സന്ധ്യ പത്മയുടെ കവിതകൾ
****************************
1.
ശ്രദ്ധ എന്ന പെൺകുട്ടി
****************************
തുന്നുന്തോറും പിന്നിപ്പോകുന്ന
ഉടുപ്പൊരെണ്ണം
ചില്ലിട്ട് വയ്ക്കുന്നു.
തേന്മാവിന്റെ വേരുകൾ
എറിഞ്ഞു കിട്ടിയ കല്ലുകൾക്ക്
മീതേക്ക് വളരുന്നു !
ഭ്രാന്തുകൾക്ക് അവധി കൊടുത്ത്
എന്നെത്തിരഞ്ഞ് പോകുന്നവൾക്ക്
കൂട്ട് പോകുന്നു.
മൂന്നാമത്തെ കണ്ണിനെ
കാഴ്ച്ചകളിലേക്ക് തുറന്നുവയ്ക്കുന്നു .
കൊടുങ്കാറ്റിനെ കുടിലിന് മുന്നിൽ
കാവൽ നിർത്തി.
ഇടയ്ക്കെപ്പോഴോ
ഒരു നായയെ പോലെ
അവൾ ഉറങ്ങാൻ പോകുന്നു...
2.
പ്രള(ണ)യം
**********************
ഭ്രാന്തിന്റെ ചങ്ങലക്കെട്ടഴിഞ്ഞു;
തെരുവിലേക്ക് ഒരലർച്ച
ഓടിയിറങ്ങി,
പേരുവെള്ളപ്പാച്ചിലിൽ
വീടൊലിച്ച് പോകുന്നു.
ഒരു പ്രളയത്തിനും
പിഴുതെറിയാനാവാത്ത
മരത്തിന്റെ വേരിൽ
ചുറ്റിപ്പിണഞ്ഞ് കിടപ്പാണ്
അവളുടെ മുടിയിഴകൾ !
കൊണ്ടുവന്നതൊക്കെയും
പെണ്ണിനെ മൂടി
ഒരു പുഴ
പതിവിലും ശാന്തമായി
ഒഴുകിപ്പോയി.
ആ നിമിഷം കടന്ന് പോകുന്നേയില്ല !