രാജി രാഘവന്റെ 'മുടിയന്തിരാക്കണേര്' എന്ന കവിതയെ വായിക്കുമ്പോൾ
************
- അശ്വനി ആർ. ജീവൻ
********""
കേരളത്തിന്റെ സാഹിത്യം സമം മലയാള സാഹിത്യം എന്ന കാലഹരണപ്പെട്ട സമവാക്യത്തിൽ നിന്നും കേരളത്തിന്റെ സാഹിത്യം ബഹുസ്വരതയിൽ അധിഷ്ഠിതമായ കേരള സാഹിത്യമാണ് എന്ന വലിയൊരു തിരിച്ചറിവിനാണ് കേരളത്തിലെ ഗോത്ര കവിതകൾ വഴിയൊരുക്കിയത്. ഗോത്ര ഭാഷാ കൃതികൾ ആദ്യകാലങ്ങളിൽ ദളിത് സാഹിത്യത്തിന്റെ ഭാഗമായി ആയിരുന്നു വായിക്കപ്പെട്ടിരുന്നത്. ഏകദേശം 1991 ഓട് കൂടിയാണ് ഗോത്ര സാഹിത്യം ഇന്ത്യയിൽ ഉരുവപ്പെടുന്നത്. കേരള സാഹിത്യത്തിന് സ്വന്തമായി ഒരു ഗോത്രഭാഷാ ശബ്ദമുണ്ടാകുന്നത് 2016-ഓട് കൂടി അശോകൻ മറയൂരിന്റെ മുതുവാൻ കവിതകളിലൂടെയാണ്. മുതുവാൻ ഭാഷയെ കൂടാതെ പണിയ, ഇരുള, റാവുള, മാവിലാൻ തുളു, മലവേട്ടുവ എന്നിങ്ങനെയുള്ള ഭാഷകൾ കൂടി സാഹിത്യ മണ്ഡലത്തിൽ സ്വസ്ഥാനം ഉറപ്പാക്കി കഴിഞ്ഞു.
മലവേട്ടുവ കവിയായ രാജി രാഘവന്റെ ശ്രദ്ധേയമായ കവിതകളിലൊന്നാണ് 'മുടിയന്തിരാക്കണേര്'. 'മുടിയന്തിരാക്കണേര്' എന്നാൽ 'മുടിക്കുന്നവർ' എന്നാണർത്ഥം. തങ്ങളുടെ അറിവില്ലായ്മയേയും അരക്ഷിതാവസ്ഥയേയും മുതലെടുക്കുന്ന, നാടിന്റെയോ ഗോത്രത്തിന്റെയോ ഉന്നമനത്തിനു വേണ്ടി യാതൊന്നും ചെയ്യാത്ത സ്വാർത്ഥരായ രാഷ്ട്രീയക്കാർക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഈ കവിത.
അവർ ഈ നാട് മുടിക്കുമെന്നും തങ്ങളുടെ പട്ടിണി അടക്കമുള്ള പ്രശ്നങ്ങളിൽ അവർ ശ്രദ്ധിക്കുന്നില്ലെന്നും കവിതയുടെ ആരംഭത്തിൽ തന്നെ കവി ചൂണ്ടി കാണിക്കുന്നു. അഞ്ച് വർഷം കൂടുമ്പോൾ മാത്രം തങ്ങളുടെ മുന്നിൽ വന്ന് നിഷ്കളങ്കരായ ഗോത്ര മനുഷ്യരെ സ്വാധീനിച്ച് വോട്ടു തേടുന്ന, ഗോത്രത്തിലെ പുതിയ തലമുറയെ തങ്ങൾക്കിഷ്ടമുള്ള വിധം സ്വാധീനിച്ച് ഉപയോഗിക്കുന്ന രാഷ്ട്രീയ തന്ത്രം കവിയിൽ അമർഷമുണ്ടാക്കുന്നു.
സ്വന്തം വീട്ടിലെ കാര്യം പോലും നോക്കാതെ, ആവശ്യത്തിനുള്ള വിദ്യാഭ്യാസം നേടാതെ
ഈ വിധം അറിഞ്ഞോ അറിയാതെയോ ആർക്കൊക്കെയോ വേണ്ടി ജീവിച്ചു മരിക്കുന്ന ഗോത്രത്തിലെ യുവജനതക്ക് ഇതിൽ നിന്നും മോചനം നേടാൻ വിദ്യാഭ്യാസം കൈവരണമെന്നും "ഇനീല്ല കാലത്ത് ചീവിക്കണെങ്കി പടിക്കണും" ( ഇനിയുള്ള കാലത്ത് ജീവിക്കണമെങ്കിൽ പഠിക്കണം) എന്നും കവി പറയുന്നു. അക്ഷരത്തിലൂടെ ലഭിക്കുന്ന അറിവിന്റെ വെളിച്ചത്തെ സ്വാനുഭവത്തിലൂടെ മനസ്സിലാക്കിയ കവിയുടെ തന്നെ ആത്മവിശ്വാസം ഈ വരികളിൽ കാണാൻ സാധിക്കും.
