കാഴ്ചപ്പടർപ്പുകൾ : ഭാഗം 5

“പെൻസിൽ മുന കൊണ്ടുള്ള കുത്തെന്ന ഉപമയിൽ” ഡോണ മയൂരയെ വായിക്കുമ്പോൾ സംഭവിക്കുന്നത്.
***************
       - അപർണ ബി. കല്ലടിക്കോട്
                          **********

സ്വന്തവും സ്വതന്ത്രവുമായ ഭാവുകത്വത്തിൽ അഭിരമിക്കുന്നവയാണ് ഡോണ മയൂരയുടെ കവിതകൾ. നീല മൂങ്ങ  എന്ന കവിതാ സമാഹാരം ഹൃദ്യമായ ഒരു വായനാനുഭവമാണ് നൽകിയത്. ലളിതമായ ഭാഷ കൊണ്ടും ആശയങ്ങളിലെ തീർച്ച കൊണ്ടും വിവിധ ഭാവങ്ങളിലും രീതികളിലും പുലരുന്ന കവിതകൾ വായനക്കാരെ  ഒട്ടും മടുപ്പിക്കില്ല. 
ഡോണയുടെ നീല മൂങ്ങ  എന്ന സമാഹാരത്തിലെ ആദ്യ പേജുകളിലെത്തന്നെ 'നിനക്ക്' എന്ന കവിതയിൽ ഭ്രാന്തിനെ കുറിച്ചാണ് പറയുന്നത്. കവിതയെ ഭ്രാന്തു സമയങ്ങളിൽ  കൂട്ടിരിക്കുന്ന ഒന്നായാണ് ഡോണ മയൂര സങ്കല്പിച്ചിരിക്കുന്നത് . വാക്കുകൾ ഉമ്മയും വരികൾ ആലിംഗനവും ആക്കുന്ന കവിതയ്ക്കാണ് സമർപ്പണം. റൊമാന്റിസിസം പോലെത്തന്നെ റിയലിസവും  ഡോണയുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കവയത്രി തൻറെ കവിതകളിൽ ഫാസിസത്തിനെക്കുറിച്ചും, കാറ്റിനെക്കുറിച്ചും,  വായിച്ചു വായിച്ചു പറന്നുപോയ വേനൽക്കാലങ്ങളെക്കുറിച്ചും, വായനക്ക്  ശേഷം മനസ്സിലാവുന്ന കഥകൾ മനുഷ്യരെ മാറ്റുന്നതിനെക്കുറിച്ചും എഴുതുന്നു.ഡോണയുടെ കവിതകളിൽ ഭരണകൂട അതിക്രമങ്ങളെ കുറിച്ചും ആദിവാസികളുടെ മൂന്നു സെൻറ് ജീവിതങ്ങളെക്കുറിച്ചും  നിലനിൽപ്പിനായി ഉയരുന്ന സമരപന്തലുകളെക്കുറിച്ചും   വ്യക്തമായ ധാരണയും ഐക്യപ്പെടലുമുണ്ട്. ജനാധിപത്യം ജനങ്ങൾ തിരിച്ചറിഞ്ഞ്, തിരുത്തി എഴുതിക്കുന്ന കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ട്.
ഡോണയുടെ കവിതകൾ  ജീവഭയവുമായി ഓടുന്നതിനിടയിൽ പൂമ്പാറ്റകളെ കുറിച്ച് വർണിക്കുന്ന വരെ നിരാകരിക്കുന്നു. ചെറുത്തുനിൽപ്പിന്റെ, പൊരുതി നിൽപ്പിന്റെ രാഷ്ട്രീയമാണ് അവരുടെ കവിതകളിൽ സൗന്ദര്യം നിറക്കുന്നത്. ഒരേസമയം ഭാവനയെയും യാഥാർഥ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഡോണയുടെ കവിതകൾ. അതിജീവനത്തിന്റെ  ചോര നിറമാണ് ഈ കവിതകൾക്ക്. ആദ്യകവിത മുതൽ അവസാന കവിത വരെ രാഷ്ട്രീയം സംസാരിക്കുകയാണ് ഡോണയുടെ കവിതകൾ . ഒരു പൗരൻ എന്ന നിലയിൽ മാത്രമല്ല ഇല്ല ഒരു സ്ത്രീയെന്ന നിലയിലും ലും അവർ ഈ കവിതകളിൽ ഊർജ്ജം നിറയ്ക്കുന്നു. ഉമ്മപ്പേടികൾ റദ്ദാക്കുന്ന നിമിഷങ്ങളെക്കുറിച്ച്, റദ്ദാക്കപ്പെടുന്ന രീതികളെക്കുറിച്ചൊക്കെ അവർ വ്യാകുലപ്പെടുന്നു. ആണധികാര രീതികളെപ്പറ്റി നേരിട്ട് പറയുന്നതിനുപകരം പെണ്ണിന് സ്വന്തം ഇഷ്ടങ്ങളെ റദ്ദു ചെയ്യേണ്ടിവരുന്ന ദുരവസ്ഥകളെക്കുറിച്ചാണ് ഡോണ കവിതകളിൽ എഴുതുന്നത്. കവികളും കവിതകളും  മരണമില്ലാത്തവരാണെന്ന്  "ശരത്കാലത്തെ മരങ്ങൾ" എന്ന കവിതയിൽ കവയിത്രി പറഞ്ഞു വയ്ക്കുന്നു. 
'പെൻസിൽ മുന കൊണ്ടുള്ള കുത്തെന്ന ഉപമയിൽ' എന്ന കവിതയാണ് എനിക്കേറ്റവും പ്രിയപ്പെട്ടതായി തോന്നിയത്. കവിത കള്ളനും പോലീസും കളിയെപ്പറ്റിയാണ്.  ബെഞ്ചിൽ നിന്നും ക്ലാസിലേയ്ക്കും അവിടെ നിന്ന് സ്കൂൾ വളപ്പിലേയ്ക്കും കളി പടരുമ്പോൾ നിറഞ്ഞു നിൽക്കുന്ന, ക്ലാസിൽ കയറാനുള്ള ബെല്ലടിക്കുന്ന നേരത്ത് കളി അവസാനിക്കുമ്പോഴും തീർത്തും ഉപേക്ഷിക്കപ്പെടാത്ത ഒരുപമയാണ് ഇവിടുത്തെ കേന്ദ്ര ബിന്ദു.  പെൻസിൽ മുന കൊണ്ടുള്ള ഒരു കുത്താണത്. ഏതോ സ്കൂളിലെ ഏതോ ക്ലാസിലെ ഏതോ കുട്ടികൾ കളിക്കുന്ന 'കള്ളനും പോലീസും'  കളിയിലാണ് ഈ മൂന്നാം മുറ അരങ്ങേറുന്നത്.  കള്ളൻ "മാവോ സേതുങ്..." എന്നു പറയുമ്പോൾ പോലീസ് "മ്യാവൂ സേ തും..." എന്നാവർത്തിക്കുന്ന ഒരിടമാണ് കളിസ്ഥലം എന്നത് ഒട്ടും ആകസ്മികമല്ല. കുട്ടികളുടെ നിഷ്കളങ്കതയേയും അവരുടെ അബോധത്തിലെ ശരിതെറ്റുകളേയും കവയിത്രി ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്.

