കനലോളം ആഴത്തിൽ കഥ പറയുമ്പോൾ
(സെറീനയുടെ കവിതകൾ - പ0നം )
************
- സിമിത ലെനീഷ്
************
പതിവ് കവിതാരീതികളെ തെറ്റിച്ച് കൊണ്ട് സെറീന കവിത എഴുതുമ്പോൾ ആ കവിതകൾ വായനക്കാരെ വല്ലാത്തൊരു ഗർത്തത്തിലേക്ക് തള്ളിയിടുന്നു. വായിക്കൂ എന്ന് ഓരോ കവിതയും ആവശ്യപ്പെടുന്നതിനോടൊപ്പം കവിതകൾ നമുക്ക് ചുറ്റും ഇളകിയാടി യാഥാർത്ഥ്യങ്ങളെയും സ്വപ്നങ്ങളേയും കലർത്തി വച്ച് ജീവിതത്തെ കാണിച്ച് തരുന്നു.സെറീനയുടെ കവിതകൾ ബിംബകൽപനകൾ കൊണ്ടും ഭാവ സവിശേഷതകൾ കൊണ്ടും കവിതയെന്ന രൂപത്തെ അനുഭവിപ്പിക്കുന്നതിനൊപ്പം ഒരിക്കലും ഇട്ടെറിഞ്ഞ് പോകാൻ കഴിയാത്ത ആത്മ ബന്ധത്തിലേക്ക് വായനക്കാരെ തളച്ചിടുന്നു .എത്ര ലളിതമായി തുടങ്ങിയാലും അവസാനിക്കുമ്പോൾ കനത്ത ഭാരം നെഞ്ചിൽ അനുഭവപ്പെടുന്നു.
"ഒരുവളിൽ നിന്ന്
ഒരുവളിലേക്കുള്ള ദൂരം
ഒരു കടൽ മുഴുവനും കുറുകിയ
ഉപ്പുകല്ലായി കൈവെള്ളയിൽ
ബാക്കിയാവുന്നു".(അ/ ഭയം)
എന്ന വരികൾ ഓരോ ഒരുവളും കനത്ത ഉപ്പ് കനിപ്പോടെ ഓർത്ത് വെയ്ക്കും. വേദനയും സഹനവും പാകപ്പെടലുമായി ജീവിതം മുന്നിൽ നിന്ന് കളിക്കുമ്പോൾ ഈ വരികൾ ചിലപ്പോഴെല്ലാം ജീവിതമാകുന്നു.
"ജീവിതമെന്ന് പേരെഴുതിയ
ഒറ്റക്കല്ലിന് താഴെ
ഉറക്കമുണർന്നിട്ട്
മരിച്ച് പൊയെന്ന്
മറന്നു പോവണേയെന്ന്
പ്രാർത്ഥിക്കുന്നു"
എന്ന് 'ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം' എന്ന കവിതയിൽ കാണാം
ആശയതലത്തിൻ്റെ ഒടുങ്ങലിൽ നിന്ന് അനുഭവതലത്തിൻ്റെ മൂർച്ചയിലേക്ക് കയറി നിന്ന് ഭൂതകാലത്തിൻ്റെ കരച്ചിലുകളിലേക്ക് ഒരുവളെ തള്ളിയിടുന്നു ഇക്കവിത. കവിത ചിരിയായി കരച്ചിലായി കനല് പൊള്ളുന്ന ജീവിതത്തിൽ കരളുറപ്പുള്ള ഒരുവൾ ചേർത്ത് വയ്ക്കുന്ന ചിതറലുകളായി നമ്മെ തൊട്ട് കടന്ന് പോകുമ്പോൾ പ്രണയമോ ജീവിതമോ കവിതയോ അല്ലാതെ എന്തോ ഒന്ന് നമ്മെ കൊളുത്തി വലിക്കുന്നു.
"മരിച്ച് പോയാലും
തീരാത്ത പാകപ്പെടലോ
ജീവിതം "( ഉപ്പിലിട്ടത്)
എന്ന് ചോദിക്കുമ്പോൾ ഇതുവരെ പാകപ്പെടാതെ നെട്ടോട്ടമോടുന്ന മനുഷ്യരെ കുറിച്ചോർത്ത് സഹതാപം തോന്നുന്നു.
