കത്തിയമരുന്ന വെക്കോൽപ്പാവകൾ
(ലോപയുടെ കവിതകൾ ഒരു പOനം)
************
- സിമിത ലെനീഷ്
*******
ധ്യാനാത്മകമായ ലോകത്തിലേക്ക് വഴി തുറക്കുന്ന കവിതകളുമായി ലോപയുടെ എഴുത്ത് ലോകം നമ്മോട് ചേർന്നു നിൽക്കുന്നു. കവിത തുളുമ്പുന്ന വഴികൾ പുതു കവിതാ വഴിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. താളബോധവും വൃത്ത ബോധവും നിലനിർത്തുന്ന കവിതകൾ പാരമ്പര്യ കവിതാ വഴിയിലേക്ക് ചേർന്ന് നിൽക്കുന്നതാണ്. ഒറ്റപ്പെട്ട് പോയ ഒരു കാലത്തിൻ്റെ ഓർമപ്പെടുത്തൽ പോലെ കവിതകൾ കനപ്പെട്ട ഒരു നിശബ്ദതയെ ഒളിപ്പിക്കുന്നുണ്ട്. ഒറ്റക്ക് ജീവിതം നേരിടുന്ന ഒരാളുടെ അനുഭവതലം കവിതകൾ ഒളിപ്പിക്കുന്നു.
ലോപയുടെ കവിതകൾ ജീവിതം, പ്രണയം, മരണം എന്നീ പ്രഹേളികകളുടെ ആകെത്തുകയാണ്. ജീവിതമുണർത്തുന്ന കനത്ത നോവിനോട് പടപൊരുതുന്ന ഒരുവൾ കവിതയിൽ സജീവമാണ്. മനുഷ്യനായാൽ അനുഭവിച്ച് തീർക്കേണ്ട പരിമിതികളിൽ കവി പലപ്പാഴും അസ്വസ്ഥയാണ്.
"ഇനിയെൻ്റെ
വിരലിൽ പിടിച്ചു നീ
ജന്മാന്തരങ്ങൾ തൻ
വഴികൾ താണ്ടീടുക" (പ്രണയപർവ്വം)
"മറക്കുന്നതേ കാമ്യം, പ്രണയം നിഴൽ നാട്യം "
എന്നീ വരികൾ ജീവിതത്തിലെ നിഴൽ നാടകങ്ങളെ ഓർമിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് കവി ചുറ്റും പരതുന്നത് കവിതയെന്ന ആശ്വാസത്തിലേക്കാണ്.
"ഒക്കെയുമിരുട്ടാണ്
മധുരിച്ചതായ് പണ്ടു
തോന്നിയതെല്ലാമുള്ളിൽ
പുളിയായ് ചെടിപ്പാണ്"( പരസ്പരം)
എന്ന വരികളിൽ ജീവിതം നിവർത്തി വെയ്ക്കുന്ന കനപ്പെട്ട അനുഭവങ്ങളിൽ മധുരിച്ചതെല്ലാം ചെടിപ്പായി നിറയുന്ന അനുഭവം ഓരോ മനുഷ്യനും കടന്ന് പോകുന്ന
അനിവാര്യതയാണ്. സൈക്കിൾ എന്ന കവിതയിലും ജീവിതത്തിൻ്റെ ഈ കടന്ന് പോകൽ വിവരിക്കുന്നുണ്ട്. ഒടുവിൽ സ്റ്റാൻ്റ് ഇട്ട് നിശ്ചലമാക്കിയ സൈക്കിൾ പോലെ ജീവിതം നിശ്ചലമാകുന്ന ഒരു സ്വപ്നമാണെന്ന് കവി ഓർമിപ്പിക്കുന്നു.
താളം, ശബ്ദം, കാഴ്ച എന്നിവ കൊണ്ട് സമൃദ്ധമാണ് ലോപയുടെ കവിതകൾ .നാട്ടുകാഴ്ചകളുടെ സമൃദ്ധികളിൽ നിറഞ്ഞ മനസ്സ് നഷ്ടബോധത്തോടെ അവയെ ഓർക്കുന്നുണ്ട്. ഗൃഹാതുരത നിറയ്ക്കുന്ന താളത്തിലൂടെ ശബ്ദത്തിൻ്റെ അനുഭവപരിസരത്തിലേക്ക് കവിതകൾ നമ്മെ കൊണ്ട് പോകുന്നു
പുരാണ ഇതിഹാസ കഥാപാത്രങ്ങൾ കവിതയിൽ തുടർച്ചയായി കടന്ന് വരുന്നു. നമ്മൾ രണ്ടാണെങ്കിലും, കൃഷ്ണാർപ്പണം, നചികേതസ്, ഷഹ്റസാദ് തുടരുകയാണ് തുടങ്ങിയ കവിതകൾ പുരാണങ്ങളെ ഓർമപ്പെടുത്തുമെങ്കിലും കൃഷ്ണ സങ്കൽപ്പം കവിതയിൽ ഒരു സ്നേഹമായി നിറയുന്നു.
