പുറപ്പെടലുകളും എത്തിച്ചേരലുകളും
( ജ്യോതിബായി പരിയാടത്തിൻ്റെ കവിതകളുടെ പഠനം)
***********
- പി.എൻ.ഗോപീകൃഷ്ണൻ
***********
യാഥാർത്ഥ്യം എന്നത് ജ്യോതിബായ് പരിയാടത്തിന് നിരന്തരമായൊരു ഭൂപടമല്ല. പോക്കുവരവുകളുടെ ഇടത്താവളം മാത്രമാണ് . അവിടെ ആളു മാത്രമല്ല ഇരിക്കാത്തത് .വാക്കു കൂടിയാണ്. മൂളിയലങ്കാരി എന്ന കുറ്റപ്പേര് സ്വയം ഏറ്റെടുത്തിട്ടുള്ള ഈ കവിതാസമാഹാരത്തിൽ 'വാക്കേ വാക്കേ വീടിവിടെ “ എന്ന രണ്ടാമത്തെ കവിത പുറപ്പെട്ടു പോയ വാക്കിനെ കുറിച്ചു തന്നെയാണ് “.അത് ഇങ്ങനെ
ഇന്നലെ പാതിരായ്ക്ക്
മയക്കം ഞെട്ടിച്ചു
സ്വപ്നത്തിൽ മുട്ടിയ ഒരു വാക്ക്
പുലർച്ചക്കെങ്ങോ
പിന്നെയും പുറപ്പെട്ടു പോയിട്ടുണ്ട്
കണ്ടു കിട്ടുന്നവർ
അറിയിക്കുമല്ലോ
ഈ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് പോലീസോ ഭരണകൂടമോ അല്ല. കവിതയാണ് . ആ വാക്ക് കിട്ടിയിട്ടു വേണം കവിതയ്ക്ക് കവിതയാകാൻ. അതിനാൽ ശരിക്കും അത് കവിതയല്ല. കവിതാഭ്രൂണമാണ്. ഒരു ഭ്രൂണത്തിന്റെ മുഴുമിപ്പിക്കാനുള്ള നിലവിളിയാണ് ലുക്ക് ഔട്ട് നോട്ടീസിന്റെ രൂപത്തിൽ പുറത്തുവന്നിട്ടുള്ളത്.
ഒരു പക്ഷെ, പുതിയ കവിതയുടെ പരിചരണരീതികളിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു താക്കോൽ ഇതിലുണ്ട്. കരച്ചിൽ ലുക്ക് ഔട്ട് നോട്ടീസാകുക. രോഷം പരിഹാസമാകുക. നെടുവീർപ്പ് കൂർക്കം വലിയാകുക. കേരളീയ ജീവിതത്തിന്റെ യാഥാർത്ഥ്യം ഇങ്ങനെ ഒരു പ്രച്ഛന്നതയിലൂടെ മാത്രമേ വെളിപ്പെടൂ എന്ന അറിവ് ജ്യോതിബായിക്കുണ്ട് . എന്നാൽ അതുമാത്രമല്ല .ഈ കവിതയുടെ തുടർച്ച എന്ന് പറയാവുന്ന മറ്റൊരു കവിതയും ഈ സമാഹാരത്തിലുണ്ട്. ഊത്ത് എന്ന പേരിൽ .അത് തുടങ്ങുന്നതിങ്ങനെ .
പുറപ്പെട്ടു പോയ വാക്ക്
ഇന്നലെ തിരിച്ചെത്തി
പുറ്റിന്‍പുറത്തു തന്നെ ഉണ്ടായിരുന്നു
പൊടിയണിഞ്ഞ
പഴയ ഊത്ത് .