നിങ്ക പടിച്ചാ നിങ്കക്ക് നല്ലെത്
കൊടി പിടിച്ച് നടന്താ കാര്യെല്ലെ
കാര്യം കാണുവാ ഏരെല്ലാ വെരു
കുടുംബത്തിലെ മൂത്തവരുടെ വാക്കു പോലും അവഗണിച്ച് അന്യരുടെ കാര്യത്തിൽ മാത്രം തല്പരരായ യുവജനങ്ങളോട് കാര്യം കാണുവാൻ വേണ്ടി അടുത്ത് വരുന്നവരുടെ കൊടി പിടിച്ച് ജീവിതം നശിപ്പിക്കുകയല്ല മറിച്ച് വിദ്യാഭ്യാസം നേടുകയാണ് വേണ്ടത് എന്ന് കവി ഓർമിപ്പിക്കുന്നു.
ഏര്ടെ മക്ക പടിക്കു.
കറങ്ങ്ണ പങ്കരെ ചോട്ടില്
കാറ്റ് കൊണ്ടിരിക്കു.
നമ്മടെ മക്ക വെയിലത്ത്
തൊള്ള തൊറക്കും
ഈ കവിതയിലെ ഏറ്റവും തീഷ്ണമായ വരികളാണിത്. ഇലക്ഷന്റെ അന്ന് കയ്യിൽ വോട്ടു ചെയ്ത അടയാളം കണ്ടു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കാത്ത ഇതേ രാഷ്ട്രീയക്കാർ സ്വന്തം മക്കളെ നന്നായി വിദ്യാഭ്യാസം ചെയ്യിച്ച് ഉയർന്ന സ്ഥാനങ്ങളിലെത്തിക്കും. പക്ഷെ ഇതേ രാഷ്ട്രീയക്കാർ ചൂഷണം ചെയ്ത് തങ്ങളുടെ ആജ്ഞാനുവർത്തികളായി കൊണ്ടു നടക്കുന്ന ഗോത്ര മക്കൾ മരണം വരെ ആരുടെയൊക്കെയോ ആശ്രിതരായി വെയിലത്ത് തളരുകയും ചെയ്യും.
വര്ത്തം വന്താ നമ്മക്ക് നമ്മടെ
ടോട്ടറ് ഇണ്ടെങ്കി നല്ലതില്ലീ.
നമ്മടെ ടോട്ടറും,കലട്ടറും ,
വേണു.
ഏര്ടെ മക്കളപ്പോലെ
നിങ്കളും പടിക്കുണു
അസുഖം വരുമ്പോൾ ചികിത്സിക്കാൻ തങ്ങളുടെ ഗോത്രത്തിൽ നിന്നും ഒരു ഡോക്ടറുണ്ടെങ്കിൽ എത്ര നന്നായിരുന്നു എന്നൊരു സ്വപ്നത്തോടെയാണ് ഈ കവിത അവസാനിക്കുന്നത്. ഡോക്ടറും കലക്ടറും തങ്ങളുടെ ഗോത്രത്തിൽ നിന്നും വേണമെന്നും തങ്ങളും പഠിക്കണമെന്നും കവി ആഗ്രഹിക്കുന്നു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കൂ എന്ന് നമ്മുടെ നവോത്ഥാന നായകന്മാർ കണ്ടിരുന്ന അതേ സ്വപ്നമാണ് ഈ കവിതയിലൂടെ കവി പങ്കു വയ്ക്കുന്നത്. ഗോത്രത്തിലെ യുവജനതയെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തി കാലാകാലം അവരെ പൊള്ളുന്ന വെയിലത്ത് തളച്ചിട്ടു കൊണ്ട് ആ വിയർപ്പിൽ നിന്നും തങ്ങളുടെ മക്കളെ എ.സി റൂമുകളിലെത്തിക്കുന്ന കപട രാഷ്ട്രീയക്കാർക്കെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയാണ് 'മുടിയന്തിരാക്കണേര്'.
********
അശ്വനി ആർ ജീവൻ :
കവി, ഗവേഷക
********"