"പുഴയിൽ കടലിൽ കാലു
ധീരമായ് നാട്ടിനിന്നു തൻ
കൈകൾ രണ്ടുമപാരതയി
ലേക്കു നീട്ടും നിഗൂഢത" എന്ന കവിത എന്ന കവിതയിലെ വരികളിൽ അപാരതയിലേക്ക് നീളുന്ന നിഗൂഢതയായി കവിതയെ കാണുന്നു. കവിയുടെ വേദനയും എഴുതാനാവാത്തതിൻ്റെ വേവും 'തീർന്നത് തീരാത്തത്' എന്ന കവിത പങ്ക് വെയ്ക്കുന്നുണ്ട്. ജീവിതത്തിലെ നിഗൂഢമായ വഴിയാണ് കവിതയെന്ന് ഓർമപ്പെടുത്തുമ്പോൾ നിഗൂഢമായ ഒരു എഴുത്ത് ലോകവും ലോപ സൂക്ഷിക്കുന്നു.
ജീവിതം നിറയുന്ന കവിതകൾ മരണത്തെയും ഗൂഢമായി പുൽകുന്നുണ്ട് .മരണമെന്ന ഓർമപ്പെടുത്തൽ ഒരു അനിവാര്യതയായി കവിതകളിൽ നിറഞ്ഞ് നിൽക്കുന്നു.
എഴുത്തിലെ പെണ്ണ് ലോപയ്ക്ക് വലിയൊരു വെല്ലുവിളിയാണ്.
"പുളിച്ചും എരിച്ചും മധുരിച്ചും
പാകപ്പെട്ട് കിടക്കുക" എന്ന് എഴുതുന്ന പെണ്ണേ എന്ന കവിതയിൽ പറയുന്നുണ്ട്. എല്ലാ വിപ്ലവ വീര്യവുമുള്ളൊരു പെണ്ണ് പെണ്ണുങ്ങൾ മിണ്ടാതിരിക്കണമെന്ന ലോകതത്വത്തോട് പരിഹാസത്തോടെ ചോദ്യമെയ്യുന്നു. എഴുത്ത് സ്വീകാര്യമാവുന്ന രീതിയിലേക്ക് മാറ്റിയെഴുതാൻ ആവശ്യപ്പെടുന്ന ഒരു സമൂഹം പെണ്ണിനു ചുറ്റുമുണ്ട്. അവിടെ പടപൊരുതുകയും നിസ്സഹായയാവുകയും ചെയ്യുന്ന സത്രീകൾ ഉണ്ട്.
"ഇവൾക്ക് നായികാ വേഷം
സമ്മാനിച്ച ചരിത്രമേ
ചോരചാലിച്ചൊരുക്കു നീ
മഷി വറ്റാത്ത തൂലിക" എന്ന് നായിക എന്ന കവിതയിൽ പറയുന്നുമുണ്ട്. സർവ്വംസഹയാവുകയും പടപൊരുതുകയും ചെയ്യുന്ന സ്ത്രീ, കവിതകളിൽ കടന്ന് വരുന്നുണ്ട്. പോരാട്ട വീര്യം ഉള്ളിൽ പേറുന്ന ഒരുവൾ പല കാരണങ്ങളാൽ നിശബ്ദമാക്കപ്പെടുന്നതിൻ്റെ വേവും കവിതകളിൽ ഓർമപ്പെടുത്തുന്നു.
"വൈക്കോൽപ്പാവ
പച്ചക്കും കത്തുമെന്ന്
പണ്ടേ കാട്ടിയോളാണ്
എരിഞ്ഞമർന്നേക്കും
ഒറ്റയടിക്ക് ആവലാതികൾ ....പരാതികൾ " എന്ന് വൈക്കോൽപ്പാവ എന്ന കവിത പറയുമ്പോൾ എവിടെയോ എരിഞ്ഞമരുന്ന സ്ത്രീ ജീവിതങ്ങൾ കവിതക്കകത്ത് കരയുന്നു.
ലോപയുടെ കവിതകളെ ജീവിതം പ്രണയം മരണം എന്ന് പേരിട്ട് വിളിക്കാം. പലപ്പോഴും ഒാരോ സ്ത്രീയും പേറുന്ന കനത്ത അനുഭവ ലോകത്തെ കവിത തുറന്നിടുമ്പോൾ അത് ജീവിതമെന്ന ഒറ്റവാക്കിൽ നിറയാതാവുന്നു. വൈക്കോൽപ്പാവകളായും നായികമാരായും നിറഞ്ഞാടുന്ന ഒരു പാട് ജീവിതങ്ങൾ കവിതയിൽ കരയുന്നു. കവിത ഒരു ലോകമായി പരന്ന് കാഴ്ചകൾ കൊണ്ട് നിറയുന്ന അനുഭവമാകുന്നു. നിരീക്ഷണങ്ങൾ കൊണ്ടും ശരികൾ കൊണ്ടും അളക്കുന്ന ജീവിതം എത്രയോ വ്യർത്ഥമെന്ന് കവി ഓർമപ്പെടുത്തുന്നു. നിഗൂഢമായ കവിതകൾക്ക് മുന്നിൽ കവി നിശ്ചലയാണ്. കവിത വരുന്ന വഴി പോലെ ജീവിതവും നിഗൂഢമാണെന്ന് കവിതകൾ പറയുമ്പോൾ കവി ഇതിലൊന്നുമല്ലാത്ത ഒരു ലോകത്ത് മാറി നിൽക്കുന്നു. തികച്ചും വ്യത്യസ്തമായ കവിതാവഴിയിലൂടെ ലോപ അമ്പരപ്പിക്കുമ്പോൾ വായനക്കാരൻ കവിതകളുടെ താളത്തിൽ പുതിയ ലോകങ്ങളിലേക്ക് സഞ്ചരിക്കുന്നു.