രാധാമണിയുടെ കവിതകൾ ജീവിതത്തിൻ്റെ നേർ ചിത്രങ്ങളാണ് എന്നതിലുപരി പൊരുതിക്കയറുന്ന ഒരുവളുടെ ആശ്വാസവും ആത്മവിശ്വാസവുമായി മാറുന്നു എന്നതിലാണ് പ്രാധാന്യമർഹിക്കുന്നത്. വഴി പോക്കത്തി എന്ന കവിത അടയാളപ്പെടുത്തലാണ്
"ആരാൻ്റെ മുന്നിലും കൈ നീട്ടി നിൽക്കാതെ തലയൊന്നുയർത്തു മാ വഴിപോക്കത്തി" എത്ര വഴിപോക്കത്തികൾക്ക് തലയുയർത്താൻ സാധിക്കാറുണ്ട് എന്നത് ഇന്നത്തെ സമൂഹത്തോടുള്ള ചോദ്യമാണ്. ഇന്നത്തെ കാലത്ത് പൊരുതുന്ന സത്രീകൾക്ക് വഴികൾ ഇല്ലാതെയാകുമ്പോൾ ആ വഴികളെ തിരിച്ച് പിടിക്കുന്ന ഓരോ സ്ത്രീയും ഓരോ അനുഭവമാണ്. ഇവിടെ രാധാമണിയുടെ കവിത ഒരുവളുടെ ജീവിതം അടയാളപ്പെടുത്തൽ മാത്രമല്ല കവിതയിലൂടെ ജീവിക്കാൻ ഒരു സത്രീ സന്നദ്ധതയായതിൻ്റെ തെളിവും മാറാപ്പിൽ സാമ്പാദ്യമായി ക്ലേശങ്ങളുള്ള ഒരുവളുടെ ഇറങ്ങിപ്പുറപ്പെടലും കൂടിയാണ്.ദുരിതക്കടൽ താണ്ടുന്ന ഓരോ പെണ്ണും ഈ കവിതയിലെ വഴിപോക്കത്തിയാവുമ്പോൾ രാധാമണിയുടെ കവിതകൾ ഒരേ സമയം യുദ്ധവും സമാധാനവുമായി തിരിച്ചറിവ് സൃഷ്ടിക്കുന്നു. വഴിപോക്കത്തി വെറുമൊരു കാഴ്ചക്കാരിയല്ല ജീവിതം തുന്നുന്നതിനോടൊപ്പം അനുഭവം പങ്ക് വെക്കുകയും യാഥാർത്ഥ്യങ്ങളോട്
കലഹിക്കുകയും ചെയ്യുന്ന ഒരുവളുടെ കനത്ത നോട്ടം കൂടിയാണ്.കവിത കാലത്തിൻ്റെ ചവിട്ടിതേയ്ക്കലുകളെ ബോധ്യപ്പെടുത്തുമ്പോൾ അതൊരു വിപ്ലവമായി മാറും.ഓരോ പെണ്ണിലെയും ചോദ്യത്തിൻ്റെ ഇഴകളെ പിരിച്ച് ചേർത്ത് സമൂഹത്തിൻ്റെ അതിർത്തിക്കപ്പുറത്തേക്ക് സഞ്ചരിച്ച് കൊണ്ട് വഴിപോക്കത്തി ജീവിതമായി മാറുന്നു.