എന്നാൽ തിരിച്ചെത്തിയ വാക്ക് പഴയ വാക്കല്ല എന്നാണ് ഈ കവിത പറയുന്നത്. വളവുകളും തിരിവുകളുമില്ലാത്ത നേർരേഖയാർന്ന ഉരഗശരീരിയാകാനാണ് അതിനിപ്പോൾ ഇഷ്ടം . പോയതല്ല തിരിച്ചു വരുന്നത്. തിരിച്ചു വന്നതല്ല പോകുന്നത് . കവിത യാഥാർത്ഥ്യത്തെ ചെയ്യുന്നത് ഇതാണ് എന്ന് തിരിച്ചറിഞ്ഞ കവിയുടെ സത്യവാങ്ങ്മൂലങ്ങൾ ആയി ഇക്കവിതകൾ മാറുന്നതങ്ങനെ
കവിതയിൽ എന്തു ചെയ്യാനാഗ്രഹിക്കുന്നു എന്ന് ചോദിച്ചാൽ ജ്യോതിബായിയുടെ ഉത്തരം വസിക്കാൻ എന്നായിരിക്കും. കാരണം അവിടെ മാത്രമേ പോക്കുവരവുകൾ സാധ്യമാകൂ . ആയർത്ഥത്തിൽ പെൺകവിതയുടെ വഴികളിലൂടെ ജ്യോതിബായിയുടെ കവിതകളിലേയ്ക്ക് നടന്നുകയറാം .എന്നാൽ അത് ഈ പുസ്തകത്തിന്റെ വായനയെ കാത്തിരിക്കുന്ന ഒന്നായതിനാൽ ഈ നോട്ടത്തിന്റെ അടിസ്ഥാനം അതല്ല. പോക്കുവരകളുടെ വ്യാസം എന്തെന്നറിയാൻ സഞ്ചാരം പ്രമേയമായ ഒരു കവിത തന്നെയെടുക്കാം .ഉഴിഞ്ഞാലിൽ എന്ന ഈ കവിതയിൽ " ഉള്ളൂക്കു മുറുകെപ്പിടിച്ച് , ഉള്ളത്രയും ഉഷാറോടെ , കണ്ണുകെട്ടി ,കാതടച്ച് " ഊർന്നൂർന്നു പോകുന്ന പെൺസഞ്ചാരി വീടിന്റെ അതിർത്തിയായ വേലിപ്പൊത്ത് നൂണ് പൂവരമ്പിലെത്തുന്നു.അവിടുന്നും മുന്നോട്ടുപോയി വഴിയറ്റത്തെ ഊഞ്ഞാലിലെത്തുന്നു. സാധാരണഗതിയിൽ ആ യാത്ര അവിടെ തീരേണ്ടതാണ് . എന്നാൽ കവിതയെ സാധ്യതയുടെ കൂടി കലയാക്കികൊണ്ട് ഊഞ്ഞാലിനെ ലോഞ്ചിംഗ് പാഡാക്കി ആകാശത്തേയ്ക്ക് കുതിക്കുകയാണ് . ആകാശം തുളച്ച് കടക്കുകയാണ് . സ്വാതന്ത്ര്യവും അതിരുകളും തമ്മിലുള്ള മുഖാമുഖം ഈ കവിതയിലുണ്ട് . ഒപ്പം കവിതയിലെ ആ വിശ്രുതമുത്തശ്ശി വിസ് വാവ ഷിംബോറ്ഷ്കയുടെ ഓർമ്മയും . അവരുടെ ,പൈ, എന്ന കവിതയില്‍ ,കണക്കിലെ ആ മാന്ത്രിക സംഖ്യ ജനലു കടന്ന്, ആകാശം തുളച്ച് പ്രപഞ്ചത്തിന്റെ തീരാത്ത ഇടവഴികളിലൂടെ മുന്നേറുന്ന ദൃശ്യഗാംഭീര്യമുള്ള കാഴ്ചയുണ്ടല്ലോ . അതോടൊപ്പം കിഴക്കൻ യൂറോപ്പിലെ തന്നെ വിശ്രുത ചലച്ചിത്രകാരൻ എമിർ കുസ്തൂറിക്കയുടെ 'ഓൺ ദി മിൽക്കിറോഡി'ൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കമിതാക്കൾ ആകാശത്തേയ്ക്ക് പറന്നു പോകുന്ന ആ ഫാന്റസിയും ഓർത്തു.
