവൾക്കും അവളെനിക്കും
മാപ്പു കൊടുത്തു.
അങ്ങിനെ ആദ്യമായി ദൈവങ്ങളുണ്ടായി.
 
പിന്നെ ഞങ്ങൾ പെറ്റു.

രണ്ടു കാലുള്ള പയ്യിനെ ഞാൻ
നാലു കാലുള്ള പയ്യിനെ അവൾ.
ഞങ്ങൾ 
നിറഞ്ഞൊഴുകുന്ന കാട്ടറിനരികിൽ 
നാലുകാലിൽ കുനിഞ്ഞ്
ഔഷധമധുരമുള്ള വെള്ളം
മടമടാ മോന്തി.
അവൾ തന്റെ ഉണ്ണിയെ തൊട്ട് 
കാടിനോടു പറഞ്ഞു
"ഭൂമിയിലെ ആദ്യ മൃഗകുലമിത് "   
ഞാനെന്റെ ഉണ്ണിയെ
മാറോടു ചേർത്ത് കാടിനോടു പറഞ്ഞു
"ഭൂമിയിലെ ആദ്യ മനുഷ്യകുലമിത്"
കാട് അതിഭയങ്കരമായി അലറിക്കരഞ്ഞു. 
ഞങ്ങൾക്കതു തെളിഞ്ഞു :
ആദ്യജ്ഞാനം.

ഞങ്ങൾ കാട്ടുചോലയ്ക്കരികിൽ 
കാൽ കവച്ചു കിടന്ന്
രണ്ടു പിള്ളകളെയും തിന്നു തീർത്തു
ചിറി തുടച്ചു.
ഞാൻ അട്ടഹസിച്ചു. 
അവൾ എട്ടു ദിക്കും നടുക്കിക്കൊണ്ടലറി.
സമയത്തിന്റെ ചോര 
ഭൂമിയിലേക്കും
ആകാശത്തേക്കും തിരിച്ചൊഴുകി.

സംഹാരം.

**********
ശ്രീദേവി  എസ്  കർത്താ:

ജനനം 1966. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം . ജർമൻ സാഹിത്യത്തിൽ ബിരുദാനന്തര ഡിപ്ലോമ. കേരളത്തിലെ ആദ്യത്തെ മലയാളം പോർട്ടൽ ആയ  'വെബ് ലോക'ത്തിൽ ആദ്യത്തെ  വനിതാ ഓൺലൈൻ പത്ര പ്രവർത്തക.

Kerala literacy Mission പത്രത്തിന്റെ സബ് എഡിറ്റർ .ദൂരദർശൻ  ഉൾപ്പടെ ഉള്ള  ദൃശ്യ മാധ്യമങ്ങളിൽ   സ്ക്രിപ്റ്റ് റൈറ്റെർ ഇന്റർവ്യൂർ. ഇപ്പോൾ മുഴുവൻ സമയ പ്രകൃതി,മൃഗാവകാശ  പ്രവർത്തക .പീപ്പിൾ ഫോർ അനിമൽസ് എന്ന ദേശിയ  സംഘടനയുടെ ട്രസ്റ്റ് ബോർഡ് അംഗം.

ജീവിതപങ്കാളി  ചിത്രകാരനും ഫൈൻ ആർട്സ് കോളേജ് മുൻ പ്രിൻസിപ്പാളുമായ എ.എസ് സജിത് .

ഇമെയിൽ
devi .here @gmail .com 

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 

കണ്ടെന്നുമവൾ കണ്ടതേയില്ലെന്നും (കവിത . )
വിരൂപി (കഥകൾ തൃശ്ശൂർ കറന്റ്  )
ഓ എന്ന കാലം  (അച്ചടിയിൽ ഡിസി  ബുക്സ് )
കേരള കവിത, തിളനില ,തുടങ്ങി അനേകം  പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് 

പ്രധാന ചില വിവർത്തനങ്ങൾ

 ഉയിരടയാളങ്ങൾ (മിലൻ കുന്ദേര  , ഡിസി ബുക്ക്സ്  )
ആയിരം കൊറ്റികൾ പറക്കുന്നു (യാസുനാരി കവാബത്ത .ഡിസി ബുക്ക്സ് )
ചോരച്ചെമ്പരത്തി (ചിമ്മാമന്റെ അഡ്ച്ചി   ഡിസി ബുക്ക്സ് )
 ചിത്രഗ്രീവൻ (ധൻ മോഹൻ മുഖർജി .
കുരുമുളകിന്റെ സുഗന്ധം (കാവേരി നമ്പീശൻ  ഡിസി ബുക്ക്സ് )
ടാഗോറിന്റെ സമ്പൂർണ കൃതികളിലെ  കഥകൾ (ഡിസി ബുക്ക്സ് )
കാലാതീതം (എപിജെ അബ്ദുൽ കലാം .തൃശൂർ കറന്റ് )
ആഫ്രിക്കൻ കവിതകൾ (Rainbow )
ബെൽ  ജാർ  (സിൽവിയ  പ്ലാത്. Rainbow)
ബാലസാഹിത്യ  ഇൻസ്റ്റിറ്റ്യൂട്ട് നു വേണ്ടി  ഒരു പാട് ബാലസാഹിത്യ  കൃതികൾ
ഖലീൽ ജിബ്രാൻ,
യോനെസ്ക്കോ ,
ലോർക എന്നിവരുടെ കൃതികളുടെ രംഗഭാഷ്യങ്ങൾ
2017ൽ Project Art Humane  എന്ന പേരിൽ കേരളത്തിലെ പ്രമുഖ  ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി   ഒരു പെയിന്റിംഗ് എക്സിബിഷൻ ക്യുറേറ്റ് ചെയ്തു.

പുരസ്കാരങ്ങൾ

2013 കേരള  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് . ബാല സാഹിത്യ പുരസ്ക്കാരം  നേടി  
2015. IMAയുടെ  Best Women  Empowerment  അവാർഡ്
***********

Comments

(Not more than 100 words.)