തെറിയുടെ സാംസ്‌ക്കാരിക വായന സ്റ്റാലിനയുടെ കവിതയിലൂടെ

തെറിയുടെ സാംസ്‌ക്കാരിക വായന സ്റ്റാലിനയുടെ കവിതയിലൂടെ
****************

മനുഷ്യരുടെ ഇരട്ടത്താപ്പുകളേയും അധികാരത്തിന്റേയും പണത്തിന്റേയും ലിംഗത്തിന്റേയും പ്രണയത്തിന്റേയും രാഷ്ട്രീയത്തേയും പല രീതികളിൽ  ചിത്രീകരിക്കുന്നവയാണ്  സ്റ്റാലിനയുടെ കവിതകൾ. പറയാനുള്ളതൊക്കെ പറയാൻ ഒരു ഇടം മാത്രമല്ല സ്റ്റാലിനയ്ക്ക്  കവിത. ജാതിയും മതവും വർണ്ണവും ധനവും രാഷ്ട്രീയവും നാടുവാഴുന്നിടത്ത്, പലപ്പോഴും  ഇതിനൊക്കെ കുടപിടിക്കുന്ന ചില  അധ്യാപകരുടെ ക്ലാസ്സിൽ കയറാൻ   വിസമ്മതിക്കുന്ന,  ഒരു വിപ്ലവകാരിയായ പെണ്ണാവുന്നുണ്ട് സ്റ്റാലിനയുടെ എഴുത്തിലെ കവിത.  അതുകൊണ്ടുതന്നെ കവിത പടിക്കു പുറത്താകുന്നതിന്റെ, അധികാര സ്ഥാനങ്ങളിൽ നിന്ന് അകലെയാവുന്നതിന്റെ,  പലപ്പോഴും വാചകക്കസർത്തുകൾക്കപ്പുറം  ഒറ്റപ്പെടുന്നതിൻറെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ സ്റ്റാലിനക്ക്  വ്യക്തമായി അറിവുള്ളതാണ്.   "ഉള്ളിൽ പുൽമേടുകളുടെ നൃത്തം " സൂക്ഷിക്കുമ്പോഴും സ്റ്റാലിനയുടെ കവിതയുടെ വിരലുകൾ തൊടുമ്പോൾ മുറിവുകൾ തുടിച്ചു നീറുന്നുണ്ടാവണം വായനക്കാരുടെ മനസ്സിൽ. എങ്കിലും വാക്കുകളെല്ലാം ഉയർത്തെഴുന്നേൽപ്പിന് ആക്കം കൂട്ടുന്നവയാണ് സ്റ്റാലിനയുടെ കവിതകളിൽ; തളർച്ച ഒരിക്കലും മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാവുന്നില്ല. എന്നാൽ തളരുന്നതും ഒറ്റയാവുന്നതും കിനാവ് കാണുന്നതും യാഥാർത്ഥ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളേയാവുന്നില്ല ഈ ഇടത്തിൽ.

ആകസ്മികമായാണ് സ്റ്റാലിനയുടെ 'തെറി ' എന്ന കവിതയിലേക്ക് എത്തിപ്പെടുന്നത്. തെറിയുടെ രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ മുൻപ് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും  മലയാളികൾ ശീലിച്ചുപോന്ന തെറികൾക്കു പകരം മറ്റെന്ത് എന്ന ചോദ്യത്തിനുത്തരം ആലോചനകളിൽ വന്നു കണ്ടിട്ടില്ല.   'തെറി '  എന്ന കവിത ഉത്തരത്തിനല്ല, ചോദ്യത്തിനാണ് ഊന്നൽ നൽകുന്നത്. ജാതി ഇന്നും നമ്മുടെ സാമൂഹിക ജീവിതത്തിൻറെ ഭാഗമായിരിക്കെ എല്ലാ തെറികളെല്ലാം താഴ്ന്ന ജാതിക്കാരുടേയും സ്ത്രീകളുടേയും ശരീരത്തിലേക്കും മനസിലേയ്ക്കുമുള്ള കടന്നുകയറ്റം മാത്രമാവുന്നത് അതിശയകരമായ കാര്യമൊന്നുമല്ല.