എന്തുകൊണ്ടാണ് യുക്തിയുടെ നൂറ്റാണ്ടിൽ കലകളിൽ ഫാന്റസികൾ നിറയുന്നത് എന്ന് ആലോചിക്കേണ്ടതാണ്. യുക്തിയുടെ അതിർത്തികൾ കുറേക്കൂടി തെളിഞ്ഞ നൂറ്റാണ്ടും കൂടിയായതിനാലാകാം അത് . അതിർത്തികളെക്കുറിച്ച ഇത്രയധികം ആലോചിച്ച കാലം വേറെയില്ല . അഭയാർത്ഥിത്വങ്ങളെ കൊണ്ട് ലോകം നിറഞ്ഞ നൂറ്റാണ്ടും . മലയാളകവിതയിൽ കരുണയുടേയും പ്രബുദ്ധതയുടേയും പ്രതിരൂപമായി ഒരു നൂറ്റാണ്ടായി തുടരുന്ന ബുദ്ധൻ രാഷ്ട്രീയാധികാരം കയ്യാളുന്ന ഇടങ്ങളിൽ കൈയ്യിൽ യന്ത്രത്തോക്കേന്തുന്നത് നമ്മൾ ബർമ്മയിലും ശ്രീലങ്കയിലും കണ്ടു. രോഹിങ്ക്യ ൻ, തമിഴ് അഭയാർത്ഥികൾ ആ ബുദ്ധനെ പേടിച്ച് ലോകരാഷ്ട്രങ്ങളുടെ മുന്നിൽ കൈകൂപ്പുന്നതും . ടർക്കിയിലും അഫ്ഗാനിലും സാഹോദര്യം ഉരുവിടുന്ന മതം മനുഷ്യാവകാശം പറയുന്നവർക്ക് മേൽ ഒരു സാഹോദര്യത്തിന്റേയും നിഴൽ വീഴ്ത്തുന്നില്ല. അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞ യേശുവിൽ വിശ്വസിക്കുന്ന യൂറോപ്യർ ജീവിതത്തിന്റെ കടൽ നീന്തിയെത്തിയ അഭയാർത്ഥികളോട് മുഖം തിരിക്കുന്നത് നാം കണ്ടു. ലോകത്തിനു മുന്നിൽ ശാന്തി, സമാധാനം എന്നൊക്കെ നിർലോഭം പറയുന്ന ഹിന്ദുമതത്തിനെ രാഷ്ട്രീയവത്കരിച്ച് അധികാരത്തിലേറിയ ഇന്ത്യൻ ഫാസിസ്റ്റുകൾ ,ഇവിടത്തെ മുസ്ലീങ്ങളെ അനിശ്ചിതത്വത്തിന്റെ മുനമ്പിലേയ്ക്ക് തള്ളിവിടാൻ ഭരണഘടനയെ ഉപയോഗിച്ച് മാരണ നിയമങ്ങൾ ഉണ്ടാക്കുന്നു . ഒരുകാലത്ത് യൂറോപ്യൻ ഫാസിസ്റ്റുകളുടെ മരണപ്പുരയിൽ തുരുതുരെ ചത്തുവീണ ജൂതർ സ്വന്തം രാജ്യം സൃഷ്ടിച്ചപ്പോൾ അറബികളെ ചുട്ടുകൊല്ലാൻ പാലസ്തീനെ മരണപ്പുരയാക്കി. മതങ്ങൾ മാത്രമല്ല സമത്വത്തിന്റെ പുതിയ ലോകത്തെക്കുറിച്ച് വാഗ്ദാനങ്ങൾ നിരത്തിയ പ്രത്യയശാസ്ത്രങ്ങളും അധികാരം ലഭിക്കുമ്പോൾ പെരുമാറിയതെങ്ങനെ എന്നറിയാൻ കമ്യൂണിസ്റ്റ് ചൈന ടിബറ്റില്‍ ചെയ്തതും ഇപ്പോളൾ ഉയ്ഗൂർ മുസ്ലീങ്ങൾക്കുമേല്‍ ചെയ്യുന്നതുമായ കാര്യങ്ങള്‍ ആലോചിച്ചാല്‍ മതി. മുതലാളിത്തമാകട്ടെ ഭൂവിഭവങ്ങളെ വ്യാപകമായി കൊള്ളയടിച്ചും പട്ടിണിയിലേയ്ക്കും രോഗത്തിലേയ്ക്കും ജനകോടികളെ തള്ളിവിട്ടുകൊണ്ട് അതിന്റെ ആനന്ദം കൊണ്ടാടുന്നു .
