തൊട്ടാൽ വാടാത്ത കവിതകളും അടുക്കളയിൽ പാകപ്പെട്ട ഹൃദയവും

തൊട്ടാൽ വാടാത്ത കവിതകളും അടുക്കളയിൽ പാകപ്പെട്ട ഹൃദയവും
 (ബിന്ദു കൃഷ്ണൻ്റെ കവിതകൾ - പഠനം)
*************
                  - സിമിത ലെനീഷ്
                 ******

        മലയാള കവിതയിൽ പരിഷ്കരിക്കപ്പെടാതെ നിലനിന്ന വിഷയമാണ് സ്ത്രീ ജീവിതം. കലയും സാഹിത്യവും ശാസ്ത്രവും രാഷ്ട്രീയവും പെണ്ണിന് കൂടി വഴങ്ങുന്ന ഇടങ്ങളാണെന്ന്  തെളിയിച്ച് കൊണ്ടിരിക്കുമ്പോൾ അങ്ങനെയുള്ള ഇടങ്ങളെ പരിഹസിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആളുകളുള്ള കാലത്താണ് ഒരുവൾ അടുക്കളയിൽ പാകപ്പെടുത്തിയ വിഭവം സ്വന്തം ഹൃദയമായിരുന്നെന്ന് കവിതയെഴുതിയത്. ചില പെൺ ചിത്രങ്ങളെയും ,കനവുകളെയും, കാഴ്ചകളെയും കവിതയിൽ കുടഞ്ഞിട്ട് എവിടെയെൻ്റെ ലോകമെന്ന് ഉറക്കെ ചോദിച്ചത്. അതിനുള്ള ഉത്തരങ്ങൾ ആണത്ത അധികാര വ്യവസ്ഥിതിയിൽ നിന്ന് കിട്ടാത്തിടത്തോളം കവിതകൾ കനൽ പൊള്ളിച്ച പടർത്തുന്ന അനുഭവമായി തന്നെ നിലനിൽക്കും.

സ്നേഹത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ക്ക് എത്ര ദൂരം എന്ന് ചോദ്യമെറിഞ്ഞ് ബിന്ദു കൃഷ്ണൻ കവിതകൾ നമ്മെ പൊളളിക്കുന്നു. ബന്ധങ്ങൾക്കിടയിലെ ബന്ധനങ്ങളെ കുറിച്ച് കവിത ചിരിക്കുമ്പോൾ നമുക്ക് ചിരിക്കാൻ സാധിക്കുന്നില്ല. ഹൃദയം ചേർത്ത് പാകപ്പെടുത്തിയ പുതിയ രുചി ഓരോ അടുക്കളയിലും എരിഞ്ഞ് തീരുന്ന പെണ്ണിൻ്റേതാകുമ്പോൾ നമുക്ക് ആ വിഭവത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ആകില്ല . തൊട്ടാവാടി പോലെ മനസ്സ് ഒരുക്കേണ്ട കാലമാണിതെന്ന് നാം ഒരിക്കൽ കൂടി ഓർത്തു പോകുന്നു. തൊട്ടാൽ വാടരുത് എന്ന കവിതയിൽ തൊട്ടാവാടി എന്ന ചെടിയോട് ചേർത്ത് വായിക്കുന്ന പെൺ സ്വഭാവത്തെ അടർത്തിമാറ്റി, തൊട്ടാൽ വാടുന്നവരല്ല എല്ലാ സ്ത്രീകളും എന്ന അനുഭവ പരിസരത്തേക്ക് വികസിക്കുന്നു.
അതു കൊണ്ട് ഇക്കവിതയിൽ
"തൊട്ടാവാടികൾ 
ആരെയും വിശ്വസിക്കാറില്ല എന്നെന്നേക്കുമായി 
വാടാറുമില്ല"
(തൊട്ടാൽ വാടരുത്) എന്ന് ബിന്ദുകൃഷ്ണൻ എഴുതുന്നു.

സൂക്ഷ്മമായ അറിവുകളിലൂടെ, ചിന്തകളിലൂടെ, ബിംബ സ്വീകരണത്തിലൂടെ ബിന്ദു ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കവിതയിലൂടെ സ്വാതന്ത്ര്യത്തിൻ്റെ മറുപുറം തേടുന്നു .കവിത എളുപ്പമെഴുതാവുന്ന ഒന്നാണെന്ന് പരക്കെ പറയപ്പെടുമ്പോഴും കവിതയിലേക്കുള്ള ധ്യാനം ഒരു തിരിച്ചറിവും ജീവിത വീക്ഷണവുമാണ്. അവിടെ വിട്ടുമാറുന്ന പൊതു കാഴ്ചകൾ തികച്ചും വ്യത്യസ്തമായ ഒരു അറിവായി രൂപാന്തരപ്പെടുന്നു. ബിന്ദുകൃഷ്ണൻ്റെ കവിതകൾ അത്തരമൊരു അറിവൊളിപ്പിക്കുന്ന ഖനികളാണ് .