'തെറി ' എന്ന കവിത തുടങ്ങുന്നത് തെറിയെക്കുറിച്ചുള്ള ഉള്ള ആദ്യ  ഗൗരവതരമായ ധാരണകളുണ്ടാവുന്ന ഒരുവൻറെ വാക്കുകളിലൂടെയാണ്. തോട്ടിപ്പണി ചെയ്യുന്നതിനിടെ മരിച്ചുപോയ പിതാവിൻറെ ശരീരം ഏറ്റെടുക്കണമെങ്കിൽ ആ പണി  മകൻ പൂർത്തിയാക്കണം എന്നുള്ള ആജ്ഞയാണ് കവിതയിലെ യുവാവ് മനസ്സിലാക്കുന്ന ആദ്യത്തെ തെറി. തീട്ടക്കൊട്ട ചുമന്ന് ഓടിയ ദിവസങ്ങളിൽ തെറി തലയിലെഴുത്താണെന്ന് അയാൾ മനസ്സിലാക്കുന്നു. കാമുകിയും സുഹൃത്തുക്കളും വല്ലാത്ത നാറ്റം എന്ന് കാർക്കിച്ച് തുപ്പുമ്പോൾ തിരിച്ചു പറയാൻ ഒരു തെറിയുടെ സാധ്യതകൾ തേടുകയാണ് അയാൾ .

മേലനങ്ങാതിരുന്നു തൂറുന്നവൻ, കസേരേക്കറങ്ങീട്ട് കള്ളക്കണക്കെഴുതുന്നവൻ, മതിലു കെട്ടിയ വില്ലയിലെ സ്വയം സേവ, ചാണക മോൻ, ചരട് കെട്ടി, കള്ളക്കളക്ടറുടെ പൊന്നുമോൾ, വീർത്ത എമ്മെല്ലേടെ പുന്നാരമോൻ,  പോലീസ് മാമൻ വക്കീലോളി, മയിസ്ട്രേറ്റ് മക്കൾ, തന്ത്രി കുമാരൻ,  'തിരു ' ചെരുപ്പ് നക്കികൾ എന്നിങ്ങനെ അനവധി വാക്കുകൾ മനസ്സിൽ രോഷം നിറയ്ക്കുന്ന വൃത്തികെട്ട തെറികളായി തേട്ടി വരുമ്പോഴും  അയാൾക്കു മനസ്സിലാവുന്നുണ്ട് നൂറ്റാണ്ടുകൾ കടന്ന് ഇത്തരം കണ്ടെത്തലുകൾ എളുപ്പമല്ലെന്ന്. കണ്ണു പൊട്ടിക്കുന്ന,  കരൾ പഴുപ്പിക്കുന്ന തെറികളാവാൻ അവയ്ക്കാവില്ലെന്ന്. ഒരാൾ ചന്ദനത്തിൽ കുളിക്കുന്നൊരാളായാലും   ചെളിയിൽ കുതിർന്ന് ജോലി ചെയ്യുന്നവനായാലും  തീട്ടത്തിന് ഒരേ നാറ്റമാണ്. എന്നിട്ട്  അതു വൃത്തിയാക്കുന്ന തന്നോടുള്ള ഈ  അറപ്പ് തൻറെ ശരീരത്തിനോടല്ലെന്നും തൻറെ ജാതിയോടും ജോലിയോടും ആണെന്നും അയാൾക്കറിയാം.  എത്ര അഴിമതിയിലും ദുരാഗ്രഹത്തിലും കുറ്റകൃത്യങ്ങളിലും മനുഷ്യത്വരാഹിത്യത്തിലും വിരാജിക്കുമ്പോഴും ജാതിയിലും സമ്പത്തിലും പദവിയിലും ഉയരത്തിലായതുകൊണ്ടു മാത്രം ഒരു തെറിക്കും അവരെ തൊടാൻ ആവില്ലെന്ന് അയാൾ പറയുന്നു. വക്കീലും മജിസ്ട്രേറ്റും മന്ത്രിയും കളക്ടറും വെറും പഞ്ചായത്ത് പ്രസിഡന്റും മറ്റു രാഷ്ട്രീയക്കാരും പണക്കാരും ജീവിക്കുന്നത്ര വൃത്തിഹീനമായ ജീവിതമല്ല തന്റേത്.  വെറുതെയിരുന്ന് തിന്നുന്നവനെയും പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നവനേയും വിളിക്കാൻ തെറി ഇല്ലാതിരിക്കുകയും എല്ലു മുറിയെ പണിയെടുക്കുന്ന, മേൽപ്പറഞ്ഞവരുടെയെല്ലാം മാലിന്യങ്ങൾ വൃത്തിയാക്കുന്ന തന്നെ വിളിക്കാൻ എണ്ണമറ്റ തെറികൾ ഉണ്ടാവുകയും ചെയ്യുന്ന ലോക വ്യവസ്ഥയെയാണ് അയാൾ പരിഹസിക്കുന്നത്.  ഇത് മനസ്സിലാക്കുന്ന സ്വന്തം കൂട്ടുകാരിയുമായി അയാൾ സംസാരിക്കുന്നുണ്ട്. പരസ്പരം അവർ ഉപയോഗിക്കുന്ന തെറികൾ അവർക്ക് മാത്രമേ തെറികളായി തോന്നുന്നുള്ളൂ എന്നറിയുമ്പോഴും അവർ തലയറഞ്ഞു ചിരിക്കുന്നുണ്ട്. " എടീ ഗൃഹലക്ഷ്മി മോളേ " എന്നവനും  "മറ്റേ കോലോത്തെ ആര്യ പുത്രാ" എന്ന് അവളും പരസ്പരം  തെറി വിളിക്കുന്നു.