വിശ്വാസരാഹിത്യത്തിന്റെ ഈ ഭൂമികയിൽ നിന്നാണ് ഇന്ന് കവികൾ എഴുതുന്നത് . അതിനാൽ ഒരു പ്രതിലോകം അവർക്കുണ്ടാക്കാതെ വയ്യ. ആ പ്രതിലോകത്തേയ്ക്കുള്ള കുതിപ്പാണ് യഥാർത്ഥത്തില്‍ ഉഴിഞ്ഞാലിലെ നായിക നടത്തുന്നത്. ഈ പ്രതിലോകനിർമ്മാണം, അതിനുള്ള അസ്ഥിവാരമൊരുക്കൽ, അതിലേയ്ക്കുള്ള സ്വപ്നം കാണൽ ഇതൊക്കെയാണ് ജ്യോതിബായിയുടെ ഒരു കൂട്ടം കവിതകളെ നിർണ്ണയിക്കുന്നത്. അതിന്റെ പെൺസ്വഭാവം പ്രത്യേകിച്ച് ചൂണ്ടിക്കാട്ടേണ്ടതില്ലല്ലോ
പെൺബന്ധുക്കളെ കഥാപാത്രമാക്കിയും അവരെ അഭിസംബോധന ചെയ്തും ജ്യോതിബായ് എഴുതിയ മറ്റൊരു കൂട്ടം കവിതകൾ ഉണ്ട്. ചുഴലി എന്ന കവിതയിൽ ചെറിയമ്മ ,ഡിമെൻഷ്യയിൽ അമ്മ ,തായ്ക്കുലത്തിൽ മുതുമുത്തശ്ശിയും മുത്തശ്ശിയും അമ്മയും താനും മകളും ,അനുജത്തിയോടൊരു വാട്ട്സ് അപ്പ് ചാറ്റ്......ൽ അനുജത്തി ഇങ്ങനെ പോകുന്നു അത്. വെറും ഓർമ്മക്കുറിപ്പുകൾ അല്ല അത്. മറിച്ച് ബന്ധങ്ങളുടെ വ്യവസ്ഥാപിതവും നിയമപരവുമായ നിർവ്വചനങ്ങളുടെ മറിച്ചിൽ ആണത്. ജന്മബന്ധങ്ങളെക്കുറിച്ചുള്ള പൊതുബോധത്തിൻ്റെ പുനർനിർവ്വചനം. ചരിത്രമെന്നാൽ സ്ഥൂലാഖ്യാനങ്ങളുടെ തുടർച്ചയല്ലെന്നും സൂക്ഷ്മാഖ്യാനങ്ങളുടെ വിശകലനം കൂടിയാണെന്നുള്ള ഒരു പ്രവർത്തനം കൂടിയാണിത്. ബന്ധങ്ങളുടെ ജാലികയിൽ അവരവർക്ക് അർഹതപ്പെട്ട കൂടുകളിൽ വിഗ്രഹങ്ങളായിതീർന്നവരെ മാറ്റി പ്രതിഷ്ഠിക്കുന്നതിലൂടെയാണ് പെണ്ണിൻ്റെ നവോത്ഥാനം പൂർത്തിയാകുക എന്നറിയുന്ന ഒരാളായി ഇത്തരം കവിതകളിൽ ജ്യോതിബായ് മാറുന്നു.
