വിജയലക്ഷ്മിയുടെ കവിതകൾ : ഭൂതല ഗവേഷകരെ കാത്തിരിക്കുന്ന അന്ത:പുരങ്ങൾ

വലിയ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, ഈയിടെ, വിജയലക്ഷ്മിയുടെ അറുപതാം പിറന്നാൾ കടന്നുപോയി. നാല്പതോളം വർഷത്തെ എഴുത്തുജീവിതത്തിലൂടെ അവർ മലയാളകവിതയ്ക്ക് നല്കിയതെന്തൊക്കെയാണ് എന്ന് നമ്മൾ വേണ്ട പോലെ ചർച്ച ചെയ്തിട്ടില്ല. സമകാലീനരായ കവികളെക്കാൾ  കാവ്യപ്രതിഭയാൽ തിളക്കമേറിയതെങ്കിലും ആ എഴുത്തുജീവിതം  മലയാളത്തിലെ സാഹിത്യനായകരെപ്പോലെ ആഘോഷിക്കപ്പെട്ടിട്ടില്ല. നമ്മുടെ സമൂഹത്തിലെ  മറ്റെല്ലാ മേഖലകളിലുമെന്നപോലെ സാഹിത്യമേഖലയിലും  നിലനിൽക്കുന്ന ലിംഗപരമായ വേർതിരിവുകൾ ഈ അവസ്ഥയുടെ പ്രധാന കാരണമാണ്.വിജയലക്ഷ്മിയുടെ  കാവ്യശില്പങ്ങളെ സ്നേഹാദരങ്ങളോടെ തൊട്ടുനോക്കുകയാണ് ഈ കുറിപ്പിൽ . 

'ലാവ' എന്നൊരു കൊച്ചുകവിതയുണ്ട്, വിജയലക്ഷ്മിയുടേതായിട്ട്. ഉരുകിത്തിളച്ച്, ഉള്ളിൽ നിന്ന് ഉറപ്പൊട്ടി, കൂറ്റൻ തരംഗങ്ങൾ സൃഷ്ടിച്ച് പരന്നൊഴുകുന്ന ലാവ, ഉച്ചമയക്കത്തിന്റെ ആലസ്യത്തിലാണ്ട നഗരത്തെയപ്പാടെ വിഴുങ്ങുന്നു. അക്ഷരമാലയിലില്ലാത്ത ഭാഷയിൽ മുഴങ്ങിയ വിലാപങ്ങൾ കനൽച്ചീളുകളാകുന്നു. അടിയിൽ ക്കുടുങ്ങിയതൊക്കെ ആ പ്രവാഹത്തിന്റെ മൃതി മാധുര്യം നുകർന്ന് ഉറക്കമായി. കവി ചോദിയ്ക്കുന്നു: 
ദൂര കാലത്തിൽ, ദൂരദൂരമേതൊരു ദിനം
ആരു കണ്ടെത്താം, മോഹധൂസരമന്തഃപുരം?
ഭൂതലഗവേഷകർതൻ വിരൽത്തുമ്പിൽ, ഭാവി-
ജാലകം തുറക്കുന്നതേതു വിസ്മയമാകാം?

അഗ്നിപർവ്വതസ്ഫോടനത്തിനു ശേഷം ലാവ പരന്നൊഴുകി നശിച്ച പോംപി നഗരത്തിന്റെ കഥയൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഇവിടെ, ഉള്ളു ചുട്ട രോദനം ലാവയായി ഉറന്നൊഴുകി മൂടിപ്പോകുന്ന ആ അന്തഃപുരം, ലാവയ്ക്കുള്ളിലമർന്നു പോയ നഗരമല്ല (അന്തഃപുരം - അകത്തു കുടുങ്ങിയ നഗരം), രാജകൊട്ടാരങ്ങളുടെ അന്തഃപുരമല്ല; മറിച്ച്, കവിയുടെ മനസ്സാകുന്ന ഒരന്തർ ലോകംതന്നെ (അന്തഃപുരം എന്ന വാക്കിന് ഈ മൂന്നു ധ്വനിയും കവിതയിൽ വായിയ്ക്കാം). ഈ കവിതയിൽ മാത്രമല്ല, വിജയലക്ഷ്മിയുടെ പല കവിതകളിലും ഇങ്ങനെ, കവിതയുടെ ലാവ മൂടിയൊളിച്ച ചില അന്തഃപുരങ്ങൾ കാണാം. ദൂരദൂര കാലത്തിൽ, ദൂരദൂരദേശത്തിൽ നിന്ന് എത്താവുന്ന ചില, ഭൂതല ഗവേഷകരെ അവരുടെ കവിത പ്രതീക്ഷിയ്ക്കുന്നു.