"ഉള്ളിൽ ഉണ്ടായിരുന്ന ഉറവ
ഒളിച്ചു വച്ച മുളയുടെ നാമ്പ്
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരേ
ഏറ്റവും നല്ല കനലാകാൻ"
ഈ വരികളോളം ജീവിതത്തിലെ പാകപ്പെടലുകളെ ഓർമിപ്പിക്കാൻ മറ്റൊന്നിനുമാകുന്നില്ല. ചിരട്ട ഒരു ജീവിതമായിരുന്നല്ലോ എന്ന നടുക്കം വിട്ട് മാറുന്നില്ല.
"എത്രയാണ്
ഭംഗിയുള്ള ഉടുപ്പുകൾ
എന്നിട്ടും എല്ലാ പാതിരാവിലും
കീറലുകൾ മാത്രമായി തീർന്ന ഒരു
പഴന്തുണി തന്നെ ഒരുവൾ
തുന്നിക്കൊണ്ടിരിയ്ക്കുന്നു."
എത്ര പഴതായാലും പ്രിയപ്പെട്ടവയെ ഉപേക്ഷിക്കാൻ കഴിയാത്ത നിസ്സഹായതയെ ചൂണ്ടി കാണിക്കുമ്പോഴും പഴയതായിട്ടും വച്ച് മാറാൻ കഴിയാത്ത ,പുതിയതാക്കാൻ കഴിയാത്ത ജീവിതം കൂടി നമ്മെ
നോക്കി കരയുന്നു
പ്രകൃതിയാണെന്ന് തോന്നുമ്പോൾ പെണ്ണാവുകയും പെണ്ണാണെന്നളക്കുമ്പോൾ ചുറ്റിലുമുള്ള സഹജീവികളുടെ ജീവിതമാണെന്ന് അറിയുകയും ചെയ്യുന്നു.
കൊളുത്തി വലിക്കൽ അസഹ്യമാകുന്നു.എല്ലാ കവിതയ്ക്കും വളമാകുന്നത് ഉറഞ്ഞ് ഉറഞ്ഞ് പാകപ്പെട്ട ഒരുവളാണ്. കവിതയിൽ നിറയുന്നത് സ്വന്തമായ ഇരുട്ടിനെ തെറിപ്പിച്ച് വെളിച്ചം വിതച്ചവളാണ്.
"സ്വന്തമായുള്ള ഇരുട്ടിൽ നിന്നും
ഉറവാകുന്ന വെളിച്ചത്തിൻ്റെ
നേർത്ത ചാലുകളിലൂടെ
വെട്ടം തെറിപ്പിച്ചു നടന്നവൾ "
എന്ന് അവളവൾതോറ്റം എന്ന കവിതയിൽ പറയുന്നുണ്ട്.
"അവൾക്കൾ അമ്മയാകുന്നു
അവൾ അമ്മ മാത്രമുള്ള
കുഞ്ഞാകുന്നു"
എന്ന് ഇതേ കവിതയിൽ പറയുമ്പോൾ മറ്റാരും കൂട്ടില്ലാതെ വരുമ്പോൾ സ്വയം അമ്മയും മകളുമായി ആശ്വസിപ്പിക്കുന്ന ,പരുവപ്പെടുന്ന ഓരോ പെണ്ണും കവിതയിലേക്ക് നടന്ന് കയറുന്നു.
'അച്ഛനെ അക്ഷരമാല പഠിപ്പിക്കുമ്പോൾ' എന്ന കവിത
ഒരു തരം വെറുപ്പ് പൊതിഞ്ഞല്ലാതെ വായിക്കാനാവുന്നില്ല. ശരീരം മാത്രമായി മാറിയ ഓരോ പെൺകുഞ്ഞിൻ്റെയും അലർച്ച കാതിൽ മുഴങ്ങുമ്പോൾ അതിലെ വരികൾ മരണത്തേക്കാൾ വലിയ ശ്യൂന്യതയായി കാതിൽ തറയ്ക്കുന്നു.
"അങ്ങേയ്ക്കിനി എങ്ങനെയാണ്
മരിക്കാനാവുക?
പന്ത്രണ്ടുകാരി മകളുടെ
ഹൃദയത്തേക്കാൾ വലിയ
കുഴിമാടം
എവിടെയാണങ്ങയെ
കാത്തിരിക്കുന്നത്"
എന്ന് ചോദിക്കുമ്പോൾ മകളെ പ്രാണനേക്കാൾ മീതെ സ്നേഹിക്കുന്ന അച്ഛൻ മനസുകൾ പൊടിഞ്ഞ് പോകുന്നു.