ഇതിൻ്റെ തുടർച്ചയായി വായിക്കാവുന്നതാണ് സുഗതകുമാരിക്കും ബഷീറിനും ജെ. ദേവികയ്ക്കും സമർപ്പിക്കപ്പെട്ട കവിതകൾ. ഒരു കവി എന്ന പോലെത്തന്നെ സാഹിത്യം എന്ന മാനുഷിക വാപാരവുമായി അതിതീവ്രമായ അഭിനിവേശം സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് ജ്യോതിബായി എന്ന് പരിചയമുള്ളവർക്കറിയാം. കവിതകളെ ജീവശ്വാസം പോലുള്ള ഒരു ആവാസവ്യവസ്ഥയായ് പരിണമിപ്പിച്ചെടുത്ത് അതിൽ വസിക്കുന്ന ഒരാൾ .കാവ്യം സുഗേയം പോലെ ജ്യോതിബായ് കൊണ്ടു നടക്കുന്ന ഏർപ്പാടുകൾ അതിൻ്റെ വളരെച്ചെറിയ തെളിവുകൾ മാത്രം. അതു കൊണ്ട് പ്രചോദിപ്പിച്ച എഴുത്തുകാർക്ക് സമർപ്പിക്കപ്പെട്ട കവിതകൾ ഒരു അത്ഭുതമല്ല. അതേ സമയം അത്തരം കവിതകളിൽ വെളിപ്പെടുന്നത് ആ വ്യക്തികളോ വ്യക്തി ബന്ധങ്ങളോ എന്നതിനേക്കാൾ അവർ രചിച്ച കൃതികളോ കൃതികളുടെ സന്ദർഭങ്ങളോ ആണ്. പേജു നമ്പറുകളുടെ കണക്കിൽ അടക്കം ചെയ്യപ്പെട്ട ഒന്നല്ല കൃതികൾ എന്നും അവയ്ക്ക് ഒരു പുറം ജീവിതമുണ്ടെന്നും അറിഞ്ഞ പ്രബുദ്ധതയാണ് കൃതികളുടെ പൂട്ട് തല്ലിത്തുറക്കുന്നത്. ആ അർത്ഥത്തിൽ അവരുടെ കൃതികളോട് പ്രതിബദ്ധയാണ് ജ്യോതിബായ് എന്ന് പറയാം. സാധാരണയായി എഴുത്തുകാരൻ്റെ / എഴുത്തുകാരിയുടെ പട്ടമാണ് പ്രതിബദ്ധത എന്ന് വിചാരിക്കുന്നത്. എന്നാൽ വായനക്കാരൻ്റെ / വായനക്കാരിയുടെ തെരഞ്ഞെടുപ്പ് കൂടിയാണത് എന്നറിഞ്ഞ ഒരു വിവേകം ജ്യോതിബായിയിൽ ഉണ്ട്. ഏത് കൃതിയും ചെന്ന് ചേരുന്നത് ഭാഷയുടെയും സംസ്ക്കാരത്തിൻ്റേയും സമുദ്രത്തിലാണ് എന്നറിയുന്നവർ കൃതികളുടെ സ്വകാര്യ സ്വത്ത് സമ്പ്രദായത്തിൽ വിശ്വസിക്കുന്നില്ല .സംസ്ക്കാരത്തിൻ്റെ മിച്ചമൂല്യത്തിലും .
ജ്യോതിബായിയുടെ കവിതകളെക്കുറിച്ചുള്ള ഒരു സമഗ്ര പഠനം ഈ ലേഖനത്തിൻ്റെ ഉദ്ദേശമല്ല. ആ കവിതകളിൽ കൂടിയുള്ള ഒരു സാമാന്യ പര്യടനം മാത്രമാണിത്. ഫലവർഗ്ഗത്തോട്ടത്തിലെ അനേകം പഴങ്ങളിൽ നിന്നും ഒന്ന് രണ്ടെണ്ണം പറിച്ചെടുത്ത് കടിച്ചു നോക്കുന്ന മാതിരി . എൻ്റെ സുഹൃത്ത് കവിതയുടേയും എഴുത്തിൻ്റേയും വഴിയിൽ ദീർഘദൂരം സഞ്ചരിക്കട്ടെ.
**********