കവിതകൾ - അനിത തമ്പി
***********
1.
എഴുത്ത്
കുളിക്കുമ്പോൾ
പൊടുന്നനെ
ജലം നിലച്ചു
തുരുമ്പിച്ച
കുഴൽ, ചൂളം
വിളിച്ചു നിന്നു
ജലം വാർന്ന്
നഗ്നമാകും
ഉടൽ ചൂളുമ്പോൾ
ജനൽ വഴി
വിരൽ നീട്ടി
വിറയൻ കാറ്റ്
ഒരു മാത്ര
തണുക്കും പോൽ
എനിക്കു തോന്നി
നനവിന്റെ
ഉടയാട
പറന്നു പോയി
വെറിവേനൽ
ചുറ്റി, നാണം
മറന്നും പോയി
മരം പെയ്യും
പോലെ, മുടി-
യിഴകൾ മാത്രം
ഉടലിന്മേൽ
ഓർമ്മയിൽ നി-
ന്നെഴുതുന്നുണ്ട്
ജലം കൊണ്ട്
രണ്ട് മൂന്ന്
വരികൾ മാത്രം.
2.
മറവി
**
മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും
അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും
എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും
നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണെമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.
3.
ആലപ്പുഴ വെള്ളം
*******
ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു!
കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"
ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.
ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്
അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം
അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.
കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.
പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
*******
അനിത തമ്പി :
കവി, പരിഭാഷക. ആലപ്പുഴ സ്വദേശി. മലയാളത്തിലെ ഉത്തരാധുനിക കവിതാലോകത്തിൻ്റെ മികച്ച മാതൃകകളായി അനിതാ തമ്പിയുടെ എഴുത്തുകൾ കണക്കാക്കപ്പെടുന്നു.മലയാളത്തിലെ പുതുകവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ ഇറക്കിയ 'പുതുമൊഴിവഴിക'ളിൽ അനിത തമ്പിയുടെ കവിതകളുണ്ടായിരുന്നു.ആദ്യത്തെ കവിതാസമാഹാരമായ മുറ്റമടിക്കുമ്പോൾ (കറന്റ് ബുക്സ്, 2004) ആ വർഷത്തെ മികച്ച കവിതാപുസ്തകമായി മാതൃഭൂമി തിരഞ്ഞെടുത്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ്, വെൽഷ് ഭാഷകളിലും തമിഴ് , കന്നഡ ,മറാത്തി, അസമീസ്, ബംഗാളി ,ഒറിയ ,ഗുജറാത്തി തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലും കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കവയിത്രിയെന്ന നിലയിൽ കൂടാതെ പരിഭാഷകയെന്ന നിലയിലും അനിതാ തമ്പി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഓസ്ട്രേലിയൻ കവിയായ ലെസ് മുറേയുടെ കൃതികളും പലസ്തീൻ കവിയും എഴുത്തുകാരനുമായ മൂരിദ് ബർഗൂതിയുടെ കൃതികളും പരിഭാഷപ്പെടുത്തിയിയിട്ടുണ്ട്.
കൃതികൾ
****
മുറ്റമടിക്കുമ്പോൾ (2004)
അഴകില്ലാത്തവയെല്ലാം (2010)
ആലപ്പുഴ വെള്ളം(2016)
അംഗീകാരങ്ങൾ
*******
വെയ്ൽസ് ആർട്ട്സ് ഇൻറർനാഷണൽ/ ബ്രീട്ടീഷ് കൗൺസിൽ റൈറ്റേഴ്സ് ചെയിൻ പ്രൊജക്ട് - ൽ പ്രാതിനിധ്യം. (Wales Arts International/British Council's Writers' Chain project in 2011. )
മുറ്റമടിക്കുമ്പോൾ (2004) - മികച്ച കവിതാ സമാഹാരത്തിനുള്ള മാതൃഭൂമി പുരസ്ക്കാരം
****************