കവിത - അളകനന്ദ ലാൽ

കവിത - അളകനന്ദ ലാൽ

കവിത - അളകനന്ദ ലാൽ
**********
കൂവൽ 
****
ചോറു വിളമ്പിവെച്ച്
കഴിക്കാൻ വിളിക്കുന്ന
നേരത്താണ്
മിക്കവാറും അയാൾക്ക്
ദൈവമിളകുന്നത്.
പണ്ട് കുരുതിക്ക്
അറുത്ത് തുള്ളിയ
കാലത്തിൽ നിന്ന്,
തലയില്ലാത്ത
ഒരു പൂവൻ പിടയുന്ന ഊക്കിൽ
കുടഞ്ഞെണീറ്റ്
അപ്പോഴയാളൊന്നുറഞ്ഞ് ചിരിക്കും.
നീയെന്റെ ചോറ്റില്
നഞ്ചുതേവീട്ടില്ലേന്ന്
ഒന്നാമത്തെ ചോദ്യം ചീറ്റും,
ഇയാളെണീറ്റ് വരുന്ന
പത്ത് മണീടെ വെളുപ്പിന്
പിന്നാമ്പുറത്തെ
വാതിലിലൂടെ
ഇറങ്ങിപ്പോയവന്മാരേതാണെന്ന്
രണ്ടാമത്തെ ചോദ്യം,
അപ്പുറത്തെ വീട്ടില്
വാർക്കപ്പണിക്ക് വന്നോർക്ക്
എന്നോടുള്ള ലോഹ്യത്തിന്റെ
റൂട്ട് മാപ് മൂന്നാമത്,
രാത്രി കട്ടിലിന്റടീല്
ഞാനൊളിപ്പിക്കുന്ന കാമുകന്മാരെ
വലിച്ചുപുറത്തിടുന്ന വിദ്യ
ഏറ്റവും അവസാനം.
അതു കഴിഞ്ഞോ,
ഞാൻ വെച്ചു വിളമ്പിയ
ചോറും തിന്ന്
കൈകഴുകി
പോയിക്കിടന്നുറങ്ങും.
ഇതിനിടയിൽ
ദൈവമിളകിയത് കാണാൻ വന്ന
നാട്ടുകൂട്ടത്തെ
ഏന്തിയൊന്ന് നോക്കും,
നാളെയുറയുമ്പോളെന്റെ
വ്യഭിചാരക്കണക്കിലേക്ക്
കൂട്ടിച്ചേർക്കാൻ.
ഇന്നുമങ്ങനേ
തുള്ളി വന്നതാണ്,
പെരുവിരലിന്റെ അറ്റം മുതൽ
നെറുകിൻതല വരേ
വിറച്ചു പോകുന്ന മാതിരി
ആദ്യം അയാളൊന്നട്ടഹസിച്ചു,
എന്റെ രണ്ടു പെൺകുട്ടികൾ
അടുക്കളത്തിണ്ടോട് ചേർന്ന്
ശ്വാസമടക്കിപ്പിടിച്ച് നിന്നു.
പക്ഷേ ഇന്ന്,
സാവധാനം,
ഒരു ദൈവവും കയറാതെ,
ഇളകാതെ,
ഞാനൊന്നുറക്കെ
തിരിച്ച് കൂവി നോക്കി.
പിന്നാലെ അടുപ്പിൻതിണ്ണേൽ കേറിയിരുന്ന
പിള്ളേരും കൂവി,
ദൈവമിളകുന്നത് കാണാൻ വന്നതിൽ
കൂടി നിന്ന
പെണ്ണുങ്ങളെല്ലാം കൂവി,
അയാളുടെ തലയിൽ
കുരുതിക്കളത്തിലെ
പിടക്കോഴികളെല്ലാം
ലോകമുദിക്കുമാറ് കൂവി.
അന്നയാൾക്ക്
തൊണ്ടയിലൂടെ
ചോറിറങ്ങിയില്ല,
കളത്തിൽ നിന്ന്
ഇറങ്ങിപ്പോയ ദൈവം
പിന്നെയൊരിക്കലും
കൈകഴുകി വന്നുമില്ല.

*******
അളകനന്ദ ലാൽ :

കോഴിക്കോട് മുക്കം സ്വദേശി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തു. മുക്കം എം എ എം ഒ കോളേജിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു.
*******

Comments

(Not more than 100 words.)