' തായ് വേരിനാൽ' എന്ന കവിത തലമുറകളിലൂടെ പരക്കുന്ന തിരിച്ചറിയിലിനെ ഓർമപ്പെടുത്തുന്നതിനോടൊപ്പം തലമുറകൾ മാറി മറഞ്ഞിട്ടും മാറാത്ത മനസ്സുകളെ കൂടി ഓർമപ്പെടുത്തുന്നു.
ജീവിതവും പ്രണയവും പാകപ്പെടലും രതിയും പെണ്ണനുഭവങ്ങളും നിറയുന്ന കവിതയിൽ വാക്കുകളെ വല്ലാത്തൊരു ആവേശത്തോടെ കവി സ്വീകരിച്ചിരിക്കുന്നു.
"ശ്വാസമില്ലാതെ
ഓരോ വാക്കും
മരിച്ച് പോകുന്നു
നിനക്കുള്ളതായിരുന്നു
അവയൊക്കയും"
"കൂടെയുണ്ടെന്ന വാക്കിനെ
ഒട്ടും വിശ്വസിക്കരുത്
കൂടെ നടന്ന്
ഭൂമിയിലേക്ക് വരാനാകാത്ത
അനുഗ്രഹങ്ങളിലേക്ക്
നാടുകടത്തുമത്"
നിന്നോട് മിണ്ടാനാണ് ഒരു കവിതയിൽ കറ പിടിച്ച വാക്കുകളെ കഴുകിയെടുക്കുന്നത്. ലോകം കൈയ്യൊഴിഞ്ഞ പഴയ വാക്കിനെ കവിതയിലേക്കുള്ള വണ്ടി കാത്തു നിൽക്കുമ്പോൾ
കണ്ടുമുട്ടുന്നു മുണ്ട്.സെറീനയ്ക്ക് വാക്ക് പ്രാണൻ പോലെ പ്രിയപ്പെട്ടതാണ്.
"വാക്കിൻ്റെ പെരുവഴിയിൽ
എത്ര നടന്നിട്ടും
എത്തുന്നതേയില്ല ഞാൻ കരയിൽ"
വാക്കുകൾ എന്ന ഒറ്റവാക്കിനെ കവിതയിൽ പലതായി വിടർത്തിയിട്ട് പലവിധ ജീവിത സന്ദർഭങ്ങളിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു. വാക്കിൻ്റെ ഉത്സവത്തിൽ കവിത
കനക്കുകയും ചിരിയായും കരച്ചിലായും ഓർമകളായും പൊടിയുകയും ചെയ്യുന്നു. വാക്ക് ഒരിക്കലും അവസാനിക്കാത്ത ഓർമയുടെ ഭൂപടമാണെന്ന് എണ്ണമറ്റ വാക്കുകൾ കൊണ്ട് തന്നെ വരഞ്ഞിടുന്നു. ജീവിതത്തെ ഒരു കൈ കൊണ്ട് തൂക്കിയെടുത്ത് വാക്കിൻ്റെ അഴയിൽ തോരാനിട്ട് ഇതാണെൻ്റെ കവിത, ഇതാണെൻ്റെ , ഇതാണെൻ്റെ ഹ്യദയം എന്ന് സെറീന ഉറക്കെ വിളിച്ച് പറയുന്നു.
കവിത ചിലർക്ക് വായിച്ച് കളയാനുള്ള വരികൾ മാത്രമായിരിക്കാം. അർത്ഥവും സന്ദർഭവും നോക്കി കവിതയെ പ്രണയിക്കുന്നവർക്ക് സെറീനയുടെ കവിതകൾ ഒരിക്കലും അടച്ച് വയ്ക്കാൻ കഴിയാത്ത ജീവിതമാണ്. കവിതയിൽ ശ്വാസം കിട്ടാതെ പിടയുന്ന ഓരോ വാക്കും എവിടെയോ പിടയുന്ന മനുഷ്യരാണ്.സെറീന നിങ്ങൾ എഴുതിയത് കവിതയായിരുന്നോ? നിങ്ങൾ പകർത്തിവെച്ചത് ആരുടെ ഹൂദയമായിരുന്നു? ആരുടെ കാലമായിരുന്നു? ആരുടെ വേദനകളെയായിരുന്നു? ഈ ചോദ്യങ്ങളുടെ ഉത്തരം മറച്ച് പിടിച്ചാണ് കവിത ചിരിക്കുന്നത്.