കവിതകൾ - മ്യൂസ് മേരി

കവിതകൾ - മ്യൂസ് മേരി
************
1.
 ദൈവപുത്രനോട്
*********
ദൈവപുത്രന്
അമ്മയാകുകയെന്നാൽ
ഒരു വാളിനാൽ
പിളർന്നുമാറി -
നിൽക്കുന്ന
നെഞ്ചകമാണ്
മനുഷ്യപുത്രന-
മ്മയാകുകയെന്നാൽ
മരക്കുരിശെടുത്തു
തോളിൽ വയ്ക്കുകയും,
അമ്മമാരെയിങ്ങനെ
പ്രലോഭിപ്പിക്കരുതേ
വേദനകൾ
ചുമക്കാനും
വഹിക്കാനും
അവർ ദൈവ-
ങ്ങളല്ലല്ലോ.

2.
 ഉൻമാദിനി
*****
ആകയാൽ
ആണിയടിക്കുന്നത്
ഉച്ചിയിൽത്തന്നെയാവണം
പിന്നെയവൾ
മോഹത്തിന്റെ
പൂക്കൾ നിന്റെ
മേൽ വിതറിയിടില്ല
ഉറക്കെ ചിരിക്കില്ല
ഉയർന്ന് ചിന്തിക്കില്ല. 
പാലമരത്തിൽ -
ത്തന്നെ മുടിപകുത്ത്
തിരിനെറ്റിയിലോ
ഉച്ചിയിലോ
ഉറപ്പിക്കണം
ആണി
പാലമരത്തിലെ
മുലപ്പാൽ കുടിച്ച്
മയങ്ങട്ടെ
ഉച്ചിയിൽ നിന്ന്
ആണിയൂരിയാൽ
അവൾ ഉന്മാദിനി.

3.
 ചങ്കുറ്റം
*****
അടച്ചുകെട്ടി വേർതിരിച്ച്
കല്ലുകെട്ടി അടിയുറപ്പിച്ച് 
ഒരിറ്റു വെള്ളം കൊടുക്കാതെ
മണ്ണിട്ടു മൂടി
മുറുക്കിയുറപ്പിച്ച 
മുറ്റത്തൂന്നോടി-
യൊഴുകിപ്പോകുന്നു
തുലാമഴക്കൂട്ട്. 
തൊടിയിലെ
വേനപ്പച്ച
വെളളം തൊടാതെ 
കിളികളൊന്നുമേ
പാടാതെ
നിഴലുവീഴ്ത്തി
നിവാലു തുളളാതെ
നടുമുറ്റം
കോൺക്രീറ്റടുപ്പിൽ
നിശ്ചലം
ഒരു കാറ്റിനെ
കൂടെക്കിടക്കാൻ
വിളിക്കുന്ന
മാഞ്ചില്ലകൾ
വെട്ടിയൊതുക്കി കെട്ടുപോകാത്തൊ-
രന്തിവെട്ടം തൂകി
നിൽക്കും അമ്പിളി -
ക്കീറിനെ മറയ്ക്കുന്ന
കെട്ടിടക്കൂട്ടങ്ങളിൽ
പച്ചയുടെ കൊട്ട
മറിഞ്ഞുവീണു.
ഒക്കെയും കരിഞ്ഞു
വീഴുമ്പൊഴും
മുളച്ചെണീക്കുന്നുണ്ടാരു
പൂവാങ്കുറുന്നിൽ
കല്ലുകെട്ടിയ മുറ്റ- 
ത്തിന്നടിയിലൂടിത്തിരി
വിടവിലൂടെ
ഞെരുങ്ങി
നിവർന്നു
പറയുന്നുണ്ടു
പോലും 
കേൾക്കൂ
എന്നിലുണ്ടാ ചങ്കൂറ്റം.
*********

Comments

(Not more than 100 words.)