പ്രതിഫലനം എന്ന കവിതയിലെ വരികൾ നോക്കൂ
"ഒരു മറു വാക്കിൻ പൂളാൽ തകർക്കാമെനിക്ക് നിൻ കണ്ണാടി ,എന്നാലൊപ്പം തകരില്ലല്ലോ ബിംബം"
( പ്രതിഫലനം) 
എന്നാണ് ബിന്ദുകൃഷ്ണൻ എഴുതിയിരിക്കുന്നത്.
കണ്ണാടിയെ തകർക്കാൻ എളുപ്പം കഴിയും. കണ്ണാടിയിലെ ബിംബം ഒരിക്കലും തകരുന്നില്ലല്ലോ എന്ന അറിവ് ലോകത്തിലെ കാഴ്ചകളാട് ചേർത്ത് വെയ്ക്കുമ്പോൾ ബിംബങ്ങളായി ഭയപ്പെടുത്തി 'നീ'കളിലേക്ക് പടരുന്ന വേദനകൾ തകർക്കപ്പെടുന്നില്ലെന്ന് നാമറിയുന്നു. ആരാണ് നീ, തകർക്കപ്പെടാത്ത ആ ബിംബം ഏതാണ്? ഈ സമൂഹത്തിൽ തകർക്കപ്പെടാതെ അവശേഷിക്കുന്ന ഏതും ആ ബിംബമാകുന്നു എന്നിടത്ത് കവിത വച്ചു മാറുന്ന അറിവ് വളർന്ന് കോണ്ടേയിരിക്കുന്നു.

"സ്വന്തം പെൺകുഞ്ഞു മാത്രം എനിക്കു കുഞ്ഞ് എനിക്കുമാത്രം 
അവൾ കുഞ്ഞ് "
എന്ന് 'അവൻ പറഞ്ഞിരിക്കാം ' എന്ന കവിതയിൽ ബിന്ദു കൃഷ്ണൻ എഴുതുന്നു.
ഭയത്തോടെ മാത്രം വായിക്കുന്ന ഈ വരികൾ സൃഷ്ടിക്കുന്ന മരവിപ്പ് പടർത്തുന്ന വേദന ഓരോ അമ്മയും ഓർത്ത് വെയ്ക്കുന്നതാണ്. ഒാരോ അച്ഛനും സ്വന്തം കുഞ്ഞ് മാത്രമാണ് കുഞ്ഞ് എന്ന ചിന്ത പടർത്തുന്ന തീ ഒരു വലിയ സാമൂഹിക വിപത്ത് കൂടിയാണ്.

"ഇന്നെനിക്ക് തെരിയും പാട്ടി
ചൊല്ലിച്ചൊല്ലി 
എന്തിനെയും എന്തുമാക്കും
സൂത്രം 
പക്ഷേ 
അഗ്രഹാരത്തിൻ്റഇരുളിൽ ചൊല്ലിച്ചൊല്ലി നീ 
എന്തിനെ
എന്താണിക്കിയിരുന്നത് എങ്ങനെയാണ് 
നീ എപ്പോഴും ചിരിച്ചിരുന്നത്" 

എന്നെഴുതുമ്പോൾ പാട്ടി ഒരു പ്രതീകം മാത്രമാണ് ചൊല്ലി കേട്ട പാഠങ്ങൾ ജീവിതമാക്കി ഇരുളിനെ സ്നേഹിച്ച ,സ്വന്തം ലോകം നഷ്ടപ്പെട്ട ഒരു പാട് സ്ത്രീകളിലെ ഒരുവൾ മാത്രമാണ്. പാട്ടിയോടുള്ള ചോദ്യത്തിൻ്റെ അന്തർധ്വനി ഏറ്റെടുക്കാൻ സമൂഹം ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

"ഓരോ ജലാശയവും ഒരു പാഠമാണ് 
ഇൻ്റേണൽ ഇല്ലാത്ത ക്രെഡിറ്റ് ഇല്ലാത്ത 
ഇന്നത്തെ കുട്ടികൾ പഠിക്കാത്ത പാഠം"
(ജലമർമ്മരങ്ങൾ)
ഇത്തരം എത്രയോ പാഠങ്ങൾ നാം മറന്നു പോയിരിക്കുന്നു. കായലും കടലും പുഴയും പറഞ്ഞ പാഠങ്ങളൊക്കെയും മറന്ന് നാം മുന്നേറുകയാണല്ലോ. പ്രകൃതിയിലെ ഓരോന്നും ശാസ്ത്ര സത്യമാകുമ്പോഴും തികഞ്ഞ സ്നേഹമായി കാൽപ്പനികത നിറച്ച് നമുക്കവ ജീവിതപാഠം കൂടി നൽകുന്നുണ്ട്.. ബിന്ദുവിൻ്റെ കവിതകൾ ഇത്തരത്തിൽ ശാസ്ത്രം ഒളിപ്പിക്കുന്ന കാൽപ്പനികതയെ തൊട്ടു പോകുന്നവയാണ്.

