കവിത - ശ്രുതി കെ. എസ്

കവിത - മരണശേഷം

ശ്രുതി കെ. എസ്

******************

മരണം ഉറപ്പിച്ചാൽ
സിമന്റ് തറയിലെന്നെ കിടത്തരുത്
കാടുപോലൊരിടത്ത്, നിലത്ത്..
ചുറ്റും ചെടികൾ, തണൽ 
കൊഴിയുന്ന പൂക്കൾ...

അവസാന കാഴ്ചയിതല്ലെങ്കിൽപ്പോലും
നീയുണ്ടാവണം
ദൂരെ മാറിയൊരന്യനെപ്പോലല്ല
അടുത്ത്... വളരെയടുത്ത്...
നോക്കിയാൽ കാണുന്നിടത്ത്
തൊടാൻ എത്തുന്നിടത്ത്...

ചുറ്റിലും ആരൊക്കെയോ
ചുമ്മാ തിരക്കുണ്ടാക്കി
നടക്കുന്നുണ്ടാകും
ചിരിയടക്കാൻ ഞാൻ പാടുപെടും
ഇടയ്ക്ക് ഒളികണ്ണിട്ട്
എന്നത്തെയും പോലെ
നീയെന്നെ നോക്കിക്കൊണ്ടിരിക്കണം
എനിക്കിനി ആരെയും ബോധിപ്പിക്കാനില്ല
ഞാൻ നിന്നെ മാത്രമേ നോക്കുന്നുണ്ടാകൂ

കുഞ്ഞുമോഹങ്ങളേ എനിക്കൊള്ളുവെന്ന്
നീയെപ്പോഴും പറഞ്ഞിട്ടും
അതെല്ലാം ബാക്കിവച്ചാണ്‌ യാത്ര
ഇനിയെന്ന് നമ്മളൊന്നിച്ചു ബൈക്കിൽ?
നിന്റെ ദേഹാസ്വാസ്ഥ്യം അറിയാഞ്ഞിട്ടല്ല
എങ്കിലുമതൊരു കൊതിയായിരുന്നു.
ഇനിയേത് രാത്രി വടക്കുന്നാഥനു മുന്നിൽ
കൈകോർത്തു നടക്കും?

വളരെ കുറച്ചേ നമ്മൾ കണ്ടിട്ടുള്ളൂ
വളരെ കുറച്ചേ മിണ്ടീട്ടൊള്ളൂ   
രണ്ടോ മൂന്നോ തവണയേ
ഒന്നിച്ചിരുന്നിട്ടൊള്ളൂവെങ്കിലും...
എപ്പോഴാണ്‌ പ്രാണൻ പകുത്തതെന്ന്
ഓർക്കുന്നേയില്ല...

പോസ്റ്റ്മോർട്ടം, കുളിപ്പിക്കൽ
തുടങ്ങിയുള്ള സ്ഥിരം ഏർപ്പാടുകൾ
ചെയ്തെന്നെ അശുദ്ധമാക്കരുത്.
എനിക്ക് നിന്റെ വിയർപ്പിന്റെ മണമാണ്‌,
അതുമായി വേണമീ
മണ്ണിനോട് വിടചൊല്ലാൻ.

എടുക്കും മുമ്പ്
നീയെനിക്കവസാന ചുംബനം
ചുണ്ടിൽത്തന്നെ നൽകണം.
ഒരു നിമിഷത്തേക്കെന്റെ പ്രാണൻ,
നിന്റെ നിശ്വാസത്തിനായ്
പിടഞ്ഞോടിയെത്തും!

ചിതയിൽ വയ്ക്കുമ്പോൾ
മുഖം മറയ്ക്കരുതെന്ന് പറയണം
കണ്ണുകൾ നക്ഷത്രങ്ങളായ്
തീരുംവരെ
നീയെന്നെ നോക്കി നിൽക്കുന്നുണ്ടാകും,
ഞാൻ നിന്റടുത്തു
നിൽക്കുന്നതറിയാതെ... 

Comments

(Not more than 100 words.)