"പക്ഷേ... തീരുമോ?"  എന്ന് അയാൾ ഒരു ചെറിയ നിശബ്ദതയ്ക്കു ശേഷം സ്വയം  ചോദിക്കുന്നു.  ഇതൊക്കെ പറഞ്ഞാൽ ആർക്കൊക്കെ തിരിയും എന്നതിലാണ് കാര്യം. മരണത്തിലെങ്കിലും എല്ലാ മനുഷ്യരും ഒരുപോലെയല്ലേയെന്ന് തെറി വിളിക്കുന്നവരോടയാൾ ചോദിക്കാനാഗ്രഹിക്കുന്നുണ്ട്.
  "ചാവുമ്പോ ചീയുന്നത്
ഒക്കെ ഒരുപോലല്ലേന്ന്
'തിരു ' ചെരുപ്പു നക്കികളോടാര്
ചോദിക്കും? "

ഓരോ കക്കൂസ് കുഴിയിലും  ഓവുചാലുകളിലും ശ്വാസം മുട്ടി ജീവൻ പണയപ്പെടുത്തി തൊഴിലെടുക്കുന്ന മനുഷ്യർക്കറിയാം ജനനത്തിലും മരണത്തിലും പോലും മനുഷ്യൻ ഒരു പോലെയല്ലെന്ന്. ജനിക്കുമ്പോഴുള്ള തലയിലെഴുത്ത് മരണത്തിലും കൂടെ വരും. സമയത്ത് വൈദ്യസഹായം കിട്ടാതെ, രോഗങ്ങൾക്ക് ചികിത്സിക്കാൻ , നല്ല ആഹാരം , വൃത്തിയുള്ള ഒരിടത്ത് വളരാൻ കഴിയാതെ, മനുഷ്യൻ എന്ന പരിഗണന കിട്ടാതെ മരണത്തിനു കീഴ്പ്പെടുന്ന മനുഷ്യരുടെ ലോകത്ത് മരണംപോലും അനീതിക്ക് കാവൽ നിൽക്കുന്നുണ്ട്. എന്നാലും  'പുലയാടിമോനു ' പകരം വയ്ക്കാവുന്ന ഒരു തെറിയായി 'മേലനങ്ങാതിരുന്നു തൂറുന്നവൻ ' മാറുന്നില്ല: അതാണ് സാമൂഹികക്രമം.

പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകർ പോലും  ഒരു തെറിയായി രൂപപ്പെടുന്നത് തിരിഞ്ഞു വരുമ്പോഴേക്കും  "ഇവനൊന്നും പഠിച്ചിട്ട് കാര്യമില്ലെ "ന്ന് പടിക്ക് പുറത്താക്കപ്പെട്ടിട്ടുണ്ടാവും. പടിക്ക് പുറത്താക്കപ്പെടുന്നവർക്കു പിന്നെ വാക്കുകൾ പോലും കൂട്ടിനുണ്ടാവാനിടയില്ല.  തന്നെ വിളിക്കുന്ന തെറിയുടെ രാഷ്ട്രീയമറിയാതെ തന്നെ സ്കൂളിനും സമൂഹത്തിനും പുറത്താക്കിയവരുടെ രീതികളുമായവർ പൊരുത്തപ്പെട്ടു പോകുന്നു. ജീവിതത്തിൻറെ മറ്റേ അറ്റത്തേക്ക് അവർ യാത്ര തുടരുന്നു. ജീവിതത്തിലെ ന്യായാന്യായങ്ങളോട് തികച്ചും നിർവികാരത പുലർത്തിക്കൊണ്ടവർ ജനിച്ചു മരിക്കുന്നു. ഇവിടെയാണ് പുതിയ തെറികളുടെ ആവശ്യകതയെപ്പറ്റിയും പഴയ തെറികൾ സ്വയം താങ്ങി നടക്കുന്നതിന്റെ വ്യർത്ഥതയെപ്പറ്റിയും ജീവിതത്തിൽ നിന്നും പുറത്താക്കപ്പെട്ട അവരിൽ ഒരുവൻ ചിന്തിച്ചു തുടങ്ങുന്നത്. എന്നാൽ അഴിമതിക്കും അനീതിക്കും മാത്രം പിടിച്ചുനിൽക്കാനാവുന്ന ലോകത്ത് അതിൻറെ മാലിന്യങ്ങൾ വൃത്തിയാക്കാൻ മാത്രം നിയോഗിക്കപ്പെട്ട അവൻ അവസാനം തിരിച്ചറിയുന്നത് ഏറ്റവും വൃത്തികെട്ട തെറി "ദൈവം"  എന്നതാണെന്നാണ്.

ദൈവത്തിൻറെ പേരിലാണ് ലോകത്തിലെ അനീതികൾക്ക് പലതിനും സാംഗത്യവും സ്വീകാര്യതയും ലഭിക്കുന്നതെന്നിരിക്കെ, "ദൈവം" എന്ന ആശയത്തിന്റെ വിപുലമായ അർഥതലങ്ങളിലേക്ക് നാം നമ്മളെ തിരിച്ചു വയ്ക്കേണ്ടിയിരിക്കുന്നു. ചില മനുഷ്യരെ മാത്രം  'പട്ടി'കപ്പെടുത്തുന്നത് അധ്യാപകർ മാത്രമല്ല, അനീതികൾക്ക് നേരെ കണ്ണടയ്ക്കുന്ന ഓരോരുത്തരുമാണ് .