''സഹശയനം' പോലെയുള്ള കവിതകളും
പാപത്തറ പോലെയുള്ള കഥകളും  പ്രസിദ്ധീകരിച്ചിട്ടും വിജയലക്ഷ്മിയെഴുതിയത്, സവിശേഷ ബിംബഭാഷയിലാണ്. ഉദാഹരണത്തിന്, യയാതിയിൽ, പ്രണയത്തിന്റെ ശാരീരികാനുഭവത്തെ എഴുതുന്നത് നോക്കൂ:

''മഴവില്ലു മഞ്ചമായ് മാറ്റി, മേഘങ്ങൾ തൻ
നിഴലാൽ പുതപ്പിച്ചുറക്കീ,
പുലരികളിൽ താരകത്തളിരുകളണിഞ്ഞു ഞാൻ
പുതുജീവനാർന്നെഴുന്നേറ്റു - "

തന്നെയുമല്ല, പലപ്പോഴും നിസ്സഹായതയുടെ അതിർത്തിയിലാണ് അവരുടെ കവിതകൾ നിലകൊള്ളുന്നതെന്ന് വിമർശനവുമുണ്ടായിട്ടുണ്ട്. ഇതു ശരിവയ്ക്കുകയാണോ എന്നു സംശയിക്കത്തക്ക വിധത്തിൽ, മർദ്ദകസ്വഭാവം കൊണ്ട് തളച്ചിടുകയാണ് കുടുംബം,  എന്നറിഞ്ഞിട്ടും ഓടിപ്പോകാത്ത മൃഗത്തെ കാണാം മൃഗശിക്ഷകനിൽ. വീടുവിട്ടിറങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ ഇനിയും യാത്ര തുടങ്ങിയിട്ടില്ലാത്ത സ്ത്രീ, തച്ചന്റെ മകളിൽ പ്രത്യക്ഷപ്പെടുന്നു. എന്നിട്ടും ആ കവിതകളിൽ പ്രതിരോധത്തിന്റെ തരംഗങ്ങളുണ്ടെന്നു വരുന്നത് എങ്ങനെയാണ്?  തന്റെയുള്ളിൽ, അവരെപ്പോഴും ചിറകാർന്നു പറക്കാൻ മോഹിയ്ക്കുന്ന ഒരുവളെ കൊണ്ടു നടക്കുന്നതുകൊണ്ടാണത് എന്നു ചുരുക്കിപ്പറയാം.'പഞ്ജരത്തിലെ പക്ഷിയല്ല, മേഘമണ്ഡലത്തിൽ ഗരുഡനാകുന്നു ഞാൻ ' എന്നു തിരിച്ചറിയുന്ന ഒരുവളെ. ആകാശപ്പരപ്പും ആഴക്കടലുമല്ലാതെ ആരും തിരിച്ചറിയാതെ, ഉള്ളിലെ ലാവയെ വഴിതിരിച്ചു വിടുകയാണവൾ (പ്രണയത്തിൽ).  അങ്ങനെയൊരു ലാവയുടെ ഒഴുക്കാണ് നമ്മൾ തുടക്കത്തിലും കണ്ടത്: നഗരങ്ങളെ നിശ്ചലമാക്കുന്ന, അന്തഃപുരങ്ങളിൽ മൃതിമധുരം പകരുന്ന ലാവ. പുറത്തിറങ്ങിയാൽ ജീവിതം തകർക്കുന്ന (സ്വന്തം ജീവിതം മാത്രമല്ല, ഒരു നഗരത്തിന്റെ മുഴുവനെന്ന് കവിതയിൽ. അതിലെ ആലങ്കാരികത വിട്ടു കളഞ്ഞാലും ലാവയുടെ ശക്തി കുറയുന്നില്ല) പറഞ്ഞു വന്നത്, അനുഭവതീവ്രതകളെ ഉള്ളിലൊതുക്കുന്ന ഒരു നിഗൂഢഭാഷയിലാണ് വിജയലക്ഷ്മി എഴുന്നത് എന്നാണ്. അതിന്റെ തൊങ്ങൽ മാത്രമാണ് നമ്മൾ പലപ്പോഴും കാണുന്നത്, വായിക്കുന്നത്. പ്രണയത്തെ ഉന്മാദം എന്ന് അടയാളപ്പെടുത്തുന്ന, രതിയെ പ്രകൃതിയിൽ ആരോപിക്കുന്ന, രോഷത്തെ ഭയമെന്നു വിളിക്കുന്ന, ഒരു തരം ബിംബഭാഷ അവർ വളർത്തിയെടുത്തിട്ടുണ്ട്. അടുത്തു നോക്കിയാൽ മാത്രം തെളിയുന്ന വിസ്മയങ്ങൾ ഉൾവഹിയ്ക്കുന്ന ഒരു  ഭാഷ. പറഞ്ഞാൽ മറ്റൊരാൾക്ക് വേദനിക്കുമെന്നതുകൊണ്ട്, എന്നാൽ, പറയാതിരിയ്ക്കാൻ പറ്റാത്തതു കൊണ്ട്, പ്രത്യേക പരിശീലനം ലഭിച്ച 'ഭൂതല ഗവേഷകർ 'ക്കു മാത്രം തിരിച്ചറിയാവുന്ന ഭാഷയിൽ അവർ എഴുതും, നമ്മൾ അതിങ്ങനെ വായിയ്ക്കും:
അപരിചിതരാപ്പക്ഷീ, പാടൂ വിദൂരത്തി -
ലറിയാത്ത ഭാഷ നീയറിയുവോളം - 

