കവിതകൾ - അജിത കെ.
**********
1.
പൂമുഖവാതിൽക്കൽ
ഒരു ഗൃഹനാഥൻ
**********
കുടിച്ചുകഴിഞ്ഞ
വെള്ളക്കുപ്പിപോലെ
"അടിയിലൊന്നുമില്ലല്ലോ"
നോക്കി തിരിച്ചുവയ്ക്കുന്ന
മുറ്റത്തെ ഒഴിഞ്ഞ ചെപ്പുകൾ
"ഇത്രയ്ക്കഹങ്കാരമോ"യെന്നു
തന്നെത്തന്നെപിടിക്കാൻ
വെള്ളമോ നിഴലോ ഇല്ലാതെ
ഛായാഗ്രാഹിണി അല്ലാതെ
അടിപൊളിഞ്ഞുപോയ
നീളൻ ബക്കറ്റ്
ചൂരൽ ചാരിൽ
ചന്ദനപ്പല്ലുകുത്തിയാൽ
പൂർവ്വകാലസ്മൃതികൾ
തൊട്ടെടുക്കാൻ
മിനക്കെടുന്ന
പല്ലുകൊഴിഞ്ഞ
ഒരു സിംഹരാജൻ
2.
പുലർവേളയിലംശുമാൻ
പൂർവദിങ്മുഖത്തിലുദിക്കവേ*
**********
രാവിലെനടത്തം
കഴിഞ്ഞു വരുമ്പോഴാണ്
നടുറോട്ടിൽ നായ
തൂറാനിരിക്കുന്നത്
കണ്ടത്.
എത്ര ലക്ഷം ചെലവ് ചെയ്തു
ണ്ടാക്കിയതാണ്!
ഈ നായിന്റെ മോൻ
എന്താണുദ്ദേശിക്കുന്നത്?
ഞാൻ ആലോചനയുടെ
ഓരത്തേക്കു നീങ്ങിനിന്നു
എന്താണിവറ്റയുടെ
ഉദ്ദേശ്യമെന്നു
പതിയെ തിരിയും
എന്നു തിരിഞ്ഞപ്പോഴാണ്
മറ്റൊരുത്തൻ ചെവിയും
ഗുഹ്യഭാഗവും ചൊറിഞ്ഞോണ്ട്
ഡിവൈഡറിന്റെ അടുത്ത്
അലസമായിരിക്കുന്ന
കാണുന്നത്
വലിയൊരു ഹോൺ
ചെവിയിൽ മുഴങ്ങിയിട്ടും
എഴുന്നേൽക്കാൻ
കൂട്ടാക്കാതെ വഴിച്ചൂട്
കളയാൻ മടിച്ച
മറ്റൊന്നിനെ
കണ്ടപ്പോഴാണ്
ഇവറ്റകളൊറ്റക്കെട്ടാണല്ലോ
എന്നുറക്കെച്ചിന്തിച്ചത്
പുരോഗമനത്തിനു
നേരെ പൃഷ്ഠം കാണിച്ചും
നാടിന്റെ വികസനപാതയിൽ
തൂറിവച്ചും വഴിമുടക്കിയും
ഇവർ പ്രതിഷേധിക്കുന്നത്
റോഡിൽ അരഞ്ഞുചേർന്നു
പ്രതിഷേധിച്ച ചോരയുടെ
വഴി മാറ്റിപ്പിടിക്കാനാണ്
എന്ന് ഏതു നായിന്റെ
മക്കൾക്കാണ് ഇനിയും
അറിയാത്തത്?
*കടപ്പാട്
3.
ഗതകബളിതമെന്റെ കർണ്ണയുഗ്‌മം *
**********
അതിനൂതനമല്ലാത്ത സൗണ്ട് റെക്കോർഡറും
എന്റെ ചെവികളും ഒരു പോലെ
ആദ്യം കേൾക്കുന്ന അനാവശ്യമായ
ശബ്ദത്തിനു പിന്നാലെ പോകുമത്
ക്ലാസ് എടുക്കുമ്പോൾ കുട്ടികളുടെ ചുണ്ടിന്
താഴെയുള്ള ശബ്ദം എന്നെ ദേഷ്യം പിടിപ്പിക്കും
കൊച്ചുവർത്താനം പറഞ്ഞുനിൽക്കുമ്പോഴോ
വഴിച്ചെരുപ്പിന്റെ നിരക്കം ആദ്യേ ചെവിയിൽ
വെബിനാറിലിരിക്കുമ്പോൾ അടുക്കളയിലെ
ടാപ്പിൽ നിന്നുമിറ്റുന്ന വെള്ളത്തിന്റെ ശബ്ദം
അടുക്കളയിൽ നിൽക്കുമ്പോഴാളാകട്ടെ
വഴിവാണിഭക്കാരന്റെ ഒച്ച കൂക്കും
ഫോണിൽ സംസാരിക്കുമ്പോൾ ഗേറ്റിൽ
പത്രം പിടിപ്പിക്കുന്ന കിരുക്കം
പത്രം തുറക്കുമ്പോളോടിയെത്തുമയൽ ഫോൺകിലുക്കം ഓൺറെക്കോർഡ്
വിവേകത്തിനു മുന്നേ പായുന്ന
വികാരവേഗം പോലെ ചെകിടോർമ്മകൾ
*വള്ളത്തോളിന്റെ ബധിരവിലാപത്തിന്റെ തുടക്കവരി
**********
അജിത കെ.
പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ താമസം
പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു
**********