കവിതകൾ - ലീല സോളമൻ

കവിതകൾ - ലീല  സോളമൻ 
********
1.
സെമിത്തേരി
*****
സെമിത്തേരിയിലെ പേരാലിലൂടെ
ഭൂമിക്കടിയിലേക്ക്  ഊർന്നിറങ്ങിയാൽ 
മണ്ണിനടിയിൽ പിണഞ്ഞു കിടക്കുന്ന 
വേരുകളുടെ സിരകളിൽ  മരിക്കാതെ 
പ്രണയം ഒഴുകുന്നത് നിങ്ങൾക്ക് കാണാം.  

കൊഴിഞ്ഞ ഇലകൾ മണ്ണിലലിയുന്ന 
നിശ്വാസങ്ങൾ രാവുകളിൽ കേൾക്കാം. 
തണുപ്പിനുള്ളിലൂടെ മഴത്തുള്ളികൾ 
മണ്ണിലേക്ക് അരിച്ചിറങ്ങുമ്പോൾ 
നിശബ്ദ സംഗീതം പൊഴിക്കുന്നു ഭൂമി.

ആ സംഗീതത്തിന്റെ താളലയത്തിൽ 
മരിച്ചവർ പരസ്പരം കൈകോർത്തു 
കിടന്നു നിത്യവിശ്രമം കൊള്ളുകയാണ്.
അവരുടെ ആത്മാക്കൾ ഇടയ്ക്കിടെ 
മിന്നാമിനുങ്ങുകളായി ഭൂമിയിൽ വന്നു 
മരിക്കാത്തവർക്ക്‌ ഒരു നുറുങ്ങു വെട്ടം
വിതറി, തിരിച്ചൂർന്നിറങ്ങി പോകുന്നു.

2.
വിൽക്കാനുണ്ട് വീട്  
*******
വിൽപ്പനക്കുള്ള  വീട് നിങ്ങൾക്ക് 
കാണാൻ ആഗ്രഹമുണ്ടെങ്കിൽ,   
നിങ്ങൾ നെല്ലിപ്പലക കെട്ടിയ 
ഒരു ഊഞ്ഞാലിൽ ആടണം. 

ആദ്യം പലകയിൽ ഇരിക്കുക 
പിന്നെ ഇരുപത്തിരണ്ടു  പുള്ളി 
കയറിൽ രണ്ടുകൈയും പിടിക്കുക 
മെല്ലെ, പുറകോട്ടൊന്നു ആഞ്ഞു, 
നനഞ്ഞ പുൽത്തകിടിയിൽ 
കാൽപ്പാദങ്ങൾ കൊണ്ടുന്തി 
പിന്നെ മുന്നോട്ടു ആയണം.
 
ഓരോരോ ആന്ദോളനങ്ങളിലും
മെല്ലെ മെല്ലെ തെളിയുന്ന വീട്. 

വീട്ടുമുറ്റത്തെ കുറ്റി മുല്ല 
പൂത്തിട്ടുണ്ടാവും; 
കോലായിലെ കസേരയിൽ 
ആരോ വിരിച്ച തോർത്തുമുണ്ട്.
ചുമരിൽ മരിച്ചു പോയവരുടെ 
വിവാഹഫോട്ടോകൾ,
ആ കൂട്ടത്തിൽ നിലത്തു 
പുൽപ്പായിൽ താക്കോലും 
കടിച്ചു കമിഴ്ന്നു കിടക്കുന്ന 
ഒരു കുഞ്ഞിന്റെ പടമുണ്ട്, 
ഇനിയും മരിക്കാത്ത  
വീട്ടുടമസ്ഥ അവളാണ്. 

 ഊഞ്ഞാലാട്ടം നിർത്തരുത്.
  
കരിയും  പുകയും മറച്ചു 
അടുക്കള പുഞ്ചിരിക്കുന്നത് കാണാം, 
ഉടുത്തൊരുങ്ങിയ  നവധുവിനെ 
പോലെ, കിടപ്പുമുറി നിങ്ങളെ 
കാത്തിരിക്കുന്നു; 
കലഹത്തിന്റെ കറകൾ  
കഴുകി വെടുപ്പാക്കിയ നടുത്തളം 
നിങ്ങൾക്കായി താളം പിടിക്കുന്നു.  
പരാതിക്കൂമ്പാരങ്ങൾ കൂട്ടിവച്ച 
പത്തായപ്പുര നിങ്ങളുടെ 
രഹസ്യചുംബനങ്ങളുടെ നിലവറയാണ്. 
പിന്നാമ്പുറത്തുള്ള ആർക്കും 
വേണ്ടാത്ത ആട്ടുകല്ല്   നിങ്ങൾക്ക് 
മനസ്സുഖം പകരുന്ന ഇരിപ്പിടമാകുന്നു.

ഊഞ്ഞാലാട്ടം നിർത്തരുത്.

ഓരോരോ ആന്ദോളനത്തിലും 
നിങ്ങൾക്കു മുന്നിൽ തെളിയുന്നു  
ഒരു സത്യം...

ഈ വീട് നിങ്ങൾക്കൊരു ഇടമാണ്, 
നിങ്ങളെ തിരിച്ചറിയുന്ന ഒരേ ഒരിടം,
നിങ്ങളായി ജീവിച്ചു നിങ്ങളായി 
മരിക്കാനൊരിടമാണ് ഈ വീട്.

Comments

(Not more than 100 words.)