കവിതകൾ - സാവിത്രി രാജീവൻ
*************
1.
പ്രതിഷ്ഠ
******
അടുക്കളയിലെ
തേഞ്ഞു തീരുന്ന വീട്ടുപകരണമാണു ഞാൻ.
ശ്വസിക്കുന്നതിനാൽ നടക്കുകയും
നടക്കുന്നതിനാൽ കിടക്കുകയും ചെയ്യുന്ന
പാചകങ്ങൾക്കൊപ്പം വാചകങ്ങൾ വിളമ്പുന്ന
സങ്കീർണത ഒട്ടുമില്ലാത്ത ഒരുപകരണം.
എന്റെ കുട്ടികൾക്ക്
ചിലപ്പോൾ എണ്ണമറ്റ പലഹാരങ്ങൾ നിർമിക്കുന്ന
ഒരു യന്ത്രമാണു ഞാൻ.
ചിലപ്പോൾ കടിക്കാൻ മറന്ന കുരയ്ക്കുന്ന പട്ടി.
ചെറിയവർക്ക്
വലിയവന്റെ യജമാനൻമാരാകാമെന്ന് തേനീച്ചയുടെയും ഉറുമ്പിന്റെയും പാoത്തിലൂടെ
ഞാനവരെ പഠിപ്പിച്ചിരുന്നു.
അതിനാൽ എന്റെ കല്പനകളോട്
അവർ പ്രതികരിക്കാറില്ല.
ഇഷ്ടപ്പെട്ട കളിപ്പാവയോടെന്ന പോലെ
അവർ എന്നോട് കല്പിക്കുന്നു.
എളുപ്പത്തിൽ പാഞ്ഞുകയറാവുന്ന
ഒരൊറ്റക്കൽമണ്ഡപം പോലെ
ആലാപനത്തിനും വിലാപത്തിനും പറ്റുന്ന
ഈ ചെറുഭൂമിയിലേക്ക്
അവർ കുതിച്ചു ചാടുന്നു.
അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കു വന്ന ഒരു വീട്ടുപകരണമാണു ഞാൻ.
സമാഹരിക്കാത്ത പത്തിലേറെ കല്പനകൾ
തലയ്ക്കു മുകളിൽ തൂങ്ങുന്നത്
ഞാൻ നിത്യവും കാണാറുണ്ട്.
അയൽക്കാരന്റെ നോട്ടങ്ങളിൽ,
അയൽക്കാരിയുടെ ചിരി കളിൽ,
പത്രവാർത്തയിൽ ,പാഠപുസ്തകത്തിൽ
പതയുന്ന പരസ്യങ്ങളിൽ,
എന്തിന്..
കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളിൽ പോലുമുണ്ട്,
എനിക്കുള്ള കല്പനകളിൽ ചിലത്.
മൃഗശാലയിലെ വന്യ ജീവികളോടെന്ന പോലെ,
കാഴ്ചക്കാരും കാവൽക്കാരുമായി വരുന്നവർ
അഴികൾക്കു പിന്നിൽ നിന്ന്
എന്നോടു കല്പിക്കുന്നു. കമ്പിയിലാടുന്ന കിളികളെയോ
മൃഗങ്ങളെയോ പോലെ
എന്റെ ചെയ്തികൾ
അവരെ രസിപ്പിക്കുന്നു.
ചിലപ്പോൾ
കാർകൂന്തലിൽ തുളസിക്കതിർ ചൂടി,
നെറ്റിയിൽ ചന്ദനം ചാർത്തിയ,
ഒരു ദേവതയാണു ഞാൻ.
ചിലപ്പോൾ
കൃഷ്ണന്റെ വ്രീളാവിവശയായ കാമുകി.
അല്ലെങ്കിൽ
ദൈവപുത്രന്റെ അമ്മ.
കാവ്യങ്ങളിൽ ,
കാറ്റിലാടുന്ന വിശുദ്ധി വഴിയുന്ന വെള്ളത്താമര.
കീർത്തനങ്ങളിൽ
ദാരിക ശിരസ്സേന്തിയ രക്തചാമുണ്ഡി.
പക്ഷേ ,എനിക്കറിയാം
കോവിലും പ്രതിഷ്ഠയുമായിത്തീർന്ന
ഒരു വീട്ടുപകരണമാണു ഞാൻ
അടുക്കളയിലെ
തേഞ്ഞു തീരുന്ന ഒരു വീട്ടുപകരണം.
2.
ചരിവ്
******
ഒടുവില്‍
എന്റെ മേശപ്പുറത്തു
സ്വന്തം അച്ചുതണ്ടില്‍
ചരിഞ്ഞിരിക്കുന്ന ഭൂമിയെക്കണ്ടു,
ഞാന്‍ അതില്‍ നേരെ ഇരിക്കുകയാണല്ലോ.
ഈ ചരിഞ്ഞ ഭൂമിയില്‍
എല്ലാം ചരിഞ്ഞിരിക്കുമ്പോള്‍
എന്തിനാണ്
ഞാന്‍ മാത്രം നേരെ ഇരിക്കുന്നത്?
3.അമ്മയെ കുളിപ്പിക്കുമ്പോൾ
**********
അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം .
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന് ,
കാലം നേർപ്പിച്ച
ആ ഉടൽ
കഠിന മണങ്ങൾ പരത്തുന്ന
സോപ്പു ലായനി കൊണ്ട് പതക്കരുത്,
കണ്ണുകൾ നീറ്റരുത്.
ഒരിക്കൽ
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളിൽ
അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും
എന്നാൽ
ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറി വളകൾ
ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ
ഏഴോ എഴുപതോ എഴായിരമോ
അതിൽ നിറഭേദങ്ങൾ?
എണ്ണാൻ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടു വെള്ളം വീണ്
പതു പതുത്ത ആ മൃദു ശരീരം
തൊട്ടു തലോടിയിരിക്കുക
അപ്പോൾ
ഓർമ്മകൾ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകൾ നിവർന്നു തുടങ്ങും
അമ്മ പതുക്കെ കൈകൾ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണ യിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വന്നു കൊണ്ടേയിരിക്കും
അപ്പോൾ
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മക്ക് പകരം നൽകുക.
അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ..
****************