"മൂന്നാംമുറയെന്ന് ധ്വനിപ്പിച്ച്
പെൻസിൽ മുന കൊണ്ട്
പച്ചിച്ച ഞരമ്പുകളിൽ കുത്തി
കമ്മ്യൂണിസ്റ്റ്  പച്ചയുടെ 
തണ്ടുപോലെന്തെടോ
എന്ന് കളിയാക്കും."

കള്ളനും പോലീസും കളിയിൽ മൂന്നാം മുറ ഒഴിവാക്കാനാവാത്തതാണെന്നും അതിൽ വയലൻസ് ഏതു രൂപത്തിലാണ് ഉപയോഗിക്കപ്പെടുന്നതെന്നും ഈ കുട്ടികൾക്ക് ധാരണയുണ്ട്. ആദ്യ വരികളിലെ "മാവോ സേ തുങ്ങി"നെ "മ്യാവൂ സേ തും" എന്ന് അപനിർമ്മിക്കുന്നതു തൊട്ട് ഈ കളി വെറും കളിയല്ലാതാവുന്നതിന്റെ സൂചനകളുണ്ട്. യഥാർത്ഥ പോലീസിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ആക്ഷേപവും ഉരുട്ടലും കളിയാക്കലും പിന്നാലെയോടലും എല്ലാം കുട്ടികളും പുനർ നിർമ്മിക്കുന്നുണ്ട്. ഇവിടത്തെ കള്ളൻ, പക്ഷേ, തന്റെ നിലപാടുകളിൽ ആത്മവിശ്വാസമുള്ളവനും അതിൽ നിന്നും വ്യതിചലിക്കാൻ  തയ്യാറില്ലാത്തവനുമാണ്. കമ്മ്യൂണിസ്റ്റ് പച്ച ഇവിടെ അരികുവത്ക്കരിക്കപ്പെട്ട അതിസാധാരണ മനുഷ്യരുടെ പ്രതീകമാവുന്നു. പെൻസിൽ മുന കൊണ്ട് പച്ചിച്ച ഞരമ്പുകളിൽ ഏൽപ്പിക്കുന്ന കുത്ത് ഒരു മുറിവു തന്നെയാണ്.  അതിൽ നിന്നുമൊഴുകുന്ന ചോര ചെമ്പരത്തിച്ചാറാണ്. എന്നാൽ ആ രക്തം കാണിച്ച് കള്ളൻ പറയുന്നത് ഒരു മുദ്രാവാക്യത്തെയോർമ്മിപ്പിക്കുന്നുണ്ട്:

"ഞെക്കിപ്പിഴിയലിൽ  നീലിച്ച് നീലിച്ച് 
 പച്ച ഞരമ്പുകൾ നീലിച്ച് പോയാലും 
ചോർന്നു തീരാത്ത ചോരതൻ 
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതു കാണടാ...
എന്ന് നീട്ടി പാടും. "

ലാത്തിയുടെ വയലൻസിനെ മറന്ന് ഈ പാട്ടേറ്റു പാടാനും,  പെൻസിൽ വലിച്ചെറിഞ്ഞ് കള്ളനുമായി കൂട്ടുകൂടാനും ഈ സ്കൂൾ കുട്ടികൾക്ക് സങ്കോചമില്ല. അവരുടെ കളിയിലെ ഒരേയൊരവസാനം അതാണ്. എന്നാൽ ഒരു വേള യാഥാർത്ഥ്യത്തിലേക്കു നമ്മളൊന്നുണർന്നാൽ ഈ അന്ത്യം അസാധ്യമാണെന്നതാണ് കവി രണ്ടു ലോകങ്ങളുടെ അലസ താരതമ്യത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.  പാട്ടുംപാടി കുഞ്ഞുങ്ങൾ ഒരേ ക്ലാസിലേക്ക് കയറുന്നു. എന്നാൽ ഇപ്പോൾ കള്ളന്റെ പാട്ടിനു പകരം അവർ പോലീസിന്റെ പാട്ടാണു പാടുന്നത്.

