കൊള്ളിയാൻ മിന്നണൊണ്ട്
- ഐറിസ്
ഒരായുസ്സല്ല
ഒറ്റക്കാലത്ത് പലത്
കെട്ടുപിണഞ്ഞങ്ങനെ
ഒന്നുമോരാത്ത പ്രായത്തിൽ
അപ്പനോട് കടശ്ശിമോള് കൊഞ്ചി
വീടകം കാത്തോളാമേ
അന്നം വെച്ചുവിളമ്പാമേ
കൊച്ചുപുരേടത്തിലെന്നും
അന്തിത്തിരി കൊളുത്താമേ
അതങ്ങ് കർത്താവും കേട്ടു
അപ്പന്റെ വഴിവിട്ട കൗതുകങ്ങൾ
ആൺകരുത്തിന്റെ ഊറ്റം
പ്രാപ്പിടിയനായി
പലവഴി പായിച്ചു
ചെള്ളയ്ക്കടി
വിലാപ്പൊറത്തിന് ചവിട്ട്
എന്നിട്ടും മെരുങ്ങാത്ത പെണ്ണ്
വറചട്ടിയിൽ നിന്ന്
കനൽത്തീയിലേക്ക്
ആരെയും അങ്ങനങ്ങ് നമ്പാനോ
ഉയിരേപ്പിച്ച് ഇണക്കാനോ ഒരുമ്പെട്ടില്ല
കാണാക്കണക്കുകളുമായാണ്
കണവൻ ചേർന്നുറങ്ങുന്നതെന്ന പങ്കപ്പാടിൽ
ഉണർന്നുപൊള്ളി
എരിതീക്കണങ്ങൾ
ലാവയായിത്തിളച്ചു
അടുപ്പങ്ങൾ അളന്നുതിട്ടപ്പെടുത്തി
ഇണക്കങ്ങൾ കണ്ണിൽക്കരടായി
വെളിപാടുകളിൽ കറികൾ കയച്ചു
അമർത്തിയ നോവുകളിൽ
അരി പുകഞ്ഞ് ചീറ്റി
ഊഴമിട്ട് കാത്ത്
കെടാത്തീക്കനലിൽ
ഓരോരുത്തരായി
എരിഞ്ഞണയൂന്നതുമെണ്ണി
ഒച്ചയില്ലാതെ ചിരിച്ചു
കണ്ണീരില്ലാത്ത വേവായത്
അടുപ്പിലെ ചുവന്നുപൊള്ളണ പാത്രത്തിൽ
വെള്ളം വറ്റിപ്പിടയ്ക്കും പോലെ
ആവിയായി മേലോട്ട് പോയി
നിനയ്ക്കാത്ത തിരിവുകൾ
അന്തിമിനുക്കത്തിൽക്കണ്ട്
നാവിറങ്ങി കണ്ണ് മലച്ച്
ഉയിരുകൾ ഉടലറുത്ത്
പുറത്തേക്ക് പാഞ്ഞു
ഒന്ന് രണ്ട് മൂന്ന്
തണുപ്പിക്കാൻ ഒരുമ്പെട്ടോര്
ഇനീമൊണ്ട്
ഇങ്ങനല്ലെങ്കിൽ പിന്നെങ്ങനെ
കാരണോത്തിക്കൊക്കെന്ന്
എല്ലാം ചികഞ്ഞ്
എവിടേം തലകടത്തി
ഇരുള് വെതച്ച് കലിതുള്ളി
മേലേരിയേറി കനല് കോരിവെതറി നടക്കണൊണ്ട്
പൊള്ളിയടർന്ന ഒരു പെൺതേക്കം
ഇപ്പൊ
പുരവാതിലടച്ചുതാഴിട്ട്
കണ്ണാടിയിൽ ലോകം കണ്ട്
തേനൊലിയാൽ തോറ്റണൊണ്ട്
വീടകം കാക്കണൊണ്ടേ
അന്നം വെച്ചുവിളമ്പണൊണ്ടേ
കൊച്ചുപുരേടത്തിലെന്നും
അന്തിത്തിരി കൊളുത്തണൊണ്ടേ
************************
ഡോ. ഐറിസ് കോയ്ലോ :
Associate professor (rtd)
Dept. Head, Malayalam &Mass communication,
St Xavier's College Thumba Thiruvananthapuram
Retired in 2015 as HoD &Vice Principal
Served as Principal Emmanuel Arts and Science College, Vazhichal, Thiruvananthapuram from2015-2017
Published works:
പക്ഷിയുടെ പാട്ട് ( റൂമിവിവർത്തനം)2010
പടരുന്ന മഷിച്ചാലുകൾ ( സാഹിത്യ-സ്ത്രീ പഠനങ്ങൾ )
Media Tides on Kerala Coast (media impact study on coastal area)
പ്രതിബിംബങ്ങൾ (ശ്രീലങ്കൻ കവിതാസമാഹാരം - വിവർത്തനം)
ജാതി വർഗം അധികാരം
ആന്ദ്രേ ബത്തേ (സാമൂഹിക വിശകലനം - വിവർത്തനം)
Translating world /Indian women poets
**************************