സ്റ്റാലിനയുടെ ‘തെറി’ എന്ന കവിതയിലെ ഭാഷ അതിൻറെ ആശയത്തോട് തികച്ചും നീതി പുലർത്തുന്നതാണ്. അത് തെറി വിളിക്കുന്നവരുടെ ഭാഷയല്ല  , ആരെ വിളിക്കാൻ വേണ്ടിയാണോ  തെറികൾ സൃഷ്ടിക്കപ്പെടുന്നത് അവരുടെ ഭാഷയാണ്.  സ്വന്തം ഭാഷയിൽ അവനവനു വേണ്ട വാക്കുകളില്ല;  ആ ഭാഷയും അതിലെ തെറികളും തന്നെ പടിക്കു പുറത്താണു നിർത്തുന്നത് എന്ന് തിരിച്ചറിയുന്നവന്റെ ഭാഷയാണിത്. ഭാഷയിലെ ശരികളും സമൂഹത്തിലെ ശരികളും തമ്മിലുള്ള അവിഹിത ബാന്ധവം തകർത്ത്  'ഗുരു '  എന്ന വാക്കിനെ തെറിയും 'പൊലയാടി മോൻ ' എന്ന വാക്കിനെ തെറി അല്ലാതെയും ആക്കുന്ന തൻറെ കാഴ്ചകളെ  സമൂഹം മറച്ചിരുന്നത് സ്കൂളിലും പുറത്തുമുള്ള ജാതി മത വർണ്ണ പണ വ്യത്യാസങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവിതയിലെ യുവാവ് തിരിച്ചറിയുന്നു.
ജീവിതം അയാളെ കൊണ്ടെത്തിക്കുന്നത് തീട്ടത്തെക്കാളും തെറികളെക്കാളും അറപ്പുളവാക്കുന്നത്  'ദൈവം  ' എന്ന വാക്കാണെന്ന കണ്ടെത്തലിലേക്കാണ്.  ശരീരത്തിലും മനസ്സിലും ആ വാക്ക് ഉണ്ടാക്കുന്ന നാശം ഒരുപക്ഷേ വിവരിക്കാൻ അയാൾക്ക് കഴിയുന്നുണ്ടാവില്ല. മനുഷ്യനെ പല ജാതിയിൽ ഉണ്ടാക്കുന്നതും നിലനിർത്തുന്നതുമായ ആ വാക്ക് ഒരു ആഭാസമാകുന്നത് അയാൾ അറിയുന്നു.

തീട്ടം, കാർക്കിച്ചു തുപ്പുക , തെറി , പഴുത്തു കെട്ടുക, , ചെരുപ്പുനക്കി , തൂറുക , ചീയുക തുടങ്ങി അറപ്പുളവാക്കുന്ന വാക്കുകൾക്കൊപ്പം  ചന്ദനം, , സ്വച്ഛം എന്നീ വാക്കുകൾ ഉപയോഗിച്ച് സ്റ്റാലിന ഭാഷയിലെ വേർതിരിവുകളിലേക്കു മാത്രമല്ല നമ്മുടെ സാമൂഹിക ജീവിതത്തിലെ കപടതകളിലേക്കും കടന്നുകയറുന്നു.

