കവിതകൾ,- ശ്രീലേഖ എൽ. കെ
************
1.
ആൺ മഴ
******
മഴയിപ്പം
ദാക്ഷിണ്യമില്ലാതെ
പെയ്യുന്നോര് ആൺ മഴ.
കാഴ്ചകളെ ജനലിൽ
തളച്ചിട്ട്,
"ഇങ്ങോട്ടൊന്നും
മിണ്ടരുത് " ന്ന് മുരളുന്നു.
പുച്ഛത്തോടെ തെറിച്ചൊപ്പം
മുഖത്തു തുപ്പുന്നു.
മൂക്ക് ചീറ്റുന്നു.
വെയിൽ പാതിയിൽ
ഒരു മുറിവുണക്കാൻ
വെച്ചതിൽ പെയ്തങ്ങു
പഴുപ്പിക്കും പോലെ പെയ്യുന്നു.
മഴ, അത് ആൺമഴയാണ്
ഒരു ദാക്ഷിണ്യവുമില്ലാതെ
പെയ്യുന്നുണ്ട്.
2.
പോർട്രൈറ്റ്
******
നീ എന്നെ വരക്കുമ്പോൾ
മഷി തീരാതെ നോക്കണം
നിറങ്ങൾ മങ്ങിയത് മതിയാവും
മുനയൊടിഞ്ഞ പെൻസിൽ
അടയാളങ്ങളിടട്ടെ
ചിറക് പാടില്ല
പറന്നകന്നാലോ.
ചുരുണ്ടു പോയ ചുണ്ടുകൾ
ഇസ്തിരി വടിവിലുമാക്കരുത്
പറയാൻ പാതിയിൽ വെച്ചത്
പതിരായിത്തന്നിരിക്കട്ടെ...
3.
ജീവിതം
*****
ഓടി പോയൊരു
മേഘത്തിന്റെ നനവിൽ
അഹങ്കരിച്ച പച്ചപ്പ്
പിന്നെയൊരു
കണ്ണീരിൽ
പറയാതെ പറഞ്ഞു
നീ വരാതിരുന്നെങ്കിൽ ,
മണ്ണടരുകൾക്കിടയിൽ
വേരുകൾ മുള പൊട്ടുന്ന
ആലസ്യത്തിന്റെ
കാത്തിരിപ്പിൽ
തുടർന്നേനെ ഞാൻ
ഇപ്പോഴാണെങ്കിൽ
തളിരു പൊള്ളിയമർന്ന
നോവിൽ
മരണം പോലൊരു
മുരടിപ്പ് …
********
ശ്രീലേഖ എൽ കെ:
ഹയർ സെക്കന്ററി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക. കോഴിക്കോട് വടകര സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈൻ സൈറ്റുകളിലും കവിതകളും കഥകളും എഴുതാറുണ്ട്.
**********