അറിയാത്ത, പെട്ടെന്ന് തെളിഞ്ഞു കിട്ടാത്ത ഭാഷയിൽ വിജയലക്ഷ്മി എഴുതിയതു വായിയ്ക്കാൻ ഇനിയുമിനിയും ഏറെയുണ്ട് എന്നു മാത്രം ചുരുക്കട്ടെ!'
********

വിജയലക്ഷ്മി:
1960-ൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജനിച്ചു. സുവോളജിയിൽ ബിരുദവും മഹാരാജാസ് കോളേജിൽ നിന്ന് ഫസ്റ്റ് റാങ്കോടെ എം.എ മലയാളം ബിരുദവും നേടി.1977 മുതൽ സജീവമായി കവിതകളെഴുതുന്നു. 1994-ൽ സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്ക്കാരം ലഭിച്ചു. മഹാകവി ഉള്ളൂർ പുരസ്ക്കാരം, പി.കുഞ്ഞിരാമൻ നായർ പുരസ്ക്കാരം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

സ്ത്രീജീവിതത്തിന്റെ ഭിന്നാവസ്ഥകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കവിയാണ് വിജയലക്ഷ്മി. ഭയത്തിന്റെ പിന്നിൽ നിൽക്കേണ്ടി വരുന്ന സ്ത്രീയുടെ മാനസികാവസ്ഥയെ അവർ എപ്പോഴും കാണുന്നുണ്ട്. ബാലാമണിയമ്മക്കവിതയുടെ തുടർച്ചയും അതിൽ നിന്നുള്ള വിച്ഛേദവും ഒരേ സമയം വിജയലക്ഷ്മിയിൽ കാണാം. വൈകാരിക മുഹൂർത്തങ്ങളുടെ തീവ്രതയാണ്, അവരുടെ കവിതയുടെ മറ്റൊരു സവിശേഷത. മൃഗശിക്ഷകൻ, തച്ചന്റെ മകൾ, വിജയലക്ഷ്മിയുടെ കവിതകൾ എന്നിവ പ്രധാന രചനകൾ‌. ഈയിടെ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന സിനിമാനുഭവങ്ങൾ ഏറെ വ്യത്യസ്തത പുലർത്തി.

Comments

(Not more than 100 words.)