വയസ്സാകുമ്പോൾ ഒറ്റയ്ക്കായിപ്പോകുന്ന, അന്യോന്യമൂന്നുവടികളാകുന്ന രണ്ടു പേർ, രണ്ടു ദ്വീപുകളായി കാലത്തിന് അപ്പുറത്തോ ഇപ്പുറത്തോ എന്നറിയാതെ ഉഴലുന്നതിൻ്റെ ചിത്രമാണ്, വിജയലക്ഷ്മിയുടെ ദ്വീപുകൾ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ്) പങ്കുവെയ്ക്കുന്നത്. പുതിയ കാലത്ത്, അധിനിവേശത്തിൻ്റെയും പ്രതിരോധത്തിൻ്റേയും രൂപകം കൂടിയാകുന്നുണ്ടല്ലോ 'ദ്വീപ്'.
വൃദ്ധനും വൃദ്ധയ്ക്കും അവരവരും ഓർമ്മകളുമല്ലാതെ മറ്റാരും കൂട്ടില്ല: കഞ്ഞിയിൽ വറ്റിനു തപ്പുമ്പോൾ കരണ്ടികൾ കൂട്ടിമുട്ടിയുണ്ടാക്കുന്ന ശബ്ദമാണ് അവർക്കിടയിൽ ആകെയുള്ളത്, അതാണെങ്കിലോ ഹൃദയതാളം പോലെ അപസ്വരം! തങ്ങൾക്കിടയ്ക്ക് ശബ്ദവും വെളിച്ചവുമാകേണ്ട പുത്രനെ കാട്ടിലേയ്ക്കയച്ചിരിക്കുകയാണ്, ആരുടേയോ യാഗരക്ഷയ്ക്ക്! അവന് വിശക്കുമോ, അപകടമുണ്ടാകുമോ എന്ന ഭയമാണവരുടെ നെഞ്ചിൽ പെരുമ്പറ മുഴക്കുന്നത്; ഹൃദയതാളം തെറ്റിയ്ക്കുന്നത്. അവൻ രാമനായിരുന്നെങ്കിൽ ഭയക്കേണ്ടതില്ലായിരുന്നു. പക്ഷേ, ദ്വീപുകൾ പോലെ ഒറ്റപ്പെട്ട ഈ വൃദ്ധർക്കത് പ്രതീക്ഷിയ്ക്കാമോ?
പ്രണയവും വീരവും നിറഞ്ഞ യൗവനത്തിൻ്റെ കഥ പറയാനുണ്ട്: അതിൽ, ഉപ്പു തിളങ്ങുന്ന, ഉറച്ച പേശികളുള്ള, മുക്കുവനായിയുന്നു അയാൾ. അവളോ, കടൽ കണ്ട് മുഗ്ദ്ധയായ് നിന്ന മത്സ്യകന്യക ! കൂട്ടുകാരോടൊപ്പം അയാൾ കടലിൽ പോയതും കാത്തു കാത്തിരുന്ന് ഇനി വന്നേയ്ക്കില്ലെന്ന് ഉപേക്ഷിച്ചതും ഒടുവിൽ സ്രാവുകൾ കൊത്തിപ്പറിച്ച മകര മത്സ്യത്തിൻ്റെ അസ്ഥിയുമായ് ചെറ്റക്കുടിലിൽ തിരിച്ചെത്തിയതും എന്നാണ് ? നൂറു കൊല്ലമോ, അറുനൂറു കൊല്ലമോ കഴിഞ്ഞു പോയത്? ജീവജലം നിറഞ്ഞ കുടങ്ങളൊക്കെ എന്നേ ഉടഞ്ഞുപോയി. ഇനിയുള്ളത് കാത്തിരിപ്പാണ്, മരണത്തെയോ, കാട്ടിലേക്ക് പോയ മകനെയോ ! ഈ മകരമത്സ്യം, പഴയ മത്സ്യാവതാരത്തേയും ആ വൃദ്ധൻ, ഹെമിങ് വേയുടെ കിഴവനേയും ഓർമ്മിപ്പിക്കുന്നുണ്ട് എന്നുകൂടി ആനുഷംഗികമായി സൂചിപ്പിക്കട്ടെ.
നിശ്ചലമായ വാർദ്ധക്യത്തിൽ നിമിഷങ്ങൾ അനങ്ങുന്നതേയില്ല; ആയുസ്സു പോലെ നീണ്ടു കിടക്കുന്ന നിശ്ചലത, മരക്കൊമ്പുകൾ പോലെ രണ്ടു മനുഷ്യർ.ആയുസ്സിലൊരടി പോലും തിരിച്ചു നടക്കാനാവാത്ത,നിസ്സഹായരായ മനുഷ്യർ! നിരാലംബമായ, മരണത്തെ മാത്രം പ്രതീക്ഷിയ്ക്കുന്ന വാർദ്ധകത്തിന്, ദീർഘായുസ്സ് ബാധയോ ബാധ്യതയോ ആകുന്നുവെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് കവിത അവസാനിക്കുന്നു.