 "മ്യാവൂ... മ്യാവൂ...
മീശ മിനുക്കിയ പൂച്ചകൾ
മ്യാവൂ... മ്യാവൂ... പാടാൻ മറന്ന്
കക്കയം കക്കി
മീശവടിച്ച
മിയാ കുൽപ പാടുന്ന നേരത്ത്..." 
എന്ന പാട്ടാണ് അവരിപ്പോൾ പാടുന്നത്. കളിയിൽ കുട്ടികൾ ബാക്കി വെയ്ക്കുന്ന ചോദ്യങ്ങളുണ്ട്. മുനയൊടിഞ്ഞെങ്കിലും മൂന്നാം മുറയുടെ ഉപമ മാത്രം കളിയവസാനിപ്പിക്കാതെ സ്കൂൾ വളപ്പിലുണ്ട്; ഉണ്ടാവുകയും ചെയ്യും. 
ഈ കവിതയിൽ സ്കൂളെന്ന സ്ഥാപനം
 കൂടി വിമർശന വിധേയമാവുന്നുണ്ട്. മൂന്നാം മുറകൾ ഇനിയും പടിയിറങ്ങിയിട്ടില്ലാത്ത സ്കൂൾ, കുടുംബം എന്നീ ഇടങ്ങളിൽ നിന്നും വയലൻസിന്റെ ആധിപത്യം നിറഞ്ഞ ഫാഷിസ്റ്റു  സമൂഹത്തിലേയ്ക്ക് കുഞ്ഞുങ്ങൾ പരുവപ്പെട്ടു വരുന്ന രീതിയാണ് കവിതയുടെ കാതലായ ആശയങ്ങളിലൊന്ന്. കമ്മ്യൂണിസ്റ്റു പച്ചയുടെ തണ്ടു പോലെ  പച്ചഞരമ്പുകളുള്ളവരുടെ പ്രതിരോധത്തിന് കുറഞ്ഞ ആയുസ്സേയുള്ളൂ. എന്നാൽ അവരുടെ നിലനില്പിന്റെ പാട്ടില്ലാത്ത ഒരിടം ശൂന്യവും, അസ്വസ്ഥവും, അസമത്വങ്ങൾ നിറഞ്ഞതുമാവുന്നുമുണ്ട്. ദുർബലരുടെ പാട്ടുകൾ കൊണ്ട് ഞെട്ടറ്റു വീഴാതെ ചേർത്തു പിടിക്കുന്ന ഞെക്കിപ്പിഴിയലിൽ നീലിച്ചു പോയ ഞരമ്പുകളെക്കുറിച്ച് ബോധവാനാവുന്നത് കള്ളനാണ്. പോലീസിന് അത്തരം നിലനില്പിനായുള്ള സമരങ്ങളോട് പുച്ഛമാണ്. ‘മാവോ’യെ ‘മ്യാവൂ’ എന്നേ അവർക്ക് ഉച്ചരിക്കാനാവൂ. അസമത്വങ്ങളില്ലാത്തിടത്ത് പോലീസിന്റെ ആധിപത്യം അവസാനിക്കുകയും അവർ തികച്ചും അനാവശ്യമായ ഒരുപകരണമായി പരിവർത്തനം ചെയ്യപ്പെടുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. അതിനാൽ അധികാരമുള്ള പദവിയിലിരിക്കുക എന്നത് പോലീസിന്റെ ആവശ്യമാവുന്തോറും ക്ലാസ് മുറികളിൽ നിന്ന് പഠിച്ചുറപ്പിക്കുന്ന അധികാരത്തിന്റെ ആദ്യശ്യ പാഠങ്ങൾ കുട്ടികളുടെ അബോധത്തിലൂടെ കാലാകാലം നിലനില്കുക തന്നെ ചെയ്യും. എന്നാൽ കേവലമൊരു ദുർബല ശബ്ദം പോലും ജനാധിപത്യത്തിൽ പ്രതിരോധത്തിന്റെ ആയുധങ്ങളാവുന്നതാണ് ചുറ്റും നമുക്ക് കാണാനാവുക.
കക്കയം പോലെയുള്ള ക്യാമ്പുകൾ ഒരു പ്രഭാതത്തിന്റെ സൃഷ്ടിയല്ല. നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന പലതരം കുട്ടിക്കളികളുടെ ഒരു ഉപോൽപ്പന്നമാണ്. സാമൂഹിക വ്യവഹാരങ്ങളിലൂടെ കൈമറിഞ്ഞു പോവുന്ന സ്വഭാവ സവിശേഷതകളാൽ നിർമ്മിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. ഓരോ ക്ലാസ് മുറികളും ഭാവിയിലെ സമൂഹമാണ്.   'പെൻസിൽ മുന കൊണ്ടുള്ള കുത്ത്' വെറുമൊരുപമ എന്നതിലുപരി മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാന രൂപവും, സമൂഹ സൃഷ്ടിയിലെ അധികാരത്തിന്റെ സൂക്ഷ്മവും അബോധപരവും ആദ്യശ്യവുമായ ഇടപെടലുകളുമാണ് സൂചിപ്പിക്കുന്നത്. കുട്ടികൾ കളിയവസാനിപ്പിച്ച് ക്ലാസിൽ കയറുന്ന അവസാന ഭാഗത്തിലാണ് യഥാർത്ഥ കള്ളനും പോലീസും ജനിക്കുന്നത് എന്നതാണ് കവിതയുടെ സൗന്ദര്യം. പിന്നീടൊരിക്കലും കള്ളനും പോലീസിനും ഒരു മുറിയിലിരിക്കാൻ കഴിയില്ല, മിയ കുൾപ്പ എന്ന വാക്കുകൾക്ക് അത്ഥം നഷ്ടപ്പെടുന്ന ഒരു ലോകത്തേക്ക് അവർ കുട്ടിക്കാലത്തു തന്നെ എത്തിയിരുന്നു എന്ന യാഥാർത്ഥ്യമാണ് കവിതയിൽ അനാവരണം ചെയ്യപ്പെടുന്നത്. 
ഈ ഒരു കവിത മാത്രം കൊണ്ടു പൂര്ണമാവുന്നതല്ല ഡോണയുടെ കാവ്യലോകം. ഈ ഒരു കവിത അവരുടെ കാവ്യസംവേദനങ്ങളുടെ ലോകത്തേക്കുള്ള ഒരു കിളിവാതിൽ മാത്രമാണ്. പാടിപ്പതിഞ്ഞ വൃത്തങ്ങളിൽ നിന്ന് കഠിന ജീവിത പരിസരങ്ങളിലേക്കുള്ള ഒരു സ്ത്രീയുടെ ജീവിതം കൂടി കവിതാരൂപത്തിൽ ഇവിടെ വെളിപ്പെടുന്നുണ്ട്. കൂടുതൽ ആഴങ്ങളിലേക്ക് യാത്ര ചെയ്യാൻ കവിത ശൈലീപരമായും ഘടനാപരമായും തയ്യാറെടുക്കുന്നതിന്റെ സൂചനകളാണ് പുതിയ കവികളുടെ കാവ്യയാത്രകൾ എന്ന് ഡോണ ഇവിടെ പറയാതെ പറയുന്നത് കാണാതെ പോകാൻ കഴിയില്ലല്ലോ.

Comments

(Not more than 100 words.)