അഞ്ചും ആറും ഏഴും ഒമ്പതും വരികളുള്ള കവിതാഭാഗങ്ങൾക്കിടയിൽ ഒറ്റ വരികളിൽ പതുങ്ങി കിടക്കുന്ന ചോദ്യങ്ങളുണ്ട്; ഇരട്ട വരികളിലെ ആശ്ചര്യമുണ്ട്.  "തീരുമോ ?" എന്നതാണ് ആ ചോദ്യങ്ങളിൽ ഒന്ന്. അതിൻറെ ഉത്തരം കവിതന്നെ പറയുന്നുമുണ്ട്
"പോര , മതിയാവത്തില്ല "!
"പക്ഷേ ", " പുതിയ തെറികൾ ", " ഇന്ന് ",  "ദൈവം  " എന്നീ വാക്കുകളെല്ലാം ഒറ്റവരിയിൽ ഒറ്റയ്ക്ക് നിൽക്കുന്നവയാണ്. അവയെല്ലാം ചോദ്യചിഹ്നം ഇട്ടില്ലെങ്കിലും ചോദ്യങ്ങളായാണ് കവിതയിൽ നിലനിൽക്കുന്നത്. പക്ഷേ തെറികളുടെ രാഷ്ട്രീയം നിശ്ചയിക്കാൻ കവിയുടെ വക്താവായ കീഴ്ജാതിക്കാരന് കഴിയുമോ? പുതിയ തെറികളെ ഉൾക്കൊള്ളാൻ ഭാഷയ്ക്കും മനുഷ്യനും കഴിയുമോ? ഇന്ന് ഇന്നലെയെക്കാൾ ഏതെങ്കിലും തരത്തിൽ മെച്ചപ്പെട്ടതാവുമോ? ദൈവം എന്ന തെറിയെ നമ്മൾ ചുമക്കേണ്ടതുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈ കവിതയിലെ വരികളിൽ വായനക്കാരനു നേരെ ചാടിവീഴാൻ തക്കം പാർത്തിരിപ്പുണ്ട്. ദൈവത്തിൻറെ പേരിൽ വോട്ടു പിടിക്കുന്ന വരെയും,  മതിലു കെട്ടിയ വില്ലകളിലെ ആർഭാട ജീവിതത്തിന്റെ വഴികളെയും,  മേലനങ്ങാതിരുന്നു തിന്നുന്നവരെ മിടുക്കന്മാരായി പ്രഖ്യാപിക്കുന്ന മുതലാളിത്തത്തേയും വിമർശന വിധേയമാക്കുന്നുണ്ട് കവിത.

  'അറപ്പ്  ' എന്ന ഒരൊറ്റ ഭാവത്തിലൂടെ സമകാലിക ജാതിരാഷ്ട്രീയത്തിന്റെ സവർണ്ണ ഭാഷയേയും സംവേദനങ്ങളെയും പൊളിച്ചു കളയുകയാണ് കവിത ചെയ്തിരിക്കുന്നത്. നമ്മുടെ  'അറപ്പ് ' എന്ന വികാരത്തിനു പിന്നിലെ രൂഢമൂലമായ രാഷ്ട്രീയ ചൂതുകളികളെ അനാവരണം ചെയ്യുന്നു  'തെറി 'എന്ന ഈ കവിത. നൂറ്റാണ്ടുകൾക്കിപ്പുറവും  ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തിട്ട്  ഇത്ര വർഷമായിട്ടു പോലും    സവർണ്ണ ജാതി രാഷ്ട്രീയത്തിൻറെ ഭാഷയെയും സംസ്കാരത്തെയും ജീവിതരീതികളെയും ഏകതാനമായ മനുഷ്യസങ്കല്പങ്ങളെയും  ചോദ്യം ചെയ്യാൻ നിരന്തരസമരങ്ങളിലൂടെ ആർജിച്ചെടുത്ത  ശേഷി ഉപയോഗിച്ചു കൊണ്ട് എല്ലായ്പ്പോഴും പോരാട്ടത്തിലും ചെറുത്തു നിൽപ്പിലും അതിജീവനത്തിലുമാണ് ദളിത ജനത എന്ന വസ്തുതയിലേക്കാണ്  കവിത വിരൽചൂണ്ടുന്നത്.  ഒരു സമൂഹമെന്ന നിലയിൽ പല മാനങ്ങളിൽ  ഈ പ്രതിരോധം ശക്തിപ്പെടേണ്ടതുണ്ട് എന്നും അതിനാവശ്യമായ സാംസ്കാരിക ജാഗ്രത നാം വികസിപ്പിച്ചു കൊണ്ടേയിരിക്കണം എന്ന ചിന്ത കവിത ശക്തമായി മുന്നോട്ടു വെയ്ക്കുന്നു എന്ന് കാണാം .

