അമ്മദിനം
- മിത്ര നീലിമ
അമ്മക്ക് എസ്കലേറ്ററുകളെ ഭയമാണ്
മുകളിലേക്ക് ഒഴുകി പോകുന്നതോ
താഴേക്ക് വഴുതി നീങ്ങുന്നതോ ആയ
പടിക്കെട്ടിന്റെ ഒടുവിൽ
കാലുകൾ നീട്ടി ജീവിതത്തിലേക്ക്
ചാടാൻ അമ്മക്ക് പേടിയാണ്.
അമ്മ കോണിപ്പടികൾ ചാടിക്കയറി
ജീവിതത്തെ ഓടിച്ചിട്ട്
പിടിക്കാറാണ് പതിവ്.
അമ്മക്ക് ലിഫ്റ്റുകളെ ഭയമാണ്
ശ്വാസം കെട്ടിനിൽക്കുന്ന
ഒരു കൊച്ച് മുറി അപ്പാടെ
ആകാശത്തേക്ക് കുതിക്കുന്നത്
ഒരു സ്വപ്നം മാത്രമാകാനെ
പാടുള്ളൂ എന്ന തിയറിയിൽ
വിശ്വസിക്കുന്നത്ര
കണിശക്കാരിയാണ് അവർ.
അമ്മ സ്വപ്നങ്ങളിൽ പോലും
മേൽപ്പോട്ട് കുതിച്ചില്ല
തറയിൽ ചവിട്ടി നടന്നു.
നല്ല മീൻകറി വെച്ചു
അച്ചിങ്ങയെടുത്തു
മെഴുക്കു പുരട്ടി
ശേഷം
കുളിച്ചു ആപ്പീസിൽ പോയി.
മാസത്തിൽ ഒരു സിനിമ കണ്ടു.
സിനിമകളെ സ്നേഹിച്ചു.
സ്‌ക്രീനിൽ നോക്കി
ചിരിച്ചു
കരഞ്ഞു
കലഹിച്ചു.
അങ്ങനെ പറയാൻ മാത്രം
ഒന്നുമില്ലാതിരിക്കെ
തേയ്മാനമുള്ള
മുട്ടുകൾ
കോണിപ്പടികളെ
മറന്നു.
സിനിമശാലയിൽ
എസ്‌കലേറ്റർ
വെച്ചതിൽ
പിന്നെ അമ്മ
സിനിമകളെ
വെറുത്തിരുന്നു.
ഓർമ്മ സെല്ലുകൾ
നശിക്കാൻ
തുടങ്ങിയ
ദിവസങ്ങളിലൊന്നിലാണ്
അമ്മ
ആരുമറിയാതെ
നഗരത്തിൽ സിനിമ
കാണാൻ പോയത്
റിസ്കെടുത്തു
ജീവിതത്തിലേക്ക്
നീട്ടി ചാടിയത്.
ഒറ്റയാകുന്നവർ
പേടിയെ
മറന്നു തുടങ്ങി
ആകാശത്തേക്ക്
കുതിക്കുന്ന
ലിഫ്റ്റിലേക്ക്
ഓടിക്കയറുന്നതിങ്ങനെയാണ്.
അസാധാരണമെന്നു കരുതുന്ന
സ്വപ്നങ്ങളൊക്കെ ഇടക്ക്
യഥാർഥ്യങ്ങൾ
ആകാറുണ്ടെന്നു അമ്മ
നിങ്ങളെ വെറുതെ
ഓർമിപ്പിച്ചെന്നു മാത്രം.