ഒരർത്ഥത്തിൽ നിശ്ചലമായിരിയ്ക്കുകയാണ് ലോകം. എന്നാൽ മറ്റൊരു തരത്തിൽ അതിവേഗം പാഞ്ഞുകൊണ്ടിരിയ്ക്കുകയും. ഈ ഓട്ടത്തിലേയ്ക്ക് എത്താനേ കഴിയാതെ, ഓർമ്മകളിൽ മാത്രം കഴിച്ചുകൂട്ടേണ്ടി വരുന്ന മനുഷ്യരാണല്ലോ, ദ്വീപുകളാകുന്നത്: ചുറ്റുമാർത്തിരമ്പുന്ന ജീവിതക്കടൽ അവരെ നനയ്ക്കുന്നതേയില്ല !
ദ്വീപുകൾ
--------------
വൃദ്ധനും വൃദ്ധയും ഒറ്റയ്ക്കു രണ്ടു പേർ
കൊത്തിപ്പെറുക്കുന്നു കഞ്ഞിയിൽ, വറ്റിനു
തപ്പും കരണ്ടിയോ തട്ടിമുട്ടി, താള-
മൊട്ടുമേ ചേരാതപസ്വരം - തെറ്റുന്ന
ഹൃത്താളമാണ്, വനത്തിന്നയച്ചൊരു
പുത്രന്നു - പാവം-വയറ്റുതീയാളുമോ?
രക്ഷസ്സു തിന്നുമോ? യാഗരക്ഷയ്ക്കിടെ?
വൃദ്ധനും വൃദ്ധയും- ദ്വീപുകൾ! സ്രാവുകൾ
കൊത്തിപ്പറിച്ച മകരമത്സ്യത്തിന്റെ-
യസ്ഥിയും കൊണ്ടയാൾ തീരത്തടുത്തതും
ചെറ്റക്കുടിൽ പൂകി വീണതും, തൻ വലം
കൈപ്പടത്തിൽ മുഖം ചേർത്തു ബോധം കെട്ട
സ്വപ്നത്തിൽ സിംഹമോഹങ്ങൾ വിടർത്തതും
നൂറാം വയസ്സിനു മുമ്പെപ്പോഴോ- അറു-
ന്നൂറാം വയസ്സിനും മുമ്പോ? വിരൽമറ-
ന്നെണ്ണം പിടിച്ച നാൾ പോലും കളഞ്ഞു പോയ്.
എന്തൊരു നീളമായുസ്സിന്- മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ..!
വൃദ്ധനും വൃദ്ധയും-ദ്വീപുകൾ! തീരത്തു
മുക്കുവർ തോണിയേറ്റുമ്പോൾ കടൽ കണ്ടു
മുഗ്ധയായ് നിന്ന വല്ലാത്ത കാലത്തിന്റെ
മുത്തും കളഞ്ഞുപോയെന്നോ, വെയിൽ വീണ
മുക്കുവർ, ഉപ്പു തിളങ്ങുന്ന പേശികൾ-
സ്വപ്നങ്ങളിൽ മത്സ്യകന്യകയായതും
എത്ര പെരുംതിര വന്നു പൊയ്പ്പോയതും
എത്ര രാക്കാറ്റുകൾ കോച്ചി വിറച്ചവൾ
വൃദ്ധനെക്കാത്തന്നു പാതിരാക്കണ്ണുമായ്
എത്തിയില്ലെന്നുറങ്ങാതെ പിന്നിട്ടതും
എത്തുകില്ലെന്നുറപ്പിച്ചുപേക്ഷിച്ചതും!
എന്തൊരു നീളമായുസ്സിന്, മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ!
വൃദ്ധനും വൃദ്ധയും-ശ്വാസകോശത്തിനെ
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന കാണാക്കയ്യു
കുത്തിപ്പിടിക്കുന്ന നേരവും കാത്തവർ,
ഒട്ടുചുമന്ന കുടങ്ങളെന്നേ വീണു
പൊട്ടിത്തകർന്നും ജലം ചോർന്നു വറ്റിയും.
ഒറ്റയ്ക്കിരിപ്പൂ മരക്കൊത്തുകൾ പോലെ
ഒട്ടും തിരിച്ചു നടക്കുവാനാവാതെ.
- വിജയലക്ഷ്മി
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)
************