കവിത  - പ്രീതി ദിലീപ്

കവിത - പ്രീതി ദിലീപ്

കവിത  - പ്രീതി ദിലീപ്
********

പാലവും പാളവും
******
1.
പാലം
............
മുഖത്തോടു മുഖം നോക്കിയിരുന്നപ്പോൾ
ഒഴുകിപ്പോയത് നൂറ്റാണ്ടുകളുടെ
കലക്കു വെള്ളമായിരുന്നു

എത്ര തവണ കൈ നീട്ടിയതാണ്
അക്കരെ തൊട്ടില്ല
ഇടക്ക് കുതിച്ച് അപ്പുറമെത്താൻ വെമ്പിയെങ്കിലും
ഒന്നിനുമായില്ല
ഒഴുക്കിൽ അലിഞ്ഞ് കലങ്ങി മറിഞ്ഞതല്ലാതെ

ഇപ്പുറം തഴുകി അപ്പുറമെത്തുന്ന കാറ്റിന്
കൊടുത്തു വിട്ടത് ജീവൻ്റെ കുറിമാനങ്ങൾ
അപ്പുറവുമിപ്പുറവും ഒരു പോലെ
പെയ്ത മഴയിൽ തിരിച്ചു വന്നത്
പ്രാണൻ്റെ സങ്കടങ്ങൾ

നീതിമാനെ കുരിശിലേറ്റിയ പോലെ
കമ്പിയും കുന്തവും കൊണ്ട് എന്തിനാണവർ
നമ്മെ ഒന്നിച്ചു ചേർത്തത് !

വേണ്ടായിരുന്നു....

2.
പാളം
...........
ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടറ്റങ്ങളുടെ
അനന്തമായ യാത്രകൾ...

ഒരേ മർദ്ദത്തിൽ ഒരേ വേഗത്തിൽ
സമാന്തരങ്ങളായ് നൂറ്റാണ്ടുകൾ

ലക്ഷ്യമറിയാതെ ഊർന്നു പോകുന്ന നിലവിളികളെ
ഒന്നൊഴിയാതെ ഒളിപ്പിച്ചു വെക്കുന്ന
നീണ്ട ചൂളം വിളികളുടെ ഒത്തുചേരൽ

ജീവനൊഴിയുന്ന നിർവ്വികാരതയെ
നേർക്കുനേർ കണ്ട കഥകളാവണം
പങ്കുവെക്കപ്പെടുന്നവയിലേറെയും..

ഒരറ്റം പിടിച്ച് തുടങ്ങി വന്ന നീണ്ട യാത്രകളെ
അവർക്കു മാത്രം പരിചിതമായ ശബ്ദങ്ങൾക്കൊപ്പം
നിമിഷ നേരത്തേക്കെങ്കിലും അവസാനിപ്പിക്കുന്നുണ്ടാവണം

തൊട്ടതായും
തൊട്ടടുത്തു നിന്നതായും
കിനാവു കാണുന്നുണ്ടാവണം
പാളങ്ങളും പാലങ്ങളും.

**********
പ്രീതി ദിലീപ് :
എട്ട് വർഷമായി ഹയർസെക്കൻ്ററി താൽക്കാലിക അധ്യാപികയാണ്. സ്വദേശം  അന്നൂർ . ഇപ്പോൾ കുഞ്ഞിമംഗലം പുതിയ പുഴക്കരയിൽ താമസിക്കുന്നു.
********

Comments

(Not more than 100 words.)