സ്വന്തം സ്വത്വം വെളിവാക്കുന്ന ഭാഷയിൽ തുടങ്ങുന്ന കവിത ചിലപ്പോഴൊക്കെ കുറെയൊക്കെ മുഖ്യധാരയിലേക്കു വഴുതുന്നുണ്ട്. വ്യക്തിത്വ സവിശേഷതകൾ നിർവീര്യമാക്കുന്ന ഭാഷയിലേക്കുള്ള ഈ വ്യതിചലനം കവിതയിലെ വക്താവിൻറെ അനിശ്ചിതത്വത്തേയോ ചാഞ്ചല്യത്തേയോ അല്ല കാണിക്കുന്നത്. തിരിച്ച് സംസാരിക്കാനും പ്രതിരോധിക്കാനും പുതിയ പേരുകളും ഭാഷയും കണ്ടെത്താൻ  നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാവാം ഈ ഗതിമാറ്റം. എന്നാൽ ഇതൊന്നും പോരാതെയാവുന്നുണ്ട് നൂറ്റാണ്ടുകളായി പിന്തുടർന്നു പോകുന്ന അനാചാരങ്ങളെ ചെറുത്തുതോൽപ്പിക്കാനെന്ന് തിരിയുന്നിടത്താണ് ദൈവത്തിൻറെ അ/നീതികൾ ചോദ്യം ചെയ്യപ്പെടുന്നത്.

വാദപ്രതിവാദ രൂപത്തിലെഴുതിയ ഈ കവിത വായനക്കാരനുമായുള്ള സംഭാഷണത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്.  ഒരേസമയം അത് ആത്മഗതം കൂടിയാണ്. നാടകീയതകളൊന്നുമില്ലാതെ സ്വാഭാവികമായി മുന്നോട്ടു പോകുമ്പോഴും ജീവിതത്തിലെ അസ്വാഭാവികതകളെക്കുറിച്ചാണ് കവിത. സാധാരണ മനുഷ്യരുടെ മേലുള്ള അധിനിവേശങ്ങളുടെയും അവരെ ചൂഷണം ചെയ്യാൻ ഭാഷയെയും സംസ്കാരത്തെയും ദൈവത്തെയും സ്വാധീനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയെക്കുറിച്ച് ഒരു സംഭാഷണം അനിവാര്യമായ കാലഘട്ടമാണിത്. അവിടെ സംസാരിക്കേണ്ടത് വേട്ടയാടപ്പെടുന്നവരുടെ പ്രതിനിധിയായ അവരിൽ ഒരുവൻ തന്നെ ആവുകയും വേണം. ഈ സംഭാഷണത്തിന്റെ അനിവാര്യതയും, മാറ്റിവെയ്ക്കപ്പെടുന്ന/ ഒഴിവാക്കപ്പെടുന്ന ഇത്തരം സംഭാഷണങ്ങളുടെ നിസ്സഹായതയുമാണ് സ്റ്റാലിന കവിതയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സി അയ്യപ്പൻറെ പ്രേതഭാഷണം എന്ന കഥയിലും ഈ ആത്മഭാഷണം/ സംഭാഷണം വിഷയമാകുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയാതിരുന്ന സംഭാഷണമാണ് മരണശേഷം ഒരു ദലിത് പെൺകുട്ടി പ്രസ്തുത കഥയിൽ നടത്തുന്നത്.

സ്റ്റാലിനയുടെ കവിതയിൽ ജീവിച്ചിരിക്കുമ്പോൾതന്നെ തൻറെ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാൻ പ്രയത്നിക്കുന്നവരുടെ ജീവിതമാണുള്ളത്. തൊങ്ങലുകളും അതിശയോക്തികളുമില്ലാതെ കവി തൻറെ ഉൽക്കണ്ഠകൾ പങ്കുവയ്ക്കുമ്പോൾ കാല്പനികതകൾക്കപ്പുറമുള്ള മനുഷ്യജീവിതത്തെ വായനക്കാരന് പകുത്തെടുക്കാം.

*****************

Comments

(Not more than 100 words.)