"നക്ഷത്ര ലോകത്തിലേതുപോലെ
ലളിതമല്ല കാര്യങ്ങൾ
ഞാൻ അടുക്കുമ്പോഴാണ്
അവർ അകലുന്നത്"

നക്ഷത്ര നിയമങ്ങൾക്കെതിരെ എന്ന കവിത ശാസ്ത്രവും യുക്തിബോധവും കോർത്തെടുത്ത സത്യം സ്നേഹത്തിൽ പരാജയപ്പെട്ട് പോകുന്നതിനെ കുറിച്ചാണ്.താൻ നിലനിൽക്കുന്ന ഇടം പോലും കവിക്ക് കവിത നിറയുന്ന ലോകമായി മാറുമ്പോൾ ശാസ്ത്രം തികച്ചും അസംബന്ധമെന്ന് വിധിയെഴുതിയ കാൽപനികതയ്ക്കൊപ്പം കവിത വലിയൊരു സത്യമായി മാറുന്നു. ഇത് കവിയുടെ ഏറ്റവും വലിയ വിജയവുമാണ്.

"ഓടിത്തളരാതെ ഇളകി മറിയാതെ
കാത്തിരിക്കൂ
എല്ലാം നിങ്ങളെ തേടിയെത്തും"ജലമർമ്മരങ്ങളിലെ ഈ വരികൾ പ്രതീക്ഷയും ആനന്ദവും നിറയ്ക്കുന്ന ഊർജ്ജം കൂടിയാവുന്നു.
ബിന്ദുകൃഷ്ണൻ്റെ കവിതകൾ
പലപ്പോഴും ജീവിതവും സമൂഹവും സമാന്തരമായി സഞ്ചരിച്ച് ചിതറി തെറിക്കുന്ന കാഴ്ചയുടെ അടയാളപ്പെടുത്തലാണ്. ചേർന്ന് പോകാൻ കഴിയാത്ത സാമൂഹ്യ മനസ്ഥിതിയും പെണ്ണും ഇതിനിടയിൽ കടന്ന് വരുന്നു. സമൂഹത്തിൻ്റെ ഭാഗമായ പെണ്ണ് അസ്തിത്വം നഷ്ടപ്പെട്ട ഒരു ഭോഗവസ്തു എന്നതിൽ കവിഞ്ഞ് ഒന്നുമല്ലാതെ നഷ്ടപ്പെടുന്നത് കവിതകൾ വ്യക്തമായി വരച്ചിടുന്നു.കുടുംബവും പെണ്ണും പലപ്പോഴും സഞ്ചരിക്കുന്ന രണ്ടിടങ്ങളിലെ വൈരുധ്യം ഒരു യാഥാർത്ഥ്യമായി വായനക്കാരനിലേക്ക് എത്തുന്നു.

പുതു കവിതകളിലെ പുത്തൻകാഴ്ചകളിൽ ദൈവത്തിൻ്റെ സൊന്തം കവിതകൾ അടയാളപ്പെടുത്തപ്പെട്ടത് കാലം അതിജീവിക്കുന്ന വിഷയ സ്വീകരണം കൊണ്ടാണ് .ശാസ്ത്രം കൈയ്യാളുന്ന യുക്തിയെ കവിതയാക്കുക എന്നത് എളുപ്പമല്ലാത്ത ഒന്നായത് കൊണ്ടാണ് . ബിന്ദു കൃഷ്ണൻ്റെ കവിതകളിലെ ലോകം വ്യക്തിപരമല്ലാത്ത ഒന്നായി വികസിക്കുമ്പോഴാണ് അത് കാലം ഏറ്റെടുക്കുന്നത് .ഈ കവിതകൾ അടുക്കളയിൽ പാകപ്പെട്ട ഹൃദയമായി വേദനിപ്പിക്കുന്നിടത്തോളം ഇതിൻ്റെ സാമൂഹ്യ പ്രാധാന്യം  നിലനിൽക്കും .

Comments

(Not more than 100 words.)