ആശാലതയുടെ പുകമഞ്ഞ് എന്ന കവിതയുടെ വായന

ആശാലതയുടെ പുകമഞ്ഞ് എന്ന കവിതയുടെ വായന
*************
             - സിമിതാ ലെനീഷ്
             ******* 

കവിതാ ലോകം പുതുമകൾ കൊണ്ട് സമ്പന്നമെങ്കിലും വേണ്ടവിധം അടയാളപ്പെടുത്താതെ പോയ കവിയാണ് ആശാലത അനായാസമല്ലാത്ത വഴികളെ കവിതകളിലേക്ക് വലിച്ചിട്ട് കവി കവിതയിൽ നിന്ന് ഇറങ്ങി പോകുന്നു. അടുത്തത് വായനക്കാരൻ്റെ ഊഴമാണ്. നിങ്ങൾക്ക് ചേരും വിധം കവിതയെ വായിക്കാം. കാലത്തിൻ്റെ മാറ്റത്തെ കവിതയിലെ ഭാഷാ പ്രയോഗത്തിലേക്കും ബിംബസ്വീകരണത്തിലേക്കും ഇഴപിരിക്കാനാവാതെ ചേർത്ത് നിർത്തുന്നത് കവിയുടെ പ്രത്യേകതയാണ്.  കവിത സംവാദമാണ് .സമൂഹത്തോട് സംവദിക്കാൻ കവി കവിതയിലൂടെ ഒരു ലോകം സ്യഷ്ടിക്കുന്നു. ഈ ലോകത്തെ വായിച്ചെടുക്കുക എന്നത് അത്ര എളുപ്പവുമല്ല പക്ഷെ ഈ ലോകത്തിലേക്കിറങ്ങുമ്പോൾ മാത്രമേ കവിത നമ്മളിലേക്ക് ഇറങ്ങൂ

പുകമഞ്ഞ് എന്ന കവിതയിലെ ആശയങ്ങളും ബിംബങ്ങളും നമ്മെ കൂട്ടികൊണ്ട് പോകുന്നത് പലവിധ ലോകങ്ങളിലേക്കാണ്.വച്ചു മാറ്റം നടത്തി ഭാഗ്യപരീക്ഷണം നടത്തുന്ന രാഷ്ട്രീയവും ഭൂതത്തെ പോലെ നടുവൊടിഞ്ഞ് പണിയെടുത്ത് തളരുന്ന ജനതയും ഒരു വശത്ത് തെളിയുമ്പോൾ, എന്നോ ഉണ്ടാകാനിടയുള്ള ജീവിതം എന്ന മരീചിക തേടുന്ന മനുഷ്യരെയും ജീവിതം ഒടുവിൽ ഉറങ്ങി തീരാത്ത മരണമായി തീർന്ന് പോകുമ്പോൾ അതറിയാതെ ഓടുന്ന മനുഷ്യരെ മറുവശത്തും കവിത ഓർമിപ്പിക്കുന്നു.
യജമാനത്തികളില്ലാതെ യജമാനൻമാർ മാത്രമുള്ള ലോകത്ത് നടുവൊടിഞ്ഞ് പണിയെടുക്കുന്ന ഭൂതം ഒരു പെണ്ണുടലിൻ്റെ ഓർമകളിലേക്കും നമ്മെ നയിക്കുന്നു. ഒരു കവിത പടർത്തിയിടുന്ന ലോകം വിശാലമാകുന്നു. ഇതിലേക്ക് അർത്ഥമെടുത്താലും സ്വന്തം ലോകം തിരിച്ചെടുക്കുന്ന ഭൂതം ഒരു വെല്ലുവിളിയാകുന്നുണ്ട്. യജമാനൻമാർ ഭയക്കേണ്ട തിരിച്ചറിവ് ഭൂതങ്ങൾക്കുമുണ്ടാകുന്ന കാലം വിദൂരമല്ലെന്ന ഓർമപ്പെടുത്തൽ വായനക്കാരെ ചിരിപ്പിക്കുമെങ്കിലും യജമാനൻമാരുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് നയം മാറുമ്പോൾ ബാങ്കിലിടുന്ന കാശ് വേണ്ടെന്ന് പറഞ്ഞ് എതിർക്കുമ്പോഴാണ് യജമാനൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നത്. പു ക മഞ്ഞായി പടന്ന് ഒടുക്കം പുകിലായി പുക വന്ന് മൂടി പോകുമ്പോൾ വായിച്ച കവിത ഒരു ചിന്തയായി മനസ്സിൽ അവശേഷിക്കുന്നു. കവിതയുടെ രാഷ്ട്രീയം പലതായി ചിതറി തെറിച്ച് വായനക്കാരനെ ചോദ്യം ചെയ്യുമ്പോൾ കവി ഊറി ചിരിക്കുന്നുണ്ട്. അപ്പോൾ കവിത ലോകം മുഴുവൻ പടരുന്ന അറിവായി മാറുന്നു.

Comments

(Not more than 100 words.)