കവിത - ആശ സജി

കവിത  - ആശ സജി *********

കൈകേയി
****
അയോധ്യാപതേ,

പുത്രകാമേഷ്ടിക്കു
ശേഷമുള്ള നമ്മുടെ
ആദ്യസമാഗമം
ഓർക്കുന്നുവോ അങ്ങ്?

പതിവുള്ളതു പോലെ
പാതിദൂരമെത്തും
മുൻപേ തേർച്ചക്രമിളകി 
പരിക്ഷീണനായ് അങ്ങ്
പിന്മാറുമായിരുന്നു.

ഇക്ഷ്വാകുവംശത്തിന്
അനന്തരാവകാശികളില്ലാത്തത് രാജാവിന്റെ 
കുഴപ്പമല്ലെന്നറിയിക്കാൻ ഇനിയുമിനിയും
പരിണയിച്ച് അന്തപുരം
നിറയ്ക്കുമായിരുന്നു.

പത്തുദിക്കിലേക്കും
ഏകകാലത്തിൽ
രഥമുറപ്പിക്കാൻ
കഴിഞ്ഞയാൾക്ക് 
രതിവേഗങ്ങളുടെ 
സമയകാല ബന്ധനം
സാധ്യമാവാത്തത് പക്ഷേ ഈ കൈകേയി
തിരിച്ചറിഞ്ഞു.

ശബ്ദവേധിയായൊരസ്ത്രത്തിന്റെ മൂളൽ,
മുനികുമാരന്റെ ഞരക്കം ...
 നിന്നെ പിൻതുടർന്നിരുന്നു.
 പുറത്തൊരുക്കിയ വീണാവാദനം കൊണ്ട് ഞാനതു തടഞ്ഞു .
 
 വൃദ്ധ താപസരുടെ 
അഗ്നിപ്രവേശം, അതിന്റെ ഓർമ്മ നമ്മുടെആലിംഗനങ്ങൾക്കു
ചുറ്റും കൽവിളക്കുകൾ കൊളുത്തി മായ്ച്ചു കളഞ്ഞു.

ദശരഥാ,

നിന്റെ കടിഞ്ഞാൺ
അന്നെന്റെ കയ്യിലായിരുന്നു.

യാഗാശ്വങ്ങളെ തിരിച്ചു തന്നവൾ 
എന്ന തിരിച്ചറിവിലാണ് 
എന്റെ പുത്രനു രാജ്യം
വാഗ്ദാനം ചെയ്തത്.

സരയൂ നദിയിൽ
ചന്ദ്രന്റെ 
പ്രതിബിംബം 
കണ്ടു നിൽക്കെയാണ് 
നീയെന്നെ രാജമാതാവേ 
 എന്നു വിളിച്ചത് !

പറയൂ ലോകത്തോട്
കൈകേയിയുടെ കരവിരുതിനാൽ പുത്രകാമേഷ്ഠി ജയിച്ച
സൂര്യവംശത്തിന്റെ കഥ.!!

********
ആശ സജി :
ടീച്ചർ , ഗവ.എൽ.പി.എസ് ഏരൂർ .കൊല്ലം ജില്ല . 
'സിംഹവേട്ട ' എന്ന കവിതാ സമാഹാരം അടുത്തിടെ പ്രസിദ്ധീകരിച്ചു.
********

Comments